ആ ചെങ്കദളി പൂവിന്റെ ഓർമ്മയ്ക്കായ്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

ഗാനാലാപനത്തെ ഇതിഹാസമാക്കുകയും മുക്കാൽ നൂറ്റാണ്ടുകാലം അതിലെ നായികയായിരിക്കുകയും ചെയ്ത ലതാ മങ്കേഷ്‌കർ അനുപമമായ സ്വരമാധുര്യത്തിന്റെ ഉടമയായിരുന്നു. മരണമില്ലാത്ത ഗാനങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ലത നാല് തലമുറകളുടെ ഗാനസാന്നിധ്യത്തിന്റെ ഭാഗമായി തീർന്നു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നാടിന്റെ സ്വരവസന്തമായി പുഷ്പിച്ചുനിന്ന ലത മങ്കേഷ്‌കർ ജനഹൃദയങ്ങളിൽ സമാനതകളില്ലാത്ത ആരാധനയുടെ സിംഹാസനം കരസ്ഥമാക്കി. മുപ്പത്തിയഞ്ച് ഭാഷകളിൽ മുപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ഭാരതത്തിന്റെ പ്രിയപ്പെട്ട ലതാജി സൃഷ്ടിച്ചത് ആഗോളവിജയമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം തിളച്ചുമറിയുന്ന 1942-ൽ പതിമൂന്നാം വയസ്സിൽ സിനിമാഗാനാലാപന രംഗത്തേക്ക് കടന്നുവന്ന ലതക്ക് പിന്നെയൊരു മടക്കമുണ്ടായത് വിശ്രമത്തിലേക്കായിരുന്നില്ല; മരണത്തിലേക്കായിരുന്നു. മറാത്തി നാടകരംഗത്തുനിന്ന് സിനിമാലോകത്ത് എത്തിയ ലത കിടയറ്റ പാട്ടുകാരിയായിതീർന്നത് ഇന്ത്യൻ സംഗീതരംഗം ആദരവോടെയും ആരാധനയോടെയുമാണ് കണ്ടുനിന്നത്. കഷ്ടത നിറഞ്ഞ ചെറുപ്പകാലത്തുനിന്ന് ജീവിതം ആരംഭിച്ച ലത പ്രാരാബ്ധങ്ങളും പ്രയാസങ്ങളും നീന്തിക്കയറിയാണ് പ്രശസ്തിയുടെയും നേട്ടങ്ങളുടെയും ലോകം പിടിച്ചെടുത്തത്. കഷ്ടപ്പാടിന്റെ കയ്പ്പുകാലത്തെക്കുറിച്ചുള്ള സ്മരണകൾ പച്ചയായി നിലകൊള്ളുന്നതുകൊണ്ടായിരിക്കാം മറ്റെന്തിനേക്കാളും, വിഷാദഭാവം ലതയുടെ ആലാപനത്തിൽ നിറഞ്ഞുനിന്നത്. സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ ശോകമായി നിലകൊള്ളുന്നത് അക്കാലത്തെ മിക്ക കലാകാരന്മാരുടെയും സ്ഥായീരൂപമായിരുന്നു. നാല് തലമുറകളിലെ സംഗീത സംവിധായകരിലും പാട്ടെഴുത്തുകാരിലും നടിമാരിലും ലതാ മങ്കേഷ്‌കർ അതുല്യമായ സാന്നിധ്യം സൃഷ്ടിച്ചു. നൗഷാദ് മുതൽ എ ആർ റഹ്മാൻ വരെയുള്ളവരുടെ ഗാനങ്ങളിൽ ലതയുടെ സ്വരം ഊർജ്ജമായി ജ്വലിച്ചുനിന്നു. ഗസൽ ചക്രവർത്തിയായിരുന്ന മദൻ മോഹൻ-ലതാ മങ്കേഷ്‌കർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ കൂടുതൽ ശ്രദ്ധേയമായി. ഹിന്ദി സിനിമാലോകത്ത് വിരഹത്തിന്റെയും വേർപാടിന്റെയും ഗീതങ്ങൾ പുതുരാഗങ്ങളായി പിറന്നത് ഇക്കാലത്താണ്. മനുഷ്യന്റെ വേദനകളും യാതനകളും ശോകത്തിലൂടെ ആവിഷ്‌കരിക്കാൻ സാധിച്ച അപൂർവ്വം ചില ഗായികമാരിൽ ഒരാളായിരുന്നു ലതാ മങ്കേഷ്‌കർ. ഒരുകാലത്ത് ലതയുടെ സ്വരമില്ലാത്ത ചിത്രങ്ങളെ സംബന്ധിച്ച് സംഗീത സംവിധായകർക്കോ നിർമ്മാതാക്കൾക്കോ ചിന്തിക്കാൻപോലും സാധ്യമല്ലായിരുന്നു. അത്രമാത്രം വിശ്രുതിയും ആരാധകരുമുള്ള ഗായികയായിരുന്നു ലത. ഇന്ത്യയുടെ വാനമ്പാടിയെന്ന് ലോകം വാഴ്ത്തുമ്പോഴും അത് ഈ വിശേഷണത്തിനപ്പുറമായിരുന്നു. കാലം വരദാനംപോലെ നൽകിയ പേരുകളായിരുന്നു മുഹമ്മദ് റഫിയും കിഷോർ കുമാറും മന്നാഡേയും മുകേഷുമൊക്കെ. പക്ഷെ സ്‌ത്രൈണസ്വരം ആലപിക്കുന്നതിൽ ഒരേയൊരു ലത മാത്രമായിരുന്നു മുന്നിട്ടുനിന്നത്. എന്നിട്ടും അവർക്കൊരു ദേശീയ അവാർഡ് ലഭിക്കാൻ 1990 വരെ കാത്തിരിക്കേണ്ടി വന്നു. ലതയുടെ കുറവുകൊണ്ടല്ലായിരുന്നു ഇങ്ങിനെ സംഭവിച്ചത്. നമ്മുടെ വിലയിരുത്തലിന്റെ വികലത കൊണ്ടായിരുന്നു. പതിറ്റാണ്ടുകൾ പലത് മുമ്പ് ‘ആജാരേ പർദേശി’ എന്ന മധുമതിയിലെ മനോഹരഗാനം ഹിന്ദി പ്രദേശങ്ങളിൽ മാത്രമല്ല, ഇന്ത്യക്ക് അകത്തും പുറത്തും സ്വർഗീയ സ്വരതരംഗങ്ങളായി മാറി. ഈ പാട്ടിന്റെ ശക്തിയും സൗന്ദര്യവും കൊണ്ടായിരിക്കണം മധുമതി ഏറ്റവും പ്രിയങ്കരമായ പത്ത് സിനിമകളിൽ ഒന്നായി തീർന്നത്. ആലാപനം കൊണ്ട് മാത്രമല്ല മധുമതി വിശ്രുതമായതെങ്കിലും അനേകം വിദഗ്ധ കരങ്ങളുടെകൂടി സർഗസംഗമമായിരുന്നത്. നിരവധി പ്രണയങ്ങൾക്കും പ്രണയ തകർച്ചകൾക്കും സ്വരം നൽകിയ ലതാ മങ്കേഷ്‌കർ ലോകമെങ്ങും ആരാധിക്കപ്പെടുന്ന പെൺസ്വരമാണ്. ക്രിക്കറ്റിലും ഹോക്കിയിലും മാത്രമല്ല, യുദ്ധത്തിലും ഇന്ത്യ തോൽക്കാൻ ആഗ്രഹിക്കുന്ന പാക്കിസ്ഥാൻപോലും ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിക്ക് മുന്നിൽ തോക്ക് താഴെവെക്കുന്നു. അവർ തങ്ങളുടെ നൂർജഹാനെപോലെ ചിലപ്പോൾ അതിലപ്പുറം ഇന്ത്യയുടെ പ്രിയപ്പെട്ട ഗായികയായ ലതാ മങ്കേഷ്‌കറിനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ‘കദളി, ചെങ്കദളി’ എന്ന വാക്കുകൾ പൂക്കളായി വിടരുന്ന പാട്ടിലൂടെ ലതാ മങ്കേഷ്‌കർ നമ്മുടെ കൊച്ചു മലയാളദേശത്തെയും അനുഗ്രഹിച്ചു. ലതാ മങ്കേഷ്‌കർ മരിച്ചെങ്കിലും മുപ്പതിനായിരത്തിലധികം ഗാനങ്ങളിലൂടെ കാലദേശാതീതമായി അവർ ജീവിക്കും. നിത്യഹരിതമായ ആ സ്വരമാധുര്യത്തിന് പ്രണാമം.

Related posts

Leave a Comment