ഇനിയും ലഭിക്കാത്ത നീതിക്കായി മധുവിന്റെ കുടുംബം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു, ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരണപ്പെട്ട കേസ് അട്ടിമറിക്കപ്പെടുകയാണ്. നാല് വർഷമായിട്ടും വിചാരണ തുടങ്ങാൻ സാധിക്കാത്ത കേസിൽ പ്രതികളും സർക്കാരും ഒത്തുകളിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവുകപോലുമുണ്ടായില്ല. ഇത് കേസിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണ്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിന് അനേകം ദൃക്‌സാക്ഷികളുണ്ടായിട്ടും അനന്തമായി കേസ് നീട്ടിക്കൊണ്ടുപോയത് അധികൃതരുടെ ശുഷ്‌കാന്തിയില്ലായ്മ കാരണമാണ്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആരോഗ്യകാരണങ്ങളാൽ കേസിന് ഹാജരാകാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയത് സംശയാസ്പദമാണ്. കേരളമാകെ ശക്തമായ പ്രതിഷേധം സൃഷ്ടിച്ച് മധു കൊലപാതക കേസ് ഇത്തരത്തിൽ അട്ടിമറിക്കപ്പെടുന്നത് വേദനാജനകമാണ്. തുടക്കം മുതൽ കേസിലെ നിയമ നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. സംഭവം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. അതുതന്നെ മധുവിന്റെ അമ്മ മല്ലികയുടെ പരാതിയെ തുടർന്നായിരുന്നു. പ്രോസിക്യൂഷന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും മറ്റും സർക്കാർ ഭാഗത്തുനിന്ന് വലിയ നിസ്സഹകരണമാണ് ഉണ്ടായിരുന്നത്. ഇതേതുടർന്ന് അദ്ദേഹം രാജിവെച്ചു. വി ടി രഘുനാഥിനെ നിയമിച്ചിട്ടും സമാന അനുഭവങ്ങൾ ആവർത്തിക്കപ്പെട്ടു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് കേസിന് ഹാജരാവാതിരിക്കുകയാണ്. കേസിൽ പ്രതികളുടെ ഭാഗത്ത് വൻ സമ്മർദ്ദമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേസിന് തുമ്പില്ലാതാക്കാൻ പ്രതികൾ മധുവിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പണം വാങ്ങാൻ അവർ വിസമ്മതിച്ചപ്പോൾ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതിപ്പെടുകയുണ്ടായി. മുഖംമൂടി ധരിച്ചെത്തിയ ഒരുകൂട്ടം ആളുകൾ ഭീഷണിപ്പെടുത്തിയതായി മധുവിന്റെ സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
2018-ൽ കുറ്റപത്രം സമർപ്പിച്ച കേസ് ഇതിന് മുൻപും പലതവണ മാറ്റിവെച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് പ്രോസിക്യൂഷന്റെ പ്രതിനിധി ഹാജരായത്. മറ്റ് അവസരങ്ങളിലൊക്കെ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. കണ്ണിന്റെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞ് മാറിനിന്ന് അദ്ദേഹം ഇപ്പോൾ കേസ് ചുമതലയിൽ നിന്ന് ഒഴിയുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിരിക്കയാണ്. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിക്കുന്നതിന് മുൻപുള്ള നടപടികളും പൂർത്തിയാക്കിയിട്ടില്ല. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ഇത് പൂർത്തിയാക്കേണ്ടതായിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഒഴിവാകുന്നതിനുള്ള കത്ത് നൽകിയിട്ടും സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്താത്തത് കേസ് അട്ടിമറിക്കുന്നതിൽ സർക്കാരിനുള്ള പങ്കാണ് വ്യക്തമാക്കുന്നത്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. മോഷണം ആരോപിച്ച് ഒരുകൂട്ടം ആളുകൾ യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. കേസിൽ 16 പ്രതികളാണുള്ളത്. അവരൊക്കെ ജാമ്യത്തിലിറങ്ങി കേസ് അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. പൊലീസ് നേരത്തെ തയ്യാറാക്കിയ കുറ്റപത്രം ദുർബലവും അപൂർണവുമായിരുന്നു. ഇതേതുടർന്ന് ക്രൈംബ്രാഞ്ച് എസ് പി വിശദമായ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. മൂവായിരം പേജുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടത്തേണ്ടത്. ദാരുണമായ ഈ കൊലപാതകത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും ദളിത് സംഘടനകളും ആക്ടിവിസ്റ്റുകളും നിശിതമായി അപലപിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. സോഷ്യൽമീഡിയയിൽ മധുവിന് അനുകൂലമായ സഹതാപതംരഗം ഉയർന്നിരുന്നു. മാസങ്ങൾ പിന്നിട്ടപ്പോൾ അതൊക്കെ പതുക്കെ കെട്ടടങ്ങുകയും പ്രതികൾക്ക് അനുകൂലമായ നിലപാട് ഉയരുകയും ചെയ്തു. മധുവിന്റെ കുടുംബത്തിന് ഭീതികൂടാതെ കഴിയാനുള്ള സാഹചര്യംപോലും ഇല്ലാതായിരിക്കയാണ്. നിർദ്ദയം വധിക്കപ്പെട്ട ആദിവാസി യുവാവിനോടുള്ള സഹതാപം കേസിലകപ്പെട്ടവരോടുള്ള അനുതാപമായി മാറിയിരിക്കയാണ്.

Related posts

Leave a Comment