പ്രിയ വർ​ഗീസിന്റെ യോ​ഗ്യതകളിൽ സർവകലാശാലയ്ക്കും സംശയം, ​എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വ‍ർഗ്ഗീസിന് കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കുന്നതിനാവശ്യമായ യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയയുടെ അധ്യാപന പരിചയത്തിൽ ആശങ്കയുണ്ട്.
യുജിസി ചട്ടപ്രകാരം അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസർ എന്ന നിലയിൽ എട്ടുവർഷത്തെ അധ്യാപന പരിചയവും എട്ടിൽ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണം. എന്നാൽ പ്രിയയ്ക്ക് ഈ യോ​ഗ്യതകളില്ല. 2012 ൽ അസി പ്രൊഫസറായ പ്രിയ മൂന്ന് വർഷം പിഎച്ച്‍ഡി ചെയ്യാൻ അവധിയിൽ പോയി. രണ്ട് കൊല്ലം യൂണിവേഴ്സിറ്റി സ്റ്റുഡനറ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവർഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നുമാണ് സേവ് യൂണിവേഴ്സിറ്റിയും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നത്.
പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതിൽ വ്യക്തത ഇല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രിയയെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നുമാണ് വിസി പറയുന്നത്. എന്നാൽ സർവകലാശാ തലത്തിലുള്ള സ്ഥിരം നിയമനത്തിനുള്ള അഭിമുഖത്തിൽ യോ​ഗ്യത ഇല്ലാത്തവരെ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമാണെന്ന് മറ്റ് ഉദ്യോ​ഗാർഥികളും പറയുന്നു. യുജിസി ചട്ടം അനുശാസിക്കുന്ന യോ​ഗ്യതയുള്ള പലരും ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ട്. അവരെ തഴഞ്ഞാണു മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അം​ഗത്തിന്റെ ഭാര്യക്ക് വഴിവിട്ട മാർ​ഗത്തിലൂടെ സ്ഥിരം നിയമനം നൽകാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷ സംഘടനകളും വിദ്യാർഥികളും മറ്റും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ​സർവകലാശാല ചാൻസിലർ കൂടിയായ ​ഗവർണർ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ വിശദീകരണത്തിൽ നിർദിഷ്ട തസ്തികയുടെ യോ​ഗ്തകളും ഉദ്യോ​ഗാർഥികളുടെ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയെല്ലാം വ്യക്തമാക്കേണ്ടതുണ്ട്. അതിനു മുൻപ് വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ് വൈസ് ചാൻസിലർ.
എതിർപ്പ് രൂക്ഷമായ സാഹചര്യത്തിൽ പ്രിയയുടെ നിയമനം തുലാസിലാണ്. ഏതു വഴിക്കും നിയമനം നൽകാനുള്ള തിരക്കിലാണ് സർവകലാശാല എങ്കിലും ​ഗവർണറുടെ തീരുമാനം അടക്കമുള്ള കാര്യങ്ങൾ നിർണായകമാകും.

Related posts

Leave a Comment