Featured
ഏഴ് ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
കോട്ടയം: ഏഴ് മാസമായി മാധ്യമങ്ങളെ കാണാതെ ഇന്ന് പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് യു.ഡി.എഫ് ഉന്നയിക്കുന്ന ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏഴ് ചോദ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
1. മാസപ്പടി വിവാദത്തില്‍ ഇന്‍കം ടാക്സ് ഇന്ററീം സെറ്റില്‍മെന്റ് ഫോറത്തിന്റെ വിധി അനുസരിച്ച് ഒരു സര്‍വീസും നല്‍കാതെ മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ 1.72 കോടി രൂപ എക്സാലോജിക് കമ്പനിക്ക് നല്‍കിയത് അഴിമതിയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സിനെ കൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ട്? വിജിലന്‍സ് സംബന്ധിച്ച നിയമം മുഖ്യന്ത്രിക്ക് ബാധകമല്ലേ?
2. 70 കോടിയില്‍ താഴെ തീര്‍ക്കാമായിരുന്ന എ.ഐ ക്യാമറ പദ്ധതിയില്‍ 180 കോടിയിലധികം ചെലവഴിക്കുകയും മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും?
3. 1028 കോടിയുടെ കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം 1531 കോടിയാക്കി വര്‍ധിപ്പിക്കുകയും ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ മറികടക്കുകയും ചൈനീസ് കേബിള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങിയതും സംബന്ധിച്ച ക്രമക്കേടുകള്‍ നിലനില്ക്കുകയും പ്രസാഡിയോയുടെ ഇടപെടല്‍ ദുരൂഹമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് അന്വേഷണത്തിന് തയാറാകാത്തത്?
4. കോവിഡ് മഹാമാരിയുടെ കാലത്ത് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ലംഘിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വഴി പി.പി.ഇ കിറ്റ്, ഗൗസ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതിലെ അഴിമതിക്ക് മുഖ്യമന്ത്രി എന്തുകൊണ്ടാണ് അംഗീകാരം നല്‍കിയത്.
5. മുഖ്യമന്ത്രി ചെയര്‍മാനായി ലൈഫ് മിഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ മുടങ്ങിപ്പോയത് എന്തുകൊണ്ട്? ചെയര്‍മാനായ മുഖ്യമന്ത്രിക്ക് അഴിമതിയില്‍ ഉത്തരവാദിത്തമില്ലേ?
6. കേരള പൊലീസ് ഇരട്ട നീതിയാണ് കാട്ടുന്നത്. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് പോക്സോ കേസ് പ്രതിയെ മാറ്റി മറ്റൊരാളെ നല്‍കിയതില്‍ പാര്‍ട്ടി മാത്രമാണ് നടപടി എടുത്തത്. എന്തുകൊണ്ടാണ് കേസെടുക്കാത്തത്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ തൃശൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെയും കേസെടുക്കാത്തത് എന്തുകൊണ്ടാണ്? ആലപ്പുഴയിലും അരഡസനിലേറെ നേതാക്കളാണ് സ്ത്രീ, ലഹരി വിഷയങ്ങളില്‍ പെട്ടുകിടക്കുന്നത്. അവര്‍ക്കെതിരെ പാര്‍ട്ടി മാത്രം നടപടി എടുത്താല്‍ മതിയോ? പാര്‍ട്ടിയാണോ പൊലീസ് സ്റ്റേഷനും കോടതിയും? ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?
7. ഓണക്കാലമായിട്ടും രൂക്ഷമായ വിലക്കയറ്റവും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല, കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു, സപ്ലൈകോ അടച്ചു പൂട്ടല്‍ ഭിഷണിയിലും കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയിലുമാണ്. 87 ലക്ഷം പേര്‍ക്ക് കിറ്റ് കൊടുക്കുമെന്ന് പറഞ്ഞവര്‍ 6 ലക്ഷ പേര്‍ക്കായി ചുരുക്കി. ഓണക്കാലത്ത് ജന ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറുപടിയില്ലേ?
പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മിണ്ടാത്ത മുഖ്യമന്ത്രിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ വോട്ടര്‍മാരോടെങ്കിലും മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞേ മതിയാകൂ. പ്രതിപക്ഷം എന്തുചെയ്തെന്ന ചോദ്യത്തിന്, ആരോപണങ്ങള്‍ ഉന്നയിച്ച് മറുപടി പറയാന്‍ പറ്റാത്തരീതിയില്‍ മുഖ്യമന്ത്രിയുടെ വാ അടപ്പിച്ചുവെന്നതാണ് ഉത്തരം. വായടപ്പിച്ച അതേ പ്രതിപക്ഷം തന്നെ മുഖ്യമന്ത്രിയുടെ വാ തുറക്കാനുള്ള സമ്മര്‍ദ്ദമാണ് ഏഴ് ചേദ്യങ്ങളിലൂടെ ചെലുത്തുന്നത്. ഉത്തരം പറയാന്‍ തയാറായില്ലെങ്കില്‍ ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് കരുതേണ്ടി വരും. സ്വന്തം കുടുംബത്തിനെതിരെ പോലും ആരോപണം ഉയര്‍ന്നിട്ടും ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പേരാണ് പിണറായി വിജയനുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു തന്നെ ജില്ലയിലെ സി.പി.എം നേതാവ് ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും എതിരെ പ്രചരണം ആരംഭിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായപ്പോള്‍ ഇനി പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞ എം.എം മണിക്കെതിരെ നടപടി എടുക്കണം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് എന്തെങ്കിലും വിലയുണ്ടോയെന്ന് അറിയട്ടെ. പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണോ എം.എം മണി ഇങ്ങനെ പറഞ്ഞത്?
അതോ ഗോവിന്ദന് ഒരു കാര്യവുമില്ലേ? വാ പോയ കോടാലി പോലെയാണ് എം.എം മണി ചീത്ത പറയാന്‍ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ മലയാള ഭാഷയ്ക്ക് സംഭാവന നല്കിയ വാക്കാണ് ‘പരനാറി’. അതേ വാക്കാണ് എം.എം മണിയും ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകരെ പോലും സി.പി.എം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുകയാണ്. മാസപ്പടി വിവാദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മനോരമയിലെ ജോമി തോമസിനെയും കുടുംബത്തെയും ഇപ്പോള്‍ ആക്രമിക്കുന്നു. ഇത്രയും ഹീനമായ ആക്രമണം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും മക്കളും എന്ത് തെറ്റാണ് ചെയ്തത്. അവരെ എന്തിനാണ് ആക്രമിക്കുന്നത്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എല്ലാം നോക്കിക്കാണുന്നുണ്ട്. സി.പി.എം കാട്ടുന്ന ഹീനമായ മാര്‍ഗങ്ങള്‍ക്ക് മറുപടി നല്കാന് പുതുപ്പള്ളിയിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് സി.പി.എം ഇതുവരെ പറഞ്ഞിരുന്നത്. സി.പി.എം ഏരിയാ കമ്മിറ്റിക്കും ജില്ലാ- സംസ്ഥാന നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ട്. തട്ടിപ്പ് സംബന്ധിച്ച പരാതി വര്‍ഷങ്ങള്‍ക്ക് മുന്‍പെ പാര്‍ട്ടിക്ക് മുന്‍പാകെ വന്നിട്ടും നടപടിയെടുക്കാന്‍ ശ്രമിക്കാതെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ത്ത് കൊള്ളയടിക്കാനുള്ള അവസരം സി.പി.എം ഒരുക്കിക്കൊടുത്തു. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഒഴിഞ്ഞ് മാറാനാകില്ല. ഇക്കാര്യം പുറത്ത് വരണം. അന്വേഷണം ജീവനക്കാരില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനെതിരായ കള്ളക്കേസില്‍ ഇ.ഡി അന്വേഷിക്കുന്നത് കുഴപ്പമില്ലെന്ന് പറഞ്ഞവര്‍ സി.പി.എം നേതാക്കള്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നത് എന്തിനാണ്? ഇതിനൊക്കെയുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. കരുവന്നൂരില്‍ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് എ.സി മൊയ്തീന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
ഹെല്‍മറ്റ് വയ്ക്കാത്തവരെ പിടിക്കുന്ന പൊലീസ് ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ഡി.വൈ.എഫ്.ഐക്കാരെ പിടിച്ചാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പൊലീസുകാരെ വിരട്ടും. തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സെക്രട്ടറി പൊലീസിനെ പരസ്യമായി പുലഭ്യം പറഞ്ഞു. ഒരു കുട്ടിയെ അന്യായമായി അറസ്റ്റ് ചെയ്തതിന് പൊലീസ് സ്റ്റേഷനിലെത്തിയ റോജി എം. ജോണ്‍ എം.എല്‍.എയ്ക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷെ പൊലീസുകാരെ അസഭ്യം പറഞ്ഞ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ എം.എല്‍.എയ്ക്കെതിരെ കേസില്ല. അങ്ങനെയെങ്കില്‍ സി.പി.എമ്മുകാര്‍ക്ക് ഹെല്‍മറ്റ് ബാധകമല്ലെന്ന സര്‍ക്കുലര്‍ ഇറക്കണം. ഇതൊക്കെ അനീതിയാണ്. കേരള പൊലീസിനെ ഏറ്റവും ദുര്‍ബലമാക്കുന്നതിന്റെ ഉദാഹരണമാണിത്. പാര്‍ട്ടി നേതാക്കള്‍ക്ക് ദാസ്യവേല ചെയ്യുന്ന സംവിധാനമാക്കി പൊലീസിനെ മാറ്റി. കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി വിദ്യാര്‍ത്ഥകള്‍ക്ക് പഠിക്കാനുള്ള നിലവാരത്തിലുള്ളതാണോയെന്ന് അറിയില്ല. പക്ഷെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സി.പി.എമ്മുകാര്‍ തന്നെ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ നിര്‍ബന്ധമായും പഠിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു പ്രസക്തിയാണ് ശൈലജയുടെ ആത്മകഥയ്ക്കുള്ളതെന്ന് സര്‍ക്കാരും സര്‍വകലാശാലയുമാണ് വ്യക്തമാക്കേണ്ടത്. 9 സര്‍വകലാശാലകളില്‍ വി.സിമാരും 66 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ല. രണ്ട് ലക്ഷം രൂപ നല്കിയാല് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചന്തയില്‍ നിന്നും വാങ്ങാനാകും. ഇതൊന്നും കൂടാതെയാണ് എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്.
സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്തിന് പിന്നാലെയാണ് ഇത്തരം പുസ്തകങ്ങള്‍ കൂടി പഠിപ്പിക്കുന്നത്. സി.പി.എം- ബി.ജെ.പി ധാരണയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ കേസെടുക്കാത്തത്. കെ.സുധാകരനെതിരെ ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കെണി ഒരുക്കിക്കൊടുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് നല്കിയ പണം സര്‍വീസിന് വേണ്ടിയാണെന്ന് പറഞ്ഞിരിക്കുന്നത്. ബി.ജെ.പിയും പിണറായിയും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് ഇക്കാര്യം ഇ.ഡി അന്വേഷിക്കാത്തത്. അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയിലെത്തും. ശിവശങ്കര്‍ വരെ ജയിലിലായിട്ടും ലൈഫ് മിഷന് ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ ഒരു അന്വേഷണവും ഉണ്ടായില്ല. ഇതൊക്കെ ധാരണയാണ്. മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷം കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും കാര്യമല്ല, സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞത്. സപ്ലൈകോയില്‍ ഒരു സാധനവുമില്ലെന്ന പ്രതിപക്ഷ ആരോപണം യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായില്ലേ? ഒണത്തിന് സപ്ലൈകോ 750 കോടി ആവശ്യപ്പെട്ടിട്ട് 70 കോടി മാത്രമാണ് നല്‍കിയത്. പെന്ഷന് പരിഷ്ക്കരണം നടത്തിയെങ്കിലും ആ പണം വാങ്ങാതെ 77000 പേരാണ് മരിച്ചു പോയത്. ആറ് ഡി.എയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. സംസ്ഥാന ചരിത്രത്തില്‍ ഇത്രയും ഡി.എ കുടിശിക ഉണ്ടായിട്ടില്ല. കെട്ടിട നിര്മ്മാണ് തൊഴിലാളി ക്ഷേമനിധി തകര്‍ന്നു. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള സഹായമായ ആശ്വാസ കിരണവും മാസങ്ങളായി നല്‍കുന്നില്ല.
ട്രഷറിയില്‍ 5 ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകള്‍ മാറാനാകില്ല. ഓട പണിയാനുള്ള പണം പോലും നല്കാന് സാധിക്കാത്തവരാണ് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള ജി.എസ്.ടി വിഹിതവും കമ്മിയുടെ ഡെഫിസിറ്റായ 53000 കേടിയും സംസ്ഥാനത്തിന് ലഭിച്ചു. കിഫ്ബിയുടെയും പെന്ഷന് ഫണ്ടിന്റെയും പേരില്‍ എടുത്ത പണമാണ് ഇപ്പോള്‍ കടമെടുപ്പിന്റെ പരിധി കുറച്ചത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് പ്രതിപക്ഷം നേരത്തെ തന്നെ നല്‍കിയിരുന്നതാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സത്യമായിരിക്കുകയാണ്. തോമസ് ഐസക്കിന്റെ കാലത്ത് തോന്നിയതു പോലെ കടം വാങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അടുത്ത സര്‍ക്കാര്‍ യു.ഡി.എഫിന്റേതാകുമെന്ന് കരുതിയാണ് പരിധിവിട്ട് കടമെടുത്തത്. യു.ഡി.എഫായിരുന്ന അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ ഈ പ്രതിസന്ധിയെ മറികടന്നേനെ. നികുതി പരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. പക്ഷെ ധൂര്‍ത്തിന് മാത്രം ഒരു കുറവുമില്ല. ഇതെല്ലാം മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് മുഖ്യമന്ത്രി മാറി നില്ക്കുകയാണോ? അതുകൊണ്ടാണോ ഒന്നും അറിയാത്ത രീതിയില്‍ നില്‍ക്കുന്നത്.
Alappuzha
താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില് ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.
Featured
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.
ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള് കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.
Featured
ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി പിന്നീട്
നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.രണ്ടാം പ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അപര്യാപ്തതയാണ് കാരണം. മൂന്നാം പ്രതി അമ്മാവന് കുറ്റക്കാരന്‍. തെളിവ് നശിപ്പിച്ചു എന്ന കുറ്റം. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.
ഗ്രീഷ്മ നല്കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login