സാംസ്‌കാരിക നായകർ പരിധിക്ക് പുറത്താണ്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

ഒരു ജനതയെ രണ്ടായി പിളർക്കുന്ന കാലം പലതരത്തിലുള്ള മതിലുകൾ മനുഷ്യന്റെ മനസ്സിലും മണ്ണിന്റെ മാറിലും വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. രാജ്യത്തിന്റെ അതിരുകൾ അടയാളപ്പെടുത്തുന്നതിനോ ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിനോ പുറംലോകത്തെ അകറ്റി നിർത്തുന്നതിനോ ആയിരുന്നു പുരാതനകാലത്ത് കോട്ടകൊത്തളങ്ങളും മതിലുകളും സൃഷ്ടിച്ചിരുന്നത്. കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ഭയന്ന് രാജ്യങ്ങൾ തങ്ങളുടെ അതിർത്തികളിൽ മതിൽ നിർമ്മിച്ചിട്ടുണ്ട്. ബി സി അഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ ഉയർന്ന വൻമതിലാണ് ഇതിൽ പ്രധാനം. യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മയ്ക്കായി രാഷ്ട്രങ്ങൾ മതിലുകൾ പണിയാറുണ്ട്. ഹോമറിന്റെ കാലത്ത് വടക്കുപടിഞ്ഞാറൻ തുർക്കിയിലെ അതിരുകളിൽ പണിത ട്രോയി മതിലുകൾ, ഏതാണ്ട് ഇതേ കാലത്ത് റോമാക്കാർ പണിത ഹാസ്രിയൻ മതിൽ, വിയറ്റ്‌നാം യുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മരണക്കായി വാഷിംഗ്ടൺ ഡിസിയിൽ അമേരിക്ക പണികഴിപ്പിച്ച വിയറ്റ്‌നാം വെറ്ററൻസ് മെമ്മോറിയൽ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമനികളെ പിളർത്തിക്കൊണ്ട് രൂപംകൊണ്ട ബർലിൻ മതിൽ എന്നിവയാണ് ഇതിൽ പ്രധാനം. ബർലിൻ മതിൽ കമ്മ്യൂണിസത്തോടൊപ്പം തകർന്നുവീണു. പിന്നീട് നാം മതിലുകൾ കാണുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രസീലിന്റെ അതിരുകളിൽ കുടിയേറ്റക്കാരെ തടയാൻ ശ്രമിച്ച മതിലുകളാണ്. ജനതയുടെ സ്വാതന്ത്ര്യബോധത്തിൽ മതിലുകൾ മൺചിറകളാണെന്നും വിമോചന പോരാട്ടത്തിൽ അവ അലിഞ്ഞുതീരുമെന്നും കാലം തെളിയിച്ചിട്ടുണ്ട്.
കുന്നിടിച്ചും വയൽ നികത്തിയുമുള്ള വികസനഭ്രാന്താണ് കേരളത്തെ ഇപ്പോൾ ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കെ റെയിൽ പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങളെ വേരോടെ പിഴുതെറിയുമ്പോൾ മണ്ണിനും മനുഷ്യനും വേണ്ടി എഴുതുകയും പാടുകയും അഭിനയിക്കുകയും ചെയ്ത സാംസ്‌കാരിക നായകരും കവികളും ബുദ്ധജീവികളുമൊക്കെ പ്രതികരണത്തിൽ നിന്നും പ്രതിഷേധത്തിൽ നിന്നും സ്വയം ക്വാറന്റൈൻ പ്രഖ്യാപിച്ചുകൊണ്ട് അകലത്തിലാണ്. വായും മൂക്കും മാത്രമല്ല കണ്ണും കാതും മൂടുന്ന പ്രത്യേക മാസ്‌കാണ് അവർ ധരിച്ചിരിക്കുന്നത്. മേടകളെ മാത്രമല്ല, ഓടകളിൽ ജീവിക്കുന്നവരുടെ കിടപ്പാടങ്ങളും തൊഴിലും തൊഴിലിടങ്ങളും കെ റെയിൽ എന്ന ഭീകരപ്പിശാച് വിഴുങ്ങുമ്പോൾ മൗനംപാലിച്ചിരിക്കുന്ന സാംസ്‌കാരിക ലോകം സ്വയംതീർത്ത ഷണ്ഡത്വത്തിലാണ്. സ്വയം അപകടപ്പെടാൻ മനസ്സില്ലാത്ത ഈ ബുദ്ധിജീവികൾ സഹജാതരായ മനുഷ്യരെക്കുറിച്ചല്ല ചിന്തിക്കുന്നത്. വിവിധ അക്കാദമികളെയും അവാർഡുകളെയും കുറിച്ചുള്ള അന്തികിനാവുകളിൽ അഭിരമിക്കയാണ്. അക്കാദമികളുടെ പുനഃസംഘടനാ വേളയിൽ രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞ് ഭരണകൂടം നൽകുന്ന കീർത്തിപത്രം നഷ്ടപ്പെടുത്താൻ അവർ തയ്യാറല്ല. മുൻകാലങ്ങളിൽ കായലിൽ മീൻ ചത്താൽ, വയലേലകളിൽ തവള ചത്താൽ പ്രകൃതി സ്‌നേഹത്തിന്റെ കടലാസിൽ പ്രതികരണത്തിന്റെ ചുവന്ന മഷിനിറച്ച് കൂട്ടകയ്യൊപ്പുകൾ ചാർത്തി പ്രതിഷേധിക്കാറുള്ള സാംസ്‌കാരിക നായകന്മാർ കേൾവിയുടെയും കാഴ്ചയുടെയും റേഞ്ചില്ലാതെ പരിധിക്ക് പുറത്താണ്. അക്കാദമിക് രംഗത്തെ ബുദ്ധിജീവികളും പ്രതികരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും അവധി പ്രഖ്യാപിച്ച് ‘വർക്ക് ഫ്രം ഹോം’ എന്ന നിലയിലാണ്. മൃഗശിക്ഷകരായ രാഷ്ട്രീയ യജമാനന്മാരുടെ ചാട്ടയടിക്ക് അനുസരിച്ച് ചാടുകയും ആടുകയും ചെയ്യുന്ന സർക്കസ് മൃഗങ്ങളായി ഇവർ മാറിയിരിക്കുന്നു. കേരളത്തിന്റെ കണ്ഠവും നെഞ്ചും വയറും പിളർത്തുകൊണ്ട് മതിലുകളും തൂണുകളും തുരങ്കങ്ങളും ഉയരുകയും രണ്ട് കേരളമായി തീരുകയും ചെയ്യുമ്പോൾ മൗനംകൊണ്ട് ഭരണകൂടത്തിന് സ്തുതികീർത്തനം ചൊല്ലുന്ന അവസരവാദകൂട്ടമായി നമ്മുടെ സാംസ്‌കാരിക ലോകം മാറിയിരിക്കുന്നു. വന്ധീകരണം ചെയ്യപ്പെട്ട ഇവരുടെ പ്രതികരണ ശേഷിക്ക് ഇവർതന്നെ എഴുതിയ വാക്കുകളാൽ ചരമഗീതം ചൊല്ലാം. കെ റെയിൽ എന്നത് ഭരണകൂടത്തിന്റെ ചതിയാണെന്ന് നാഴികമണി മുഴക്കുന്ന നന്മയുടെ പൂമരമായിരുന്ന സാംസ്‌കാരിക നായകർ ഇപ്പോൾ കണ്ണാടിക്കൂട്ടിലെ വർണമത്സ്യങ്ങളാണ്. അത് അതിഥി മുറികളെ അലങ്കരിക്കുക മാത്രമേ ചെയ്യാറുള്ളൂ.

Related posts

Leave a Comment