സി പി എം ചീറ്റുന്ന വർഗീയവിഷം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും അവസരം നൽകാത്ത പാർട്ടിയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന യാഥാർത്ഥ്യങ്ങൾക്കും ചരിത്രത്തിനും നിരക്കാത്തതാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും രാഷ്ട്രീയ പദവികളിലും ഭരണസ്ഥാനങ്ങളിലും വലിയ പരിഗണന നൽകിയ ഏക പാർട്ടി കോൺഗ്രസ് മാത്രമാണ്. മുസ്‌ലിം, ക്രൈസ്തവ, സിഖ്, പാഴ്‌സി വിഭാഗങ്ങൾ എന്നും കോൺഗ്രസിനോട് ചേർന്നുനിന്നത് കോൺഗ്രസ് അവർക്ക് നൽകിയ പരിരക്ഷ കാരണമായിരുന്നു. ഇന്ത്യയിലെ സമുന്നതരായ ന്യൂനപക്ഷ നേതാക്കളും ദളിത് നേതാക്കളും കോൺഗ്രസ് രാഷ്ട്രീയത്തിൽ പിച്ചവെച്ച് വളർന്നവരാണ്. അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റ്സ്ഥാനം അലങ്കരിച്ച മഹാരാഷ്ട്രക്കാരനായ ആദ്യത്തെ മുസ്‌ലിം ബദറുദ്ദീൻതായ് ബാജിയിൽ നിന്ന് ഈ പരമ്പര ആരംഭിക്കുന്നു. 1885-ൽ കോൺഗ്രസ് രൂപീകരിച്ച് മൂന്നാംവർഷമാണ് തായ്ബാജി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. പിന്നീട് റഹ്മത്തുള്ള സയാനി, സയ്യിദ് മുഹമ്മദ് ബഹാദൂർ, സയ്യിദ് ഹസൻ ഇമാം, ഹക്കിം അജ്മൽഖാൻ, മുഹമ്മദലി ജൗഹർ, അബുൾകലാം ആസാദ്, എം എ അൻസാരി എന്നിവർ കോൺഗ്രസ് അധ്യക്ഷ പദവി അലങ്കരിച്ച മുസ്‌ലിം നേതാക്കളായിരുന്നു. ആദ്യത്തെ മുസ്‌ലിം രാഷ്ട്രപതിയായ സക്കീർ ഹുസൈനെയും ഫക്രുദ്ദീൻ അലി അഹമ്മദിനെയും നിയമിച്ചത് കോൺഗ്രസ് ആയിരുന്നു. സിഖുകാരനായ സെയിൽസിംഗിനെയും ദളിത് വിഭാഗത്തിൽപ്പെട്ട കെ ആർ നാരായണനെയും രാഷ്ട്രപതി എന്ന അത്യുന്നത പദവിയിൽ അവരോധിച്ചത് കോൺഗ്രസ് ആയിരുന്നു. പത്തുവർഷക്കാലം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ വാഴിച്ചതും കോൺഗ്രസ് തന്നെ. നിരവധി മുസ്‌ലിം നേതാക്കളെ വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി നിയമിക്കാൻ കോൺഗ്രസ് യാതൊരു വിവേചനവും കാണിച്ചിട്ടില്ല. അൻവറ ടൈമൂർ (അസം) ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രിയായിരുന്നു. അബ്ദുൾ ഗഫൂർ (ബീഹാർ) എ ആർ ആന്തുലെ (മഹാരാഷ്ട്ര) ബർക്കത്തുള്ള ഖാൻ (രാജസ്ഥാൻ) എം ഒ എച്ച് ഫാറൂഖ് (പോണ്ടിച്ചേരി) എന്നിവർ കോൺഗ്രസ് ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പടവുകൾ കയറിയാണ് മുഖ്യമന്ത്രിമാരായത്. സുപ്രീംകോടതിയിലെ ആദ്യത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസായി നിയമിതനായ മുഹമ്മദ് ഹിദായത്തുള്ള പിന്നീട് ഉപരാഷ്ട്രപതിയുമായി. ഇന്ത്യൻ സൈനിക മേധാവിയായ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതഹസ്‌നൈൻ നിയമിതനായത് കോൺഗ്രസ് ഭരണകാലത്താണ്. ദേശീയതലത്തിൽ അത്യുന്നത പദവികളിൽ ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി സമൂഹങ്ങളെയും കൈപിടിച്ചുയർത്തിയ കോൺഗ്രസിനെ ചരിത്രജ്ഞാനമില്ലാത്ത സി പി എം അധിക്ഷേപിക്കുന്നത് പരിഹാസ്യമാണ്. തിരു-കൊച്ചിയിലെ ആദ്യത്തെ ഈഴവ മുഖ്യമന്ത്രിയാകാൻ സി കേശവന് വാതിൽ തുറന്നുകൊടുത്തതും കോൺഗ്രസ് തന്നെ. ഐക്യകേരളം രൂപംകൊണ്ടതിന് ശേഷം ആദ്യത്തെ കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയുമായി ഈഴവ സമുദായത്തിൽപ്പെട്ട ആർ ശങ്കറിനെ നിർദ്ദേശിച്ചതും കോൺഗ്രസ് തന്നെ. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഒട്ടനവധി മുസ്‌ലിം നേതാക്കളുണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, ഹസ്സൻകോയ മൊല്ല, പി കെ മൊയ്തീൻകുട്ടി, ടി ഒ ബാവ, എം എം ഹസ്സൻ തുടങ്ങിയവർ ആ പദവിയിലിരുന്നവരാണ്. മൂന്നുതവണ മുഖ്യമന്ത്രിയായ എ കെ ആന്റണിയും രണ്ടുതവണ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ്.
വർഗീയവിഷം ചീറ്റുന്ന കോടിയേരിയുടെയും പിണറായിയുടെയും ലക്ഷ്യം ന്യൂനപക്ഷങ്ങളെ കോൺഗ്രസിന്റെ ശത്രുക്കളാക്കി മാറ്റുകയാണ്. ഇത്രയേറെ ന്യൂനപക്ഷ പ്രേമം നടിക്കുന്ന സി പി എമ്മിന് ഒരു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടയാളെ പാർട്ടി സെക്രട്ടറി സ്ഥാനത്തോ മുഖ്യമന്ത്രി പദവിയിലോ നിയമിക്കാൻ സാധിച്ചിട്ടില്ല. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽവന്നാൽ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഭരണമായിരിക്കും അതെന്ന് പ്രചാരണം നടത്തിയ സി പി എം, ആർ എസ് എസിനേക്കാൾ അപകടകാരികളായ വർഗീയ വൈറസുകളാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി നടത്തിയ വർഗീയ പ്രചാരണത്തിന് തുല്യമാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നടപടി. കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന പ്രചരണമായിരുന്നു ബി ജെ പി അഴിച്ചുവിട്ടത്.

Related posts

Leave a Comment