പെഗാസസിന്റെ ചാരക്കണ്ണുകൾ ഇന്ത്യയിലും; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാജ്യത്തിന്റെ സുരക്ഷയും ജനതയുടെ വ്യക്തിപരമായ കാര്യങ്ങളും നിരീക്ഷണത്തിന് വിട്ടുകൊടുക്കുന്ന പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഇടപാട് ഹീനവും രാജ്യദ്രോഹപരവുമാണ്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനഭിമതരായ മാധ്യമ പ്രവർത്തകരുടെയും ഉടമകളുടെയും ഫോൺ ഇസ്രായേൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയത് ശരിവെച്ചുകൊണ്ടുള്ള വിവരം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്നതാണ്. ഇസ്രായേലുമായി കൂടുതൽ അടുപ്പം കാണിക്കുന്ന ഇന്ത്യയുടെ പുതിയ പെഗാസസ് സൗഹൃദം നേട്ടമല്ല, കോട്ടമാണ് സൃഷ്ടിക്കുക. രണ്ട് കേന്ദ്രമന്ത്രിമാരും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയടക്കം നാല് പ്രതിപക്ഷ നേതാക്കളും നാല്പതോളം മാധ്യമ പ്രവർത്തകരുമാണ് ചോർത്തലിന് ഇരയായിട്ടുള്ളത്. 2019-ൽ യു എന്നിൽ സാമൂഹ്യ-സാമ്പത്തിക കൗൺസിലിൽ ഇന്ത്യ ഇസ്രായേലിന് അനുകൂലമായി ചെയ്ത വോട്ട് ഈ ഇടപാടിന്റെ ഭാഗമായിട്ടായിരുന്നു. പലസ്തീനടക്കം വിവേചനത്തിനായി പോരാടുന്ന ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളോട് ഐക്യവും സൗഹാർദ്ദവും സ്ഥാപിച്ച ഇന്ത്യയുടെ പതിറ്റാണ്ടുകളായുള്ള വിദേശ നയങ്ങൾക്ക് വിരുദ്ധമായിരുന്നു ഇസ്രായേൽ അനുകൂല വോട്ട്. കഴിഞ്ഞ മേയ് മാസം യു എൻ മനുഷ്യാവകാശ കൗൺസിലിൽ ഗാസയെ സംബന്ധിച്ചുള്ള ഇസ്രായേൽ അതിക്രമങ്ങൾക്കെതിരായ പ്രമേയത്തിന്റെ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നതും ഇതിന്റെ ഭാഗംതന്നെ. വിവരങ്ങൾ ചോർത്തിയെന്ന് വിശ്വസിക്കുന്നവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി പെഗസസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പത്രം കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 2017-ൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവെച്ച പ്രതിരോധക്കരാറിന്റെ ഭാഗമായിരുന്നു പെഗസസ് ചാരസോഫ്റ്റ്‌വെയറും മിസൈൽ സംവിധാനങ്ങളും. പെഗസസിൽ മോദി സർക്കാർ എത്രമാത്രം ആകൃഷ്ടരായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ബജറ്റിൽ പെഗസസിന് നീക്കിവെച്ച തുക. 2016-17 വർഷത്തിൽ ഇത് 33 കോടിയായിരുന്നുവെങ്കിൽ 2017-18 ൽ 333 കോടി രൂപയാക്കി ഉയർത്തി. പത്തിരട്ടി വർധന. പെഗസസ് ഇടപാടിൽ മുന്നിലുണ്ടായിരുന്നത് സുരക്ഷാ സമിതിയായിരുന്നു. സർക്കാരിനും ഇതിൽ വലിയ പങ്കുണ്ടായിരുന്നു. പെഗസസ് വിവാദമായപ്പോൾ അന്വേഷണം നടത്താമെന്നറിയിച്ചുകൊണ്ട് സർക്കാർ മുന്നോട്ടുവന്നു. ഇത് തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഇസ്രായേൽ ബന്ധമുള്ള കരാറുകളെ കോൺഗ്രസ് സർക്കാരും യു പി എ സർക്കാരും എന്നും എതിർത്തിട്ടേയുള്ളൂ. എന്നാൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇത്തരം കരാറുകൾക്ക് പിന്നാലെ ഓടുകയായിരുന്നു മോദി. രവിശങ്കർ പ്രസാദ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇന്ത്യ പെഗസസ് വാങ്ങിയതും ഉപയോഗം തുടങ്ങിയതും. ഇന്ത്യക്ക് പുറത്തുള്ള ശത്രുരാജ്യങ്ങളുടെയും ഭീകര സംഘടനകളുടെയും വിവരങ്ങൾ ചോർത്തുന്നതിന് പകരം ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും രഹസ്യം ചോർത്തുകയായിരുന്നു മോദി സർക്കാരിന്റെ ലക്ഷ്യം. പെഗസസ് ഉപയോഗിച്ച് ഒരാളുടെ കമ്പ്യൂട്ടറിലും ഫോണിലും മൈക്രോഫോണും ക്യാമറയും സ്ഥാപിച്ച് വിവരങ്ങൾ ചോർത്താൻ സാധിക്കും. ചോർത്തുക മാത്രമല്ല, ഫോണിലും കമ്പ്യൂട്ടറിലും ഫയലുകളും വിവരങ്ങളും നിക്ഷേപിക്കാനും പെഗസസിന് സാധിക്കും. ഒരാളെ ദേശദ്രോഹിയാക്കുന്ന തരത്തിൽ ദേശദ്രോഹപരമായ വിവരങ്ങൾ ഭരണകൂടത്തിന് അനഭിമതരായവരും ഭീകരന്മാരാക്കി ചാപ്പകുത്തി ദ്രോഹിക്കാൻ ഇത്തരം ചാര സോഫ്റ്റ്‌വെയറുകൾ വഴി സാധിക്കും. രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിൽ വിവരം ചോർത്തലിന് വിധേയമായവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ തുടങ്ങിയ ലോകത്തെ പതിനാല് മാധ്യമങ്ങളിലൂടെ ഒരേസമയം പുറത്തുവിട്ട വിവരം അനുസരിച്ച് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളുടെയും സഹായികളുടെയും വിവരങ്ങൾ ചോർത്തിയത് അധാർമികവും ജനാധിപത്യവിരുദ്ധവുമായിരുന്നു. എന്നാൽ മോദി പ്രധാനമന്ത്രിയായ ഒരു രാജ്യത്ത് അതും അതിനപ്പുറവും സംഭവിക്കും. രാഷ്ട്രത്തിന്റെ എല്ലാ സ്തംഭങ്ങളും ഭരണാധികാരി രഹസ്യമായി നിരീക്ഷിക്കുന്ന അവസ്ഥ ഫാസിസത്തിന്റേതും സമഗ്രാധിപത്യത്തിന്റേതുമാണ്. പ്രത്യയശാസ്ത്ര അടിസ്ഥാനത്തിൽ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു സംഘടനയുടെ പിൻബലത്തിൽ സമഗ്രമായി സംഭവിക്കാവുന്നതാണ് ഇത്. സമ്പൂർണമായ അരാജകത്വവും സമ്പൂർണമായ ഏകാധിപത്യവും വിചിത്രമായി സമ്മേളിക്കുന്ന സാങ്കേതികവിദ്യയുടെ ഒരു അത്ഭുതമാണ് പെഗസസ് ഉണ്ടാക്കിയിരിക്കുന്നത്. സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ആശയങ്ങൾ മധുരം പൊതിഞ്ഞ് ജനങ്ങളെ ഭക്ഷിക്കാൻ പ്രേരിപ്പിക്കുമ്പോൾ ഫാസിസ്റ്റ് അടിച്ചമർത്തലിന് അവകാശികളായി അധീശ വർഗവും ഉണ്ടാകും. ജനാധിപത്യത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും സ്വാതന്ത്ര്യത്തിന്റെ അതിരില്ലാത്ത വിഹായസ്സുമാണ് പെഗസസ് പോലുള്ള ചാരപ്രവർത്തനങ്ങൾ തടയുന്നത്.

Related posts

Leave a Comment