ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയത് വിമാനം ഹൈജാക്ക് ചെയ്തവരെ പോലെ; ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാനുള്ള ആർജ്ജവം സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല: വിഡി സതീശൻ

മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിൻറെ പെൻഷൻ നിർത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടൂവെന്ന് ഗവർണർ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവർ ചില ആവശ്യങ്ങൾ ഉന്നയിക്കുന്നതു പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്നാൽ വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സർക്കാരിന് മനസിലായില്ല. അതുകൊണ്ടാണ് സർക്കാർ ഗവർണറുടെ ഭീഷണിക്ക് വഴങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സ്റ്റാഫ് നിയമന വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. അത് മറ്റൊരു വിഷയമാണ്. അത് ഭരണഘടനാപരമായി ബാധ്യത നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ടതല്ല. നയപ്രഖ്യാപനം ഗവർണറുടെ ഭരണഘടനാ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി മറുപടി പറയാൻ ആർജ്ജവമുള്ളൊരു സർക്കാരോ മുഖ്യമന്ത്രിയോ കേരളത്തിലില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഭരണഘടനയുടെ 163, 176 വകുപ്പുകൾ അനുസരിച്ച് നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചാൽ നിയമസഭയെ അഭിസംബോധന ചെയ്യേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് ഇന്ന് രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. അതിന് അവസരം കൊടുക്കാതെ അനാവശ്യമായി ഗവർണറുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ ബലിയാടാക്കി. മുഖ്യമന്ത്രി പറഞ്ഞിട്ടല്ലേ പൊതുഭരണ സെക്രട്ടറി പഴ്‌സണൽ സ്റ്റാഫിനെ നിയമിച്ച ഫയലിൽ അതൃപ്തി രേഖപ്പെടുത്തിയത്? ഫയലിൽ രേഖപ്പെടുത്തിയ അതൃപ്തി പൊതുഭരണ വകുപ്പ് സെക്രട്ടറിയുടേതാണോ സർക്കാരിന്റേതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ പൊതുഭരണ സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തുമോ? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പൊതുഭരണ സെക്രട്ടറി അങ്ങനെ ചെയ്തത്. ഒടുവിൽ ഗവർണറുടെ അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങിയ സർക്കാർ പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്താലത്തിൽ വച്ച് നൽകി. ഭരണഘടനാവിരുദ്ധമായി ഗവർണറോ സർക്കാരോ പെരുമാറിയാൽ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷത്തിൻറ വാദമുഖങ്ങൾ വെറും രാഷ്ട്രീയ ആരോപണങ്ങളല്ല സത്യസന്ധമാണെന്ന് ശെരിവയ്ക്കുന്നതാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻറെ പ്രതികരണം. പ്രതിപക്ഷ വാദങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് സിപിഐയുടെ വിമർശനങ്ങൾ. ലോകായുക്ത ഓർഡിനൻസ് ഭേദഗതി കൊണ്ടു വരാനുള്ള നീക്കത്തിൽ സർക്കാരിൻറെ അഴിമതി മുഖത്തേക്ക് ജനങ്ങൾ തുറിച്ചു നോക്കുകയാണെന്നും പ്രതിപക്ഷത്തിന് വിശ്വാസ്യത കൂടിവരികയാണെന്നുമാണ് കാനം പറഞ്ഞത്. പാർട്ടിയിലും മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച ഇല്ലാതെ എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന സാഹചര്യത്തിൽ ആരെങ്കിലുമൊക്കെ അത് ചോദ്യം ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment