പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചു; അറിഞ്ഞത് പത്രത്തിലൂടെയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിന്റെ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ കുറച്ച് സർക്കാരിന്റെ പ്രതികാരം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്റെയും സർക്കാരിന്റെയും പരാജയം ചൂണ്ടിക്കാട്ടി നിയമസഭയിൽ ആഞ്ഞടിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ കുറവു വരുത്തിയത്. അതേസമയം, സുരക്ഷയിൽ കുറവ് വരുത്തിയ കാര്യം പത്രത്തിലൂടെയാണ് താൻ അറിഞ്ഞതെന്ന് വി.ഡി സതീശൻ നിയമസഭയിൽ വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവിനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെയെന്നും ഔദ്യോഗിക വസതിയും കാറും വേണമെങ്കിൽ മടക്കി നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷയിൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് ചീഫ് വിപ്പിന്റെയും താഴെയായി. എങ്കിലും തനിക്ക് പരാതിയില്ല. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നൽകിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയായിരുന്നു ഇതുവരെ സതീശനും നൽകിയിരുന്നത്. എന്നാൽ, പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിക്കു പകരം വൈ പ്ലസ് കാറ്റഗറിയാക്കിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. സുരക്ഷാ അവലോകന സമിതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.

Related posts

Leave a Comment