നിയമസഭാ കയ്യാങ്കളിയില്‍ സിപിഎമ്മിന്റെ വാദം ദുര്‍ബലം :വി.ഡി സതീശന്‍ -അഭിമുഖം വായിക്കാം

നിസാര്‍ മുഹമ്മദ്

?. കെ.എം മാണിക്കെതിരെയല്ല, യുഡിഎഫിന്റെ അഴിമതിക്കെതിരെയാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്.

-സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ഉയര്‍ത്തിയ ആ വാദം എത്ര ദുര്‍ബലമാണ്. അന്ന് കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിച്ചാല്‍ തടയില്ലെന്ന് അന്ന് നേതാക്കള്‍ പ്രസംഗിച്ചതിന്റെ രേഖകള്‍ നിയമസഭയിലുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണിസാര്‍ ഒഴികെയുള്ള 19 മന്ത്രിമാരും യുഡിഎഫിന്റെ എംഎല്‍എമാരും സഭയിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് ഒരു പ്രതിഷേധവും ഉയര്‍ന്നില്ല. എന്നാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കെഎം മാണി വന്നപ്പോഴാണ് നിയമസഭയെ കറുത്തദിനമാക്കി മാറ്റിയ അക്രമസംഭവങ്ങളുണ്ടായത്. അന്ന് ഉമ്മന്‍ചാണ്ടിയോട് ബജറ്റ് അവതരിപ്പിക്കാന്‍ പറഞ്ഞവരാണ് ഇപ്പോള്‍ യുഡിഎഫിന്റെ അഴിമതിക്കെതിരെയായിരുന്നു പ്രതിഷേധമെന്ന് പറയുന്നത്. സിപിഎം എല്ലാക്കാലത്തും ഇങ്ങനെയാണ്. പലതും മാറ്റിപ്പറയും. മാണി അഴിമതിക്കാരനെന്ന് ആദ്യം നിലപാട് എടുത്തു. പിന്നീടത് മാറ്റിപ്പറഞ്ഞു. അദ്ദേഹം അഴിമതിക്കാരനാണെന്ന് വീണ്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞില്ലേ. കെഎം മാണിക്കെതിരെ കേസ് എടുക്കണമെന്ന് അന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് സിപിഎം ആയിരുന്നില്ലേ. അന്ന് യുഡിഎഫ് കേസ് എടുത്തത് തെറ്റായിപ്പോയെന്ന് സിപിഎം ഇപ്പോള്‍ പറയുമോ?. സിപിഎം നേതാക്കള്‍ അന്ന് പറഞ്ഞതെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയിലുണ്ട്. ഇടയ്ക്കിടെ സിപിഎം നേതാക്കള്‍ അതൊന്ന് നോക്കുന്നത് നന്നായിരിക്കും.

? സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ജോസ് കെ മാണിയുടെയും നിലപാട്.

-സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എന്താണ് പറഞ്ഞതെന്ന് ഇന്ത്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ലേ. മാണി സാറിനെക്കുറിച്ച് സിപിഎമ്മും ഇടതുപക്ഷവും പറഞ്ഞിട്ടുള്ളത് ആര് മറന്നാലും ജോസ് കെ മാണി മറക്കരുത്. കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് കെഎം മാണിയെന്നാണ് ആദ്യം പറഞ്ഞത്. മാണിയുടെ കുടുംബം തന്നെ  അഴിമതിക്കാരുടെ കുടുംബമാണെന്ന് പിന്നെപ്പറഞ്ഞു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് പറഞ്ഞു. ഇതൊന്നും താഴേക്കിടയിലുള്ള നേതാക്കളല്ല പറഞ്ഞത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി.എസ് അച്യുതാനന്ദനുമൊക്കെയാണ്.  എകെജി സെന്ററിന് പുറത്തായിരുന്നപ്പോള്‍ കെ.എം മാണി അഴിമതിക്കാരന്‍. മകന്‍ എകെജി സെന്ററിന് അകത്ത് ചെന്നപ്പോള്‍ കെഎം മാണി പരിശുദ്ധന്‍. സിപിഎം ഇനിയും ഇതെല്ലാം മാറ്റിപ്പറയും. പക്ഷെ, സ്വന്തം പിതാവിനെക്കുറിച്ചും പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെക്കുറിച്ചുമാണ് ഇപ്പറഞ്ഞതൊക്കെയെന്ന് ജോസ് കെ മാണി മറക്കരുത്.

? നിയമസഭാ അംഗങ്ങളുടെ പ്രിവിലേജ് ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നത്.

-ക്രിമിനല്‍ കുറ്റം ചെയ്യുന്നതിന് എംഎല്‍എമാര്‍ക്ക് പ്രിവിലേജ് ഉണ്ടോ? ഇതുതന്നെയല്ലേ കോടതിയുടെയും ചോദ്യം. നിയമസഭയില്‍ എംഎല്‍എമാര്‍ സംസാരിക്കുന്ന കാര്യങ്ങളുടെ പുറത്ത് കേസ് എടുക്കാന്‍ പാടില്ല. അതാണ് പ്രിവിലേജ്. ക്രിമിനല്‍ കുറ്റത്തിന് ഒരു എംഎല്‍എയ്ക്കും എംപിക്കും പ്രിവിലേജ് കിട്ടില്ല. നിയമസഭയില്‍ നടന്ന അക്രമ സംഭവങ്ങളും പൊതുമുതല്‍ നശിപ്പിക്കുന്നതും ലോകത്തെ മുഴുവന്‍ മലയാളികളും ദൃശ്യമാധ്യമങ്ങളിലൂടെ നേരിട്ട് കണ്ടതാണ്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ സാക്ഷികളുള്ള കേസ് കൂടിയാണിത്. എന്നിട്ടും അതെല്ലാം ന്യായീകരിക്കുകയാണ്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകാന്‍ ഏത് അഭിഭാഷകനാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയതെന്ന് അറിയില്ല. സര്‍ക്കാരിന് എത്ര നിയമവിദഗ്ധരുണ്ട്. അതിലാരെങ്കിലും പറയുമോ ഇത് കുറ്റകൃത്യമല്ലെന്ന് കോടതിയില്‍ വാദിക്കാന്‍. ഈ കേസുമായി പോയ കീഴ്‌ക്കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നുമെല്ലാം സര്‍ക്കാരിന് വയറ് നിറച്ച് കിട്ടിയതാണ്. സുപ്രീംകോടതിയില്‍ നിന്ന് കുറച്ചു കിട്ടിയിട്ടുണ്ട്. ബാക്കി പതിനഞ്ചാം തീയതി കിട്ടും.

? നിയമസഭാ കയ്യാങ്കളി കേസിലെ ഒരു പ്രതി ഇപ്പോള്‍ മന്ത്രിയാണ്. വിധി എതിരായാല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുമോ.

– വിധി വരട്ടെ. കോടതിയുടെ ഒരു കമന്റിന്റെ പുറത്ത് മന്ത്രി രാജിവെയ്ക്കണമെന്നൊന്നും ഞാന്‍ പറയില്ല. മുന്‍കാലങ്ങളില്‍ അങ്അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാകാം. ഒരു കേസിന്റെ വാദം നടക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടാനായി ചില മുനവെച്ച ചോദ്യങ്ങള്‍ ഉണ്ടാകും. അതിന്റെ ഭാഗമായുള്ള പരാമര്‍ശങ്ങളുടെ പേരില്‍ രാജിവേണമെന്ന് പറയില്ല. മന്ത്രിമാര്‍ സൈ്വര്യമായി ഭരിക്കട്ടെ. ഏതായാലും വിധി വരട്ടെ. അപ്പോള്‍ ബാക്കി പ്രതികരിക്കാം.

?. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നിരവധി പീഡന സംഭവങ്ങളാണ് അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

-വടക്കേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ മാത്രം കേട്ടിരുന്ന ക്രൂരതയുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലും സംഭവിക്കുകയാണ്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി ഉപദ്രവിക്കുന്ന കുറ്റകൃത്യങ്ങള്‍. ഗൗരവമായി അതിനെ പൊതുസമൂഹം അഡ്രസ് ചെയ്യണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമൂഹം തലതാഴ്ത്തി നില്‍ക്കേണ്ട സ്ഥിതിവരും. ലഹരി മരുന്നിന്റെ വ്യാപക ഉപയോഗം ഇത്തരം ക്രുരമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രതികളെ പ്രേരിപ്പിക്കുന്നുണ്ട്. ലഹരി മരുന്ന് വ്യാപിക്കുന്നതിന് അനുസരിച്ചാണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. ലഹരി മരുന്നുകള്‍ വരുന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിച്ച് അത് തടയാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. ഗോവയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമടക്കം കേരളത്തില്‍ വലിയൊരു മാര്‍ക്കറ്റിങ് നെറ്റ് വര്‍ക്ക് ലഹരി മാഫിയക്കുണ്ട്. വലിയൊരു റാക്കറ്റുണ്ട് ഇതിന് പിന്നില്‍.  അതിന്റെ വേരുകള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് പിഴുത് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അത് ശ്രദ്ധിച്ചാല്‍ കുറേക്കുടി കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാകും.

? കോവിഡ് മരണക്കണക്കുകളിലെ അവ്യക്തത നീങ്ങുന്നില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.

-കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വലിയ അവ്യക്തതയാണ് നിലനില്‍ക്കുന്നത്. പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവും ഉന്നയിക്കുന്ന ലളിതമായ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം പറയാന്‍ ആരോഗ്യമന്ത്രിയോ മുഖ്യമന്ത്രിയോ തയാറായിട്ടില്ല. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് കേരളത്തിലെ കോവിഡ് മരണക്കണക്ക് സര്‍ക്കാര്‍ എടുക്കുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരിച്ചവരുടെ കണക്കുകള്‍ വ്യക്തമായി പുനപരിശോധിച്ച് പ്രസിദ്ധീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് വെറും പത്തുദിവസം മതി. എന്തിനാണ് മരണക്കണക്ക് മറച്ചുവെയ്ക്കുന്നത് എന്നതിന് ഉത്തരമില്ല. ഇതെന്താ രഹസ്യ രേഖയോ മറ്റോ ആണോ?

? ഉറ്റബന്ധുക്കള്‍ പരാതി നല്‍കിയാല്‍ മരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

-മരിച്ചവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചാലല്ലേ ബന്ധുക്കള്‍ക്ക് പരാതി നല്‍കാനാകൂ. വ്യാപകമായ പരാതി ഉയര്‍ന്നപ്പോഴാണ് ഈ മാസം മുതല്‍ പേര് പ്രസിദ്ധീകരിക്കുന്നത്. അങ്ങനെയെങ്കില്‍ മുന്‍മാസങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ എങ്ങനെ പരാതിപ്പെടും. മരണകാരണം എന്തെന്ന് തീരുമാനിക്കാനുള്ള ആധികാരിക വ്യക്തി ഡോക്ടര്‍മാരാണ്. മരണം റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആശുപത്രികളാണ്. അവിടെ ഒരു കണക്കുണ്ട്. ജില്ലാ തലത്തില്‍ വേറൊരു കണക്കാണ്. ലോക്കല്‍ ബോഡിയില്‍ മറ്റൊരു കണക്ക്. സംസ്ഥാന സമിതിയില്‍ വന്നപ്പോള്‍ അത് വേറൊരു കണക്കായി. നാലോ അഞ്ചോ കണക്കുകളാണ് ഇപ്പോഴുള്ളത്. ഏത് കണക്കാണ് ഇതില്‍ ശരിയെന്ന് അറിയണ്ടേ. മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ഡോക്ടര്‍മാര്‍ നല്‍കിയതാണ്. എന്നാല്‍ ചികില്‍സയിലിരിക്കെ ഏതെങ്കിലും സമയത്ത് രോഗി നെഗറ്റീവ് ആയെങ്കില്‍ അത് കോവിഡ് മരണത്തില്‍പ്പെടുത്തേണ്ടെന്നാണ്. ഇങ്ങനെയൊരു കാര്യം ഐസിഎംആര്‍ ഗൈഡ്‌ലൈനില്‍ പറഞ്ഞിട്ടുണ്ടോ?

? വിദഗ്ധ സമിതി നല്‍കിയ മരണക്കണക്കുകളിലാണോ അവ്യക്തത നിലനില്‍ക്കുന്നത്.

വിദഗ്ധ സമതി നടത്തിയ മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. തിരുവനന്തപുരത്ത് ആരോഗ്യ സെക്രട്ടറിയുടെ ചുറ്റിനും ഒരു വിദഗ്ധ സമിതി കൂടിയിരുന്നിട്ട്  ആശുപത്രികളില്‍ നിന്നും ജില്ലാ തലങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ക്ക് തോന്നിയത് പോലെ വെട്ടിത്തിരുത്തി. ആ കണക്കാണ് കോവിഡ് മരണങ്ങളായി പുറത്തുവിട്ടത്. കോവിഡ് മരണങ്ങളിലൂടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അടുത്ത സഹായം ഉടന്‍ ചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മരണ നിരക്ക് കണക്കാക്കേണ്ടത് ഐസിഎംആര്‍ മാര്‍ഗരേഖ അനുസരിച്ചാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ വാദങ്ങള്‍ അതേപടിയാണ് സുപ്രീംകോടതിയുടെവിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. ആ കോടതി വിധി നടപ്പാക്കണമെങ്കില്‍ ഒന്നാം വരവിലെയും രണ്ടാം വരവിലെയും മരണങ്ങള്‍ മുഴുവന്‍ പുനഃപരിശോധിച്ച് ഈ ആനുകൂല്യങ്ങള്‍ കുടുംബങ്ങല്‍ക്ക് നഷ്ടമാകാതിരിക്കാന്‍ നടപടിയെടുക്കണം. ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

? കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം മന്ദഗതിയിലാണെന്ന് ആക്ഷേപമുണ്ട്.

-ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണക്കേസിന്റെയും സിപിഎം ബന്ധം ആരോപിക്കപ്പെടുന്ന കോഴിക്കോട് സ്വര്‍ണക്കടത്ത് കേസിന്റെയും അന്വേഷണങ്ങളില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ട്.  ഏപ്രില്‍ മൂന്നിനാണ് കൊടകര കുഴല്‍പ്പണ കേസ് ഉണ്ടായത്. എന്നാല്‍, ജൂണ്‍ മൂന്നിനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നോട്ടീസ് നല്‍കുന്നത്. കേസ് അന്വേഷണം ഇഴയുന്നുവെന്ന് അന്നേ സംശയം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍  ഒരുവര്‍ഷമായിട്ടും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഈ കേസുകളെല്ലാം കൂടി ഒരു ഒത്തുതീര്‍പ്പിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്.

Related posts

Leave a Comment