അനധികൃത നിയമനത്തിന് യോഗ്യത തിരുത്തി; മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വി.സി വഴങ്ങിയെന്ന് ആക്ഷേപം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആർ. മോഹനന്റെ ഭാര്യ  ഡോ: പൂർണിമ മോഹനെ കേരള സർവകലാശാലയിൽ മലയാള മഹാനിഘണ്ടു വിന്റെ മേധാവിയായി നിയമിക്കുന്നതിന് യോഗ്യതാ മാനദണ്ഡം തിരുത്തി. ഇതിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മലയാളത്തിലെ ബിരുദാനന്തര ബിരുദയോഗ്യതകളോടൊപ്പം  സംസ്കൃത ഭാഷാ ഗവേഷണ ബിരുദം  കൂട്ടിച്ചേർത്തു. കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപികയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കുന്നതു ലക്ഷ്യമിട്ടാണ് യോഗ്യത മാനദണ്ഡങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തിയത്. ജനുവരി 28ന് പുറപ്പെടുവിച്ച നിയമന വിജ്ഞാപനം പത്രങ്ങളിലോ യൂണിവേഴ്സിറ്റിയുടെ വകുപ്പുകളിലോ പ്രസിദ്ധീകരിക്കാതെയായിരുന്നു അനധികൃത നിയമനം. സർവകലാശാല ഓർഡിനൻസിൽ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ മാറ്റം വരുത്തുവാൻ സർവകലാശാല വൈസ് ചാൻസലർക്കോ സിൻഡിക്കേറ്റിനോ അധികാരമില്ല. മഹാ നിഘണ്ടു മേധാവിക്ക് മലയാള ഭാഷയിൽ ബിരുദാനന്തരബിരുദം അനിവാര്യമാണെന്ന വ്യവസ്ഥ  വിജ്ഞാപനത്തിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കി. നിലവിലെ മറ്റ് യോഗ്യതകളോടൊപ്പം സംസ്കൃതം കൂട്ടിചേർത്തതാണെന്ന വാദം മുൻമന്ത്രി കെ.ടി.ജലീൽ വിവാദ ബന്ധു നിയമനത്തിന് നടത്തിയ വിജ്ഞാപനത്തിന് സമാനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്സിക്കൺ മേധാവിയുടെ യോഗ്യതകൾ നിശ്ചയിച്ച് നിയമനം  നടത്തിയ വൈസ് ചാൻസലറെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മഹാ നിഘണ്ടു  മേധാവി സ്ഥാനത്ത് നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണറോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.

Related posts

Leave a Comment