കെ റെയിൽ ഭൂമി ഏറ്റെടുക്കലിൽ കച്ചവടക്കണ്ണ് : വി.ഡി സതീശൻ

തിരുവനന്തപുരം: കച്ചവടം നടത്താനാണ് കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതെന്നും കോടികൾ കൊള്ളയടിക്കുന്ന എല്ലാ അഴിമതികളിലുമെന്നത് പോലെ സിൽവർ ലൈനിലും സർക്കാർ അനാവശ്യ ധൃതി കാട്ടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഡി.പി.ആർ പോലും കാണാതെയാണ് പ്രതിപക്ഷം സിൽവർ ലൈനിനെ എതിർക്കുന്നതെന്ന സി.പി.എം വാദം ശരിയാണ്. ഡി.പി.ആർ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നതാണ് ഞങ്ങളുടെ ചോദ്യമെന്നും തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡി.പി.ആർ പുറത്തുവിടുകയോ സർവെ നടത്തുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്യാതെ എന്തിനാണ് സ്ഥലം ഏറ്റെടുക്കാൻ ഇത്ര ധൃതി കാട്ടുന്നത്? പ്രോജക്ട് പോലും തയാറാക്കുന്നതിന് മുൻപ് വിദേശ കമ്പനികളുമായി സംസാരിക്കാൻ ഉദ്യോഗസ്ഥരെ ആരാണ് ചുമതലപ്പെടുത്തിയത്? ആരെയാണ് ചുമതലപ്പെടുത്തിയത്. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡി.പി.ആർ കണ്ടിട്ടില്ല. ആ നിസഹായാവസ്ഥയാണ് അദ്ദേഹം പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രകടിപ്പിച്ചത്. ഇതു തന്നെയാണ് പ്രതിപക്ഷവും ചോദിക്കുന്നത്. പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രിയോ പാർട്ടിയോ ഇതുവരെ തയാറായിട്ടില്ല. അതിനു പകരം വർഗീയത കൊണ്ടുവരികയാണ്. കച്ചവടം നടത്താനാണ് ഭൂമി ഏറ്റെടുക്കുന്നത്. കോടികൾ കൊള്ളയടിക്കുന്ന എല്ലാ അഴിമതികളിലുമെന്ന പോലെ സിൽവർ ലൈനിലും സർക്കാർ അനാവശ്യ ധൃതി കാട്ടുകയാണ് -സതീശൻ പറഞ്ഞു.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല. ധാർഷ്ട്യം കൊണ്ടും അഹങ്കാരം കൊണ്ടും പദ്ധതിയുമായി മുന്നോട്ടു പോയാൽ അതിനെ ജനാധിപത്യപരമായ രീതിയിൽ യു.ഡി.എഫ് ചെറുത്ത് തോൽപ്പിക്കും. കാർക്കശ്യം നിറഞ്ഞ നിലപാടാണ് യു.ഡി.എഫിന്റേത്. സർക്കാരിന്റെ വാശിയെ ചെറുക്കാനുള്ള ശക്തി കേരളത്തിലെ യു.ഡി.എഫിനുണ്ടെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും.
ഹൈ സ്പീഡ് റെയിൽ അശാസ്ത്രീയമാണെന്നു കണ്ട് യു.ഡി.എഫ് സർക്കാർ വേണ്ടെന്നു വച്ചിരുന്നു. അതിനു ബദലായി നിലവിലുള്ള റെയിൽവെ ലൈനുമായി ചേർന്ന് വളവുകൾ നികത്തിയുള്ള ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നച്ചു. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ ഇതിനു 2000 കോടി രൂപ മാത്രമെ ചെലവ് വരൂ. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സർക്കാർ മാറിയത്. അല്ലാതെ യു.ഡി.എഫ് ഹൈ സ്പീഡ് കൊണ്ടുവരാൻ ശ്രമിക്കുകയും ഇപ്പോൾ എതിർക്കുകയും ചെയ്യുകയാണെന്നു പറയുന്നത് തെറ്റാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും കോർപറേറ്റ് ആഭിമുഖ്യമാണ്. ഇതൊരു തീവ്ര വലതുപക്ഷ സർക്കാരാണെന്നും സതീശൻ കുറ്റപ്പെടുത്തി.

Related posts

Leave a Comment