ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാരം: കേരളത്തിൽ സ്റ്റാലിൻ ഭരണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വയനാട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ നടന്ന മരം മുറി കേസിന്റെ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന്റെ പേരിൽ സെക്രട്ടറിയേറ്റിലെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയെടുക്കാൻ കേരളത്തിൽ സ്റ്റാലിന്റെ ഭരണമാണോ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം രേഖകൾ കൊടുത്ത ഇൻഫർമേഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയുമായ വനിതാ ഉദ്യോഗസ്ഥയെ ഈ കേസിൽ ആരോപണ വിധേയനായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിർബന്ധിത ലീവ് എടുപ്പിച്ചു. ഇതിന് പുറമേ, റവന്യൂ അഡീഷണൽ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ ബെൻസിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി. പാർലമെന്റ് പാസാക്കിയ നിയമമാണ് വിവരാവകാശ നിയമം. അത് പ്രകാരം ചോദ്യങ്ങൾ വന്നാൽ ഉദ്യോഗസ്ഥർക്ക് മറുപടി നൽകേണ്ടിവരും. ആ ആക്ട് പ്രകാരം രേഖകൾ നൽകിയതിന് അവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാൻ എന്ത് അധികാരമാണ് ഈ സർക്കാരിനുള്ളത്. ഇടതുസർക്കാരിന്റെ അഴിമതികളെക്കുറിച്ചുള്ള ഫയലുകൾ പുറത്തുപോയാൽ ഇതായിരിക്കും അനുഭവമെന്ന് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇപ്പോഴത്തെ ഈ പ്രതികാര നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരം മുറി സംബന്ധിച്ചുള്ള ഫയലുകളെല്ലാം വിളിച്ചുവരുത്തി റവന്യൂ മന്ത്രി ഈ രഹസ്യങ്ങളെല്ലാം പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നോയെന്ന് സർക്കാർ വ്യക്തമാക്കണം. മോദിയുടെ ഭരണത്തിന്റെ അതേ വഴിയിലൂടെയാണ് സംസ്ഥാന ഭരണം മുന്നോട്ടുപോകുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. മരം മുറി കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട രേഖകൾ പുറത്തുവന്നിട്ടുണ്ട്. അന്നത്തെ റവന്യൂ, വനം മന്ത്രിമാർക്ക് പൂർണമായ ഉത്തരവാദിത്വം ഉണ്ടെന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. എന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കമുള്ളവർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന അദ്ദേഹം പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരെയുള്ള പീഡന പരമ്പരകളാണ് പുറത്തുവരുന്നത്. വണ്ടിപ്പെരിയാറിലും വടകരയിലും കാസർകോടുമെല്ലാം നടന്നത് വടക്കേന്ത്യയിലെ ഉൾഗ്രാമങ്ങളിൽ മാത്രം നേരത്തെ കേട്ടിരുന്ന ക്രൂരതയുള്ള പീഡന കുറ്റകൃത്യങ്ങളാണ്. നമുക്കൊപ്പം ജീവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം നൽകാൻ കഴിഞ്ഞില്ലെങ്കിൽ സമൂഹത്തിനൊന്നാകെ തലതാഴ്‌ത്തേണ്ടിവരും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ശ്രദ്ധപതിപ്പിക്കണം. ലഹരിമരുന്നിന്റെ ഉപയോഗമാണ് കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിന് പിന്നിലെന്നും സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേര് പിഴുതെറിയാൻ സർക്കാർ അടിയന്തര ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കണക്കുകളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പൊതുസമൂഹം ഉയർത്തുന്ന ലളിതമായ ചോദ്യങ്ങൾക്ക് പോലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറുപടി പറയുന്നില്ല. പരാതി കൊടുത്താൽ മരണക്കണക്കിൽപ്പെടുത്താമെന്ന ആരോഗ്യമന്ത്രിയുടെ വാദം അമ്പരപ്പിക്കുന്നതാണ്. തങ്ങളുടെ ബന്ധുക്കൾ മരണപ്പട്ടികയിൽ ഉണ്ടോയെന്ന് അറിയാത്തവർ എങ്ങനെ പരാതി നൽകാനാണ്. അതിനാൽ, ഇതുവരെയുണ്ടായ മുഴുവൻ കോവിഡ് മരണങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment