കാലാവസ്ഥാ വ്യതിയാനം ഏറ്റവും ബാധിച്ചത് മത്സ്യത്തൊഴിലാളികളെ : വി.ഡി സതീശൻ

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചത് തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ ആരംഭിച്ച ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടൽ ഇരമ്പിക്കയറി വലിയ തോതിൽ തീരശോഷണം സംഭവിക്കുകയാണ്. ഒരു സീസണിൽ തെക്കുനിന്ന് വടക്കോട്ട് തിരകൾ മണ്ണിനെ കൊണ്ടുപോകുകയും അടുത്ത സീസണിൽ അതു തിരിച്ചുവരുകയും ചെയ്യും. എന്നാൽ മനുഷ്യന്റെ ഇടപെടൽ മൂലം ഈ പ്രക്രിയക്ക് താളം തെറ്റി. കാലാവസ്ഥാ വ്യതിയാനം കാർബൺ നിർഗമനം മൂലമല്ലെന്ന് വരുത്തിത്തീർക്കാൻ കോർപറേറ്റുകൾ കോടികൾ മുടക്കി പ്രചാരണം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.
മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങൾ ലഭ്യമായതിനെ തുടർന്ന് മനുഷ്യന്റെ ആയുസ് 40 വർഷമായിരുന്നത് 80 ആയി. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും നാനോ ടെക്‌നോളിജിയും റോബോട്ടും മറ്റും സംയോജിപ്പിച്ചുള്ള ചികിത്സാരീതി നടപ്പാക്കുമ്പോൾ മനുഷ്യായുസ് 160 വരെ നീളുന്ന കാലഘട്ടം വിദൂരമല്ല. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണ് രാജ്യം കണ്ട ഏറ്റവും ശാസ്ത്രാവബോധമുള്ള ഭരണാധികാരി. ഐഐടി, ഐഐഎം, ഐഐഎസ്‌സി, ബാബ ആണവ ഗവേഷണ കേന്ദ്രം, യുജിസി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ അദ്ദേഹം കെട്ടിപ്പെടുത്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ശാസ്ത്രാവബോധം പുരോഗമന ചിന്തയുടെ അടയാളമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ശാസ്ത്രവേദി വർക്കിംഗ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം, ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ, ട്രഷറർ വി. പ്രതാപചന്ദ്രൻ, ജെ എസ് അടൂർ, ഡിആർ ജോസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് ഒരു മണിക്കു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സമാപന പ്രസംഗം നടത്തും. ഡോ. വി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും.

Related posts

Leave a Comment