ഇന്ന് ഇന്ത്യാഗേറ്റ്, നാളെ രാജ്ഘട്ട്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

ചരിത്രം തിരുത്തിയെഴുതുക എല്ലാകാലത്തും ഏകാധിപതികളുടെ ശൈലിയാണ്. നാടിന്റെ ചരിത്രം ആരംഭിക്കുന്നത് എന്നിൽനിന്നാണെന്ന് സ്ഥാപിക്കയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നതും അതേശൈലിയാണ്. ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുവേണ്ടി ദീർഘകാലം നീണ്ടുനിന്ന സമരം നടത്തിയിരുന്നുവെന്നും അതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു നേതൃത്വം നൽകിയിരുന്നതെന്നുമുള്ള യാഥാർത്ഥ്യത്തെയാണ് സംഘ്പരിവാർ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റുന്നത്. ഇന്ത്യയുടെ മഹത്തായ പൂർവ്വകാല ചരിത്രത്തെ സമ്പൂർണമായി തുടച്ചുമാറ്റി തങ്ങളുടെ തത്വശാസ്ത്രങ്ങൾക്കും രീതിശാസ്ത്രത്തിനും അനുസരിച്ച് അപനിർമ്മാണം ചെയ്യുകയാണ് അവരുടെ ലക്ഷ്യം. കോൺഗ്രസ് സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളെ തമസ്‌കരിച്ചുകൊണ്ടായിരുന്നു മോദി ഭരണത്തിന്റെ തുടക്കം. പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കിയതും ചരിത്ര പഠന ഗവേഷണ സ്ഥാപനങ്ങൾ സംഘപരിവാർ സംഘടനകൾക്ക് യഥേഷ്ടം മേയാൻ വിട്ടതും ഇതിന്റെ ഭാഗംതന്നെ. ഗാന്ധിജിയെയും നെഹ്‌റുവിനെയും ഇന്ത്യാചരിത്രത്തിന്റെ അമരത്തുനിന്ന് നീക്കം ചെയ്യാനും അവരുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര മുദ്രകളെയും തിരസ്‌കരിക്കാനും ബി ജെ പി ഭരണകൂടം നടപടി സ്വീകരിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണകളുറങ്ങുന്ന തീൻമൂർത്തി ഭവനിൽ നെഹ്‌റുവിന്റെ പ്രാധാന്യം ഇല്ലാതാക്കി ബി ജെ പിയുടെ പ്രഖ്യാപിത നയമായ കോൺഗ്രസ്മുക്ത ഭാരതം നടപ്പാക്കിക്കൊണ്ടിരിക്കയാണ്. ഏതൊരു രാജ്യത്തും രണധീരന്മാരുടെ സ്മാരകത്തെ ആദരിക്കാൻ വേണ്ടി സ്മൃതി മണ്ഡപങ്ങൾ സ്ഥാപിക്കാറുണ്ട്. ഡൽഹി രാജ്പഥിലെ ഇന്ത്യാഗേറ്റ് എന്ന സ്മാരകം ഏതൊരു ദേശസ്‌നേഹിയെയും അഭിമാനംകൊള്ളിക്കുന്നതാണ്. ഒന്നാംലോകമഹായുദ്ധത്തിൽ പങ്കെടുത്ത തൊണ്ണൂറായിരം ജവാന്മാരുടെ ഓർമ്മക്കായി നിർമ്മിച്ച വാർ മെമ്മോറിയലും 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ വീരചരമമടഞ്ഞ ജവാന്മാരുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച കെടാജ്വാല മാറ്റിയതും മോദി സർക്കാരിന്റെ രാജ്യദ്രോഹ നടപടിയായിരുന്നു. അരനൂറ്റാണ്ടുകാലം അണയാതെ കാത്ത ഒരു ജ്വാല മാറ്റുന്നതിലൂടെ എന്ത് ദേശസ്‌നേഹ സന്ദേശമാണ് കേന്ദ്രസർക്കാർ നൽകുന്നത്. പാർലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും രാഷ്ട്രപതി ഭവന്റെയും പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇന്ത്യാഗേറ്റിന്റെ പ്രൗഢിയും ഗാംഭീര്യവും വർധിപ്പിക്കുന്നതായിരുന്നു മഹാജ്വാല. ഇരുപതിനായിരം കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ പാർലമെന്റ് കെട്ടിടത്തിന് വേണ്ടിയായിരിക്കാം ഈ പരിഷ്‌കാരം മോദി സർക്കാർ നടപ്പാക്കുന്നത്. ഇന്ന് അമർജ്യോതിയാണ് അണയ്ക്കുന്നതെങ്കിൽ നാളെ ഇന്ത്യാഗേറ്റും തകർക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധസ്മാരകമാണ് ഇന്ത്യാഗേറ്റ്. റിപ്പബ്ലിക്ദിനത്തിൽ പ്രധാനമന്ത്രി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തയ ശേഷമാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാറുള്ളത്. പല രാജ്യങ്ങളിലും അജ്ഞാത സൈനികരുടെ സ്മാരകങ്ങളുയർത്തി അതിനെ ആദരിക്കുന്ന പതിവുണ്ട്. അത്തരമൊരു സ്മാരകത്തെയാണ് ഇന്ത്യാ ഗവൺമെന്റ് അപമാനിക്കുന്നത്. അമർജവാൻ ജ്യോതി കൊളുത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമം ആ ഫലകത്തിൽ നിന്ന് നീക്കംചെയ്യാൻ വേണ്ടി മാത്രമാണ്. ഇന്ത്യാഗേറ്റിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും പൗരസമൂഹത്തിന്റെ പ്രതിഷേധങ്ങളുടെ വേദികൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധസ്മാരകമായ ഇന്ത്യാഗേറ്റ്. ഇന്ത്യയുടെ സൈനിക ശക്തിയുടെയും സൈനിക സ്വാശ്രയത്വത്തിന്റെയും പ്രതീകമായ ഇന്ത്യാ ഗേറ്റും അമർജവാൻ ജ്യോതിയും ഇല്ലായ്മ ചെയ്യുന്ന നാളുകൾ യാദൃശ്ചികമായിരിക്കില്ല. കോൺഗ്രസും സ്വാതന്ത്ര്യസമര പ്രസ്ഥാനവും സഹിച്ച ത്യാഗങ്ങളാണ് ഇത്തരം സ്മാരകങ്ങളിലൂടെ ഓരോ തലമുറക്കും കാണാപാഠമായി തീരുന്നത്. കുടിലമായ രാഷ്ട്രീയ ചിന്തകളാൽ അതിനെ തകർക്കുന്ന രീതിയാണ് മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ദേശീയ യുദ്ധസ്മാരകങ്ങൾക്ക് മറ്റ് രാജ്യങ്ങൾ നൽകുന്ന ആദരവും വിശുദ്ധിയും മോദി ഭരണകൂടം തിരസ്‌കരിക്കുകയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത കോൺഗ്രസിനെയും രാഷ്ട്രപിതാവ് ഗാന്ധിജിയെയും രാഷ്ട്രശില്പി നെഹ്‌റുവിനെയും അപഹസിക്കുന്ന സംഘ്പരിവാർ രാജ്ഘട്ടിലെ ഗാന്ധിസ്മാരകം പൊളിച്ചുനീക്കി അവിടെ ഗോഡ്‌സെയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്യുന്ന നാൾ വിദൂരമായിരിക്കില്ല.

Related posts

Leave a Comment