രക്ഷാപ്രവർത്തനത്തിന് പ്രൊട്ടോകോള്‍ ഇല്ലാത്ത ഏക സംസ്ഥാനം കേരളം; കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. മറ്റ് രാജ്യങ്ങളുടെ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടി പരിശോധിക്കുന്നതിനുള്ള സംവിധാനം കേരളത്തിൽ ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്ന് പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിന് മറുപടിയായി റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞു.ഒടുവിലുണ്ടായ പ്രകൃതി ദുരന്തത്തിലെ വീഴ്ചകള്‍ ഉയർത്തിക്കാട്ടി നിയമസഭയിൽ സർക്കാറിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രതിപക്ഷം. കൃത്യസമയത്ത് മുന്നറിയിപ്പു നൽകാത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ദുരന്ത സമയത്ത് സർക്കാർ ജീവനക്കാർ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് നിൽക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു.  ദുരന്തം നടക്കുമ്പോൾ ദുരന്തനിവാരണ അതോറിറ്റി അംഗം വിദേശത്തായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. ഓഖി കാലത്തും അദ്ദേഹം വിദേശത്തായിരുന്നു. അദ്ദേഹത്തെ വിദേശകാര്യ വകുപ്പിൽ കുടിയിരുത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു.ദുരന്ത സമയത്ത് കോട്ടയം ജില്ലയിൽ ഗ്രീൻ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. തീവ്ര മഴ ഉണ്ടായ ഇടുക്കിയിലും കോട്ടയത്തും മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. ദുരന്തം ഉണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത് മാത്രമാണോ സർക്കാരിന്‍റെ കടമയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. രക്ഷാപ്രവർത്തനത്തിന് പ്രൊട്ടോകോൾ ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലേയും മറ്റും മുന്നറിയിപ്പ് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനം 2018ലെ പ്രളയത്തിൽ നിന്ന് എന്ത് പഠിച്ചു? എന്ത് ബദൽ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്? തുടങ്ങിയ ചോദ്യങ്ങള്‍ പ്രതിപക്ഷം ആവർത്തിച്ചു.കോട്ടയം ഇടുക്കി ജില്ലകളിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ദുരന്ത നിവാരണത്തിന്റെ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. രക്ഷാപ്രവർത്തനത്തിൽ വലിയ തോതിലുള്ള കാലതാമസം ഉണ്ടായി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Related posts

Leave a Comment