പഠനത്തെ കഉറിച്ചുളള ആവലാതി പങ്ക് വെച്ച് കൊച്ചുമിടുക്കൻ , ഫോൺ വിളിച്ച് സംസാരിച്ച് പ്രതിപക്ഷ നേതാവ്

വയനാട്: പഠനത്തെക്കുറിച്ചുളള ആവലാതികൾ പങ്ക് വെച്ചുളള കൊച്ചു മിടുക്കന്റെ വീഡിയോ സന്ദേശമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നത്. വയനാട് സ്വദേശി അഭയ് കൃഷ്ണയാണ് വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത്. നിരന്തരമായി അസൈൻമെന്റ് കൊടുക്കുന്ന ടീച്ചർമാരോടുളള അഭയ്യുടെ അപേക്ഷയാണ് വീഡിയോയിൽ. കോവിഡ് മഹാമാരി മൂലം പഠനം ഓൺലൈനായതോടെ വിദ്യാർത്ഥികൾക്കുണ്ടായ മാനസിക സം​ഘർഷങ്ങളുടെ ശബ്ദം കൂടിയാണ് അഭയ് കൃഷ്ണയുടേത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ തരം​ഗമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫോണിൽ വിളിച്ച് സംസാരിക്കുകയും അഭയ് കൃഷ്ണന്റെ പരാതീനതകൾ കേൾക്കുകയും പ്രശ്നം വിളിച്ച് പറയാൻ കാണിച്ച നീക്കത്തെ അനുമോദിക്കുകയും ചെയ്തു. അഭയ് കൃഷ്ണയുമായി നടത്തിയ സംവാദത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അതേയ് കേരളത്തിലെ ടീച്ചർ മാരേ, ഈ കൊച്ചു മിടുക്കൻ പറയുന്നതൊന്നു കേട്ടോളൂ. ഇന്നലെ ഈ മിടുമിടുക്കനോട് ഞാൻ സംസാരിച്ചു. അഭയ് കൃഷ്ണയെന്നാണ് പേര്. ആറാം ക്ളാസിലാ പഠിക്കുന്നത്. വയനാട് ചേലോട് HIM യു.പി.സ്ക്കൂളിൽ. ചോദ്യം കേട്ടല്ലോ! എന്താ ടീച്ചർമാരേ , ഈ പഠിത്തം , പഠിത്തം എന്നു വെച്ചാൽ? ഇങ്ങനെ എഴുതാൻ അസൈൻമെന്റ് തരരുതേ … ഇതാണ് അഭയ് പറയുന്നത്. പഠിക്കാൻ ഇഷ്ടമാണെന്നു പറയുന്ന അഭയ് കൃഷ്ണയുടെ വാക്കുകളിലുണ്ട് ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിൽ തന്നെയായി , സ്ക്കൂളിലും പോകാനാകാതെ , കളിക്കാൻ പോകാനുമാകാതെ, കൂട്ടുകാർക്കൊപ്പം കുറുമ്പുകാട്ടാനാകാതെ കുടുങ്ങിയ നമ്മുടെ കുഞ്ഞുങ്ങളുടെ മുഴുവൻ വേവലാതി. ടീച്ചറും സ്കൂളും പരീക്ഷയും അസൈൻമെന്റും എല്ലാം ഒരു മൊബയ്ൽ ഫോണിലേക്ക് ഒതുങ്ങി. എന്താ പാവം കുഞ്ഞുങ്ങൾ ചെയ്യുക? എന്നിട്ടും അഭയ് കൃഷ്ണയെ പോലുള്ള കുഞ്ഞോമനകൾ പുതിയ സാഹചര്യവുമായിട്ട് ഇണങ്ങി. എത്ര നല്ല കുഞ്ഞുങ്ങളായാണ് അവർ നാടിന്റെ സ്ഥിതിക്കൊപ്പം പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്തത്. നമുക്ക് ഈ കഠിനകാലത്ത് അവർക്കൊപ്പം നിൽക്കാം – കൂട്ടായും കരുതലായും.
എന്നാലും എന്റെ ടീച്ചർമാരേ ഇത്രയധികം അസൈൻമെന്റൊന്നും കൊടുക്കല്ലേ, ഒരു പാട് പഠിച്ചും എഴുതിയും മടുത്തുന്ന് കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കണേ !
കുവൈറ്റിൽ ജോലി ചെയ്യുന്ന ഗിരീഷിന്റേയും ഹനുഷയുടെയും മകനാണ് അഭയ് കൃഷ്ണ . സ്നേഹം , ആശംസകൾ പ്രിയപ്പെട്ട അഭയ് . ഇനി വയനാട്ടിൽ വരുമ്പോൾ നേരിട്ടു കാണാം .

Related posts

Leave a Comment