തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ദുരൂഹമായ നിസംഗത തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിലിനെക്കുറിച്ച് നിരന്തരം പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ല. മുല്ലപ്പെരിയാറിൽ അപകടകരമായ സാഹചര്യമാണ്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് വേദനാജകമെന്നു പറഞ്ഞ് സർക്കാർ സ്വയം തൃപ്തിയടയുകയാണ്. രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിടാൻ പാടില്ലെന്ന്, കേരളത്തിന്റെ പ്രതിനിധി കൂടി അംഗമായ മേൽനോട്ട സമിതിയിൽ ധാരണയുണ്ട്. അതിനു വിരുദ്ധമായാണ് രണ്ടു മാസമായി വെള്ളം തുറന്നു വിടുന്നത്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങളെല്ലാം ദുർബലമായിരിക്കുകയാണ്. സ്റ്റാലിന് കത്തെഴുതി വാർത്ത നൽകിയാൽ തന്റെ ദൗത്യം അവസാനിച്ചെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതുവരെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ തമിഴ്നാടുമായി സംസാരിച്ചിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ വീട്ടിൽ വെള്ളം കയറിക്കോട്ടെയെന്ന നിലപാടാണ് സർക്കാരിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ റെയിൽ എന്തുവിലകൊടുത്തും നടപ്പാക്കുകയെന്നതു മാത്രമാണ് സർക്കാരിന്റെ മുൻഗണന. സാമ്പത്തിക ബാധ്യത എന്താണെന്നു പറയാനോ സമൂഹിക -പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോകാൻ സർക്കാരിന് എന്ത് അവകാശമാണുള്ളത്? പരിസ്ഥിതി പ്രവർത്തകരും ജനപ്രതിനിധികളും പ്രതിപക്ഷവും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല. പരിസ്ഥിതി ആഘാതം പോലും നോക്കാതെ പദ്ധതികളുടെ പിന്നാലെ സർക്കാർ പോകുകയാണ്. പദ്ധതിക്ക് റെയിൽവെയുടെയോ കേന്ദ്ര സർക്കാരിന്റെയോ അനുമതിയില്ല. ഇതൊന്നുമില്ലാതെ ജനങ്ങളെ എന്തിനാണ് കുടിയൊഴിപ്പിക്കുന്നത്? അനാവശ്യമായ ധൃതിയാണ് സർക്കാർ ഇക്കാര്യത്തിൽ കാട്ടുന്നതെന്നും സതീശൻ പറഞ്ഞു.
കെ റെയിലിനെക്കുറിച്ച് നിരന്തരം പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ല; സർക്കാരിന്റേത് ദുരൂഹമായ നിസംഗതയെന്ന് പ്രതിപക്ഷ നേതാവ്
