പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

വീടിന് തീപിടിക്കുമ്പോൾ വാഴ വെട്ടുന്ന കള്ളന്മാരെപ്പോലെയാണ് കോവിഡ് കാലത്ത് സർക്കാരും മരുന്ന് കമ്പനികളും ഇടനിലക്കാരും നടത്തിയ വൻ തട്ടിപ്പുകൾ. പ്രളയ-കോവിഡ് ദുരിതാശ്വാസ ക്യാമ്പുകളുടെയും സമൂഹ അടുക്കളകളുടെയും മറവിൽ സംഘടിത കൊള്ളയാണ് നടന്നിട്ടുള്ളത്. അടുക്കള കൊള്ള അണികൾ നടത്തുമ്പോൾ നേതാക്കൾ ഖജനാവ് ചോർത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരിൽ നിന്ന് ശമ്പളം നിർബന്ധമായി പിടിച്ചെടുത്തവർ കുട്ടികളുടെ നാണയശേഖരവും വീട്ടമ്മയുടെ ആടിനെ വിറ്റ കാശും പിരിച്ചെടുത്ത് പിരിവിന് വലിയ പ്രചാരണം നടത്തി. കാക്കനാട് ട്രഷറിയിൽ ലക്ഷങ്ങളുടെ കൊള്ള നടത്തിയ എൻ ജി ഒ യൂണിയൻ നേതാവും സി പി എം പ്രാദേശിക നേതൃത്വവും പ്രതിക്കൂട്ടിലായി.
കോവിഡ്-പ്രളയകാലം പണക്കൊയ്ത്തിന്റെ കാലമാക്കി സി പി എം മാറ്റുകയായിരുന്നു. അതിനുപുറമെയാണ് കോവിഡ് പ്രതിരോധത്തിനും മറ്റ് സുരക്ഷാ സാധനങ്ങളും വാങ്ങുന്നതിലുള്ള വൻതട്ടിപ്പ് പുറത്തായത്. ജനങ്ങൾ മഹാമാരിയിൽപ്പെട്ട് ജീവനും ജീവിതവും സംരക്ഷിക്കാൻ പോരാട്ടം നടത്തുമ്പോഴാണ് ഭരണകൂടം പെരുംകൊള്ള നടത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെ മറയാക്കിയായിരുന്നു വൻകൊള്ള നടത്തിയത്. 400-450 രൂപ വിലയുള്ള പി പി ഇ കിറ്റ് 1800-2000 രൂപ വിലയിലാണ് സ്വകാര്യ കമ്പനിയിൽ നിന്നും വാങ്ങിയത്. വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലാത്ത ആ സമയത്ത് പി പി ഇ കിറ്റിന് വൻ ഡിമാന്റായിരുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങിയ മാസ്‌ക് അടക്കമുള്ള സാധനങ്ങൾക്ക് നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ പർച്ചേസ് രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുകയായിരുന്നു. 224 ഓളം കമ്പനികളിൽ നിന്ന് ഇത്തരത്തിൽ മെഡിക്കൽ കോർപ്പറേഷൻ കിറ്റും മറ്റ് സാധനങ്ങളും വാങ്ങിയിട്ടുണ്ട്. പ്രശസ്ത കമ്പനികൾ മുതൽ കടലാസ് കമ്പനികൾ വരെ ഇക്കൂട്ടത്തിലുണ്ട്. മഹാമാരിക്കാലത്ത് ഇത്തരം വൻതട്ടിപ്പുകളെക്കുറിച്ച് വിവാദമുണ്ടാക്കിയാൽ സമൂഹം കുറ്റപ്പെടുത്തുമെന്ന ഭീതിയിൽ മാധ്യമങ്ങളടക്കം മൗനംപാലിക്കുകയായിരുന്നു. മെഡിക്കൽ കോർപ്പറേഷൻ പകുതിവില മുൻകൂറായി നൽകിയായിരുന്നു പർച്ചേസ് നടത്താറുള്ളതെങ്കിലും ഇത്തവണ മുഴുവൻ തുകയും മുൻകൂറായി നൽകിയായിരുന്നു സാധനങ്ങൾ വാങ്ങിയത്. ചില കമ്പനികളിൽ നിന്ന് കിറ്റ് വാങ്ങിയത് കുറഞ്ഞ വിലയ്ക്കും മറ്റ് കമ്പനികളിൽ നിന്ന് വാങ്ങിയത് അഞ്ചിരട്ടി കൂടുതൽ തുക കൊടുത്തുമാണ്. ടീച്ചറമ്മ കോവിഡിനെതിരെയുള്ള ഫ്‌ളോറൻസ് നൈറ്റിംഗേലായി വിശേഷിപ്പിക്കപ്പെടുമ്പോഴാണ് തന്റെ വകുപ്പിൽ വൻകൊള്ള നടന്നത്. മരുന്നും മറ്റ് സാമഗ്രികളും വാങ്ങുന്നതിൽ വൻ കമ്മീഷനും ആനുകൂല്യങ്ങളും ആരോഗ്യവകുപ്പ് കൈപ്പറ്റുന്ന ആരോപണം ഇതിന് മുമ്പ് ടീച്ചറമ്മ മന്ത്രിയായിരിക്കുമ്പോഴും നടന്നിട്ടുണ്ട്. കോവിഡിന്റെ കാലത്ത് പ്രധാനമായും മൂന്ന് കമ്പനികളിൽ നിന്നായിരുന്നു പർച്ചേസ് നടത്തിയിരുന്നത്. ഉപകരണങ്ങൾക്കും കിറ്റിനും ഡിമാന്റ് വർധിച്ചപ്പോൾ നാട്ടിലുള്ള മുഴുവൻ കമ്പനികളുമായും പർച്ചേസിംഗ് നടത്തുകയും യഥാർത്ഥ വിലയിൽ നിന്ന് അധികം വരുന്ന തുക മരുന്ന് കമ്പനികളും മെഡിക്കൽ സർവീസസ് കോർപ്പറേഷനും പങ്കുവെയ്ക്കുകയായിരുന്നു. മാർക്കറ്റിൽ കിറ്റിന്റെ വില വളരെ താണതാണെന്നറിഞ്ഞിട്ടും മെഡിക്കൽ കോർപ്പറേഷൻ മാറി മാറി ഓർഡർ നൽകുകയായിരുന്നു. കമ്മീഷന്റെ ശതമാനം കൂടുംതോറും കമ്പനികളുടെ എണ്ണവും വിലയും വർധിക്കുകയായിരുന്നു. അനേകം കോടികളുടെ പർച്ചേസിംഗാണ് ഇക്കാലത്ത് നടന്നിട്ടുള്ളത്. വർധിച്ച തുകയും കമ്മീഷൻ തുകയും പോയത് ഏതുവഴിക്കാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനറിയാം. അവർ നിർദ്ദേശിച്ച സ്ഥലത്തുതന്നെ പണം എത്തുകയും ചെയ്തിട്ടുണ്ട്. തെർമോമീറ്റർ, സിറിഞ്ച്, ഫെയ്‌സ്ഷീൽഡ്, ഹീമോഫീലിയക്കുള്ള ഗുളികകൾ എന്നിവയും വാങ്ങിക്കൂട്ടിയ സാധനങ്ങളിൽപ്പെടും. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളിൽ പലതും നിലവാരമില്ലാത്തതായിരുന്നു. പാർട്ടിയിലും ഭരണത്തിലുമിരിക്കുന്ന നേതാക്കളുടെ അടുത്ത ബന്ധുക്കളാണ് ആരോഗ്യരംഗത്തെ മുഴുവൻ പർച്ചേസിംഗിനും ഇടനിലക്കാരായി പ്രവർത്തിച്ചത്. രാജ്യമെങ്ങും കോവിഡ് പടരുമ്പോൾ ഇടനിലക്കാരും മരുന്ന് കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും വിലപേശാതെയും ഗുണനിലവാരം പരിഗണിക്കാതെയും വാങ്ങൽ പ്രക്രിയ തുടരുകയായിരുന്നു. ദുരന്തങ്ങളും മരണങ്ങളും ആഘോഷമാക്കുന്ന കഴുകന്മാരെപ്പോലെയും കുറുനരികളെപ്പോലെയും ശവം കൊത്തിപ്പറിക്കുകയും കടിച്ചുപറിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് അന്നും ഇന്നും ആരോഗ്യവകുപ്പിൽ നടക്കുന്നത്. കോവിഡ് മൂന്നാംതരംഗത്തിലേക്ക് പ്രവേശിക്കുമ്പോൾ ജനം ആശങ്കയിലാണ്. അതേസമയം ഇടനിലക്കാരും അധികാര കേന്ദ്രങ്ങളും പാർട്ടി പ്രമുഖരും ‘കോവിഡ് ജഡം’ പങ്കുവെയ്ക്കുകയാണ്.

Related posts

Leave a Comment