മൂന്നരക്കോടിയുടെ ഭൂമിതട്ടിപ്പ്: പ്രതികളെ എ.കെ. ബാലൻ സംരക്ഷിച്ചെന്ന് സിപിഎം സമ്മേളനങ്ങൾ

പാലക്കാട്: കോടികളുടെ ഭൂമിതട്ടിപ്പ് കേസിൽ സിപിഎം പാലക്കാട് ജില്ലയിലെ ഏരിയാ സമ്മേളനങ്ങളിൽ കൂട്ടയടി. കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് എ കെ ബാലനെതിരെ വിമർശനം ഉന്നയിച്ചതിനെച്ചൊല്ലി മൂന്ന് ഏരിയാ കമ്മിറ്റികളിൽ രൂക്ഷമായ ചേരിതിരിവും സംഘർഷവും ഉടലെടുത്തു. വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ തർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്നു പാർട്ടി തന്നെ കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരേ ബാലൻ കണ്ണടച്ചു എന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്.
കൂടിയ വിലയ്ക്ക് സ്ഥലമേറ്റെടുത്തത് നേതൃത്വം അറിഞ്ഞിട്ടും കുറ്റവാളികളെ സംരക്ഷിച്ചു എന്നായിരുന്നു ബാലനെതിരായ ആരോപണം.
പരാതി എത്തിയപ്പോൾ മാത്രം പാർട്ടി അന്വേഷിച്ചു. നടപടി നേരിട്ടവർക്ക് ഇപ്പോഴും പാർട്ടി സംരക്ഷണം നൽകുകയാണെന്നും ആരോപണം ഉയർന്നു. മൂന്ന് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്.
കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്ന് പാർട്ടി കമ്മീഷൻ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇക്കാര്യം ലോക്കൽ കമ്മിറ്റികൾ റിപ്പോർട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല. ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രനെ പുറത്താക്കുകയും സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ബാലനടക്കമുള്ള നേതാക്കൾ സ്വീകരിച്ചതെന്നാണ് ആരോപണം.
റൈസ് പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ് വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള ഈ പ്രദേശത്ത്, ഏഴ് ലക്ഷം രൂപ ഏക്കറിന് അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി. ഭൂമിയിടപാടിൽ കൺസോർഷ്യത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് പങ്കുണ്ടെന്നും, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ സംസ്ഥാന നേത‌ത്വത്തിന് പരാതി നൽകിയതോടെയാണ് പിന്നീട് പാർട്ടി അന്വേഷണ കമ്മീഷനെ വച്ചത്. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിവച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.

Related posts

Leave a Comment