ധീരന്മാർക്ക് പ്രണാമം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

ഊട്ടിയിലെ കൂനൂരിൽ സൈനിക ഹെലികോപ്ടർ തകർന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയുമടക്കം 13 പേർ മരണപ്പെട്ടത് അതീവ ദുഃഖകരമാണ്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിംഗ്ടൺ കന്റോൺമെന്റിലെ ഡിഫൻസ് സർവീസ് കോളജിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറിൽ ബിപിൻ റാവത്തിനൊപ്പം ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദർ, ലഫ്റ്റനന്റ് കേണൽ ഹർജീന്ദ്ര സിംഗ്, നായിക്മാരായ ഗുരുദേവ സിംഗ്, ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക്കുമാർ, സായി സോജ, ഹവിൽദാർ സദ്പാൽ തുടങ്ങിയവർ മരണപ്പെട്ടു. ആദ്യം 11 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചിരുന്നത്. അപകടത്തെ സംബന്ധിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡൽഹിയിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗവും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗവും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. രാജ്യത്തെ ആദ്യത്തെ സംയുക്തസേന തലവനായ ബിപിൻ റാവത്ത് അപകടത്തിൽപ്പെടുന്നത് രണ്ടാംതവണയാണ്. 2015-ൽ നാഗാലാന്റിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകട കാരണം മോശം കാലാവസ്ഥയും മൂടൽമഞ്ഞുമാണെന്നാണ് ആദ്യ നിഗമനമെങ്കിലും ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറും പരിശോധിക്കേണ്ടതായുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എം ഐ 17 വി5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. കുറ്റമറ്റ സാങ്കേതിക മികവുള്ള ഈ ഹെലികോപ്ടറുകളാണ് വി വി ഐ പികളുടെ യാത്രക്ക് ഉപയോഗിക്കുന്നത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും. 80 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു റാവത്തിന്റെ മൃതദേഹമെന്ന് ആദ്യ റിപ്പോർട്ടിൽ പറയുന്നു. ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടത്. അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. ഈ മേഖലയിൽ മൂന്നുദിവസമായി കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംയുക്തസേനാ മേധാവിയെപ്പോലുള്ള വി വി ഐ പികൾ സഞ്ചരിക്കുമ്പോൾ നടത്താറുള്ള അന്തരീക്ഷ നിരീക്ഷണവും പ്രോട്ടോകോളും പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. ഇത് വ്യക്തമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും നിലനിൽക്കും. ഔദ്യോഗിക കേന്ദ്രത്തിൽ നിന്നല്ലാതെ മറ്റൊരിടത്തുനിന്നും കിട്ടുന്ന വാർത്തകൾ വിശ്വസനീയമായിരിക്കില്ല. ഇതുവരെ ഇന്ത്യൻ സൈന്യത്തിൽ ഇല്ലാത്തൊരു പദവി സൃഷ്ടിച്ചുകൊണ്ടാണ് സംയുക്തസേനാ മേധാവിയായി ബിപിൻ റാവത്ത് ഉയർത്തപ്പെട്ടത്. രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവിയാണിത്.
മിക്ക മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഡി എൻ എ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാവൂ. ഹെലികോപ്ടർ അന്തരീക്ഷത്തിൽ തീഗോളങ്ങൾ സൃഷ്ടിച്ച് പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത് പ്രദേശവാസികളായിരുന്നു. പിന്നീടാണ് പ്രാദേശിക സൈന്യവിഭാഗവും പൊലീസും മറ്റും എത്തുന്നത്. മരണപ്പെട്ടത് സൈനിക മേധാവിയും മറ്റ് സൈനിക ഉദ്യോഗസ്ഥരുമായതുകൊണ്ട് സ്ഥിരീകരിക്കാൻ വൈകിയിരുന്നു.
അറുപത്തിമൂന്നുകാരനായ ബിപിൻ റാവത്ത് രാജ്യത്തെ ഒന്നാമത്തെ സൈനിക പദവിയിലെത്തുന്നത് 2020 ജനുവരി ഒന്നിനായിരുന്നു. സൈന്യത്തെ നവീകരിക്കുന്നതിലും നവീന ആയുധങ്ങൾ ശേഖരിക്കുന്നതിലും അതീവശ്രദ്ധാലുവായിരുന്നു അദ്ദേഹം. ഇരുപത്തിയാറാമത് കരസേനാ മേധാവി പദവിയിൽ നിന്നാണ് അദ്ദേഹം സംയുക്തസേനാ മേധാവി പദത്തിലെത്തുന്നത്. ലെഫ്റ്റനന്റ് ജനറലായിരുന്ന പിതാവ് ലക്ഷ്മൺ സിംഗ് റാവത്തിന്റെ പാത പിന്തുടർന്നുകൊണ്ടായിരുന്നു ബിപിൻ റാവത്ത് ഇന്ത്യൻ ആർമിയിൽ ചേരുന്നത്. ഇത്തരമൊരു അന്ത്യം ദാരുണമാണ്. അദ്ദേഹത്തോടൊപ്പം ജീവിതത്തിലെ സഹയാത്രികയായ ഭാര്യയും മറ്റ് പത്തോളം സഹപ്രവർത്തകരും മരണപ്പെട്ടത് ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. അപകടത്തെ സംബന്ധിച്ച ആശങ്കയും ഉത്കണ്ഠയും രാജ്യമാകെ പടരുകയാണ്. അതിനാൽ സത്വരമായ അന്വേഷണം നടത്തി പിഴവ് കണ്ടെത്തണം. രാജ്യാതിർത്തിയിൽ ദിനംതോറും നമ്മുടെ സൈനികർ മരണപ്പെടുമ്പോൾ റാവത്തിനെപ്പോലെ ദീർഘപരിചയമുള്ള സൈനിക മേധാവികൾ ഇല്ലാതാവുന്നത് രാഷ്ട്രത്തിന് വലിയ നഷ്ടവും നാശവും സൃഷ്ടിക്കും. രാജ്യം പങ്കുവെയ്ക്കുന്ന വ്യസനത്തിലും റാവത്ത് അടക്കമുള്ള മരണപ്പെട്ട സൈനികരുടെ കുടുംബത്തിനുള്ള ദുഃഖത്തിലും പങ്കുചേരുന്നു. സൈന്യനായകനും സഹപ്രവർത്തകർക്കും ബിഗ് സല്യൂട്ട്.

Related posts

Leave a Comment