നിയമസഭയിലെ കൈയാങ്കളിഃ ചെന്നിത്തലയുടെ തടസവാദത്തില്‍ ഇന്നു വിധി

തിരുവനന്തപുരംഃ നിയമസഭയിലെ കൈയാങ്കളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍ കുട്ടി ഉള്‍പ്പെടെയുളളവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച തടസവാദത്തില്‍ ഇന്നു കോടതി വിധി പറയും. പ്രതികളെ വിട്ടയയ്ക്കരുതെന്നും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ചെന്നിത്തലയുടെ തടസവാദം. തിരുവനന്തപുരം സിജെഎം കോടതിയാണു വിധി പറയുന്നത്.

2013 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതു തടഞ്ഞ പ്രതിപക്ഷം, സഭയില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത കൈയാങ്കളിയും നടത്തി. മന്ത്രിയെയും ഭരണകക്ഷി എംഎല്‍എമാരെയും കൈയേറ്റം ചെയ്യുകയും സ്പീക്കറുടെ ഡയസില്‍ കയറി കംപ്യൂട്ടര്‍ അടക്കമുള്ള സുപ്രധാന ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കസേരകളും‌ മേശയും മറിച്ചിട്ടും അഴിഞ്ഞാടി. മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

എന്നാല്‍ നിയമസഭയ്ക്കുള്ളിലെ അക്രമങ്ങളെ രാഷ്‌ട്രീയ സമരമാക്കി ചിത്രീകരിച്ച് രക്ഷപ്പെടാനുള്ള സിപിഎമ്മിന്‍റെയും ഇടതു മുന്നണിയുടെയും നീക്കത്തിനു സുപ്രീം കോടതിയില്‍ നിന്നു കനത്ത തിരിച്ചടിയുണ്ടായി. കേസ് വിട്ടുകളയാനാവില്ലെന്നും പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഇതിനെതിരേ അക്രമം കാണിച്ച എംഎല്‍എമാര്‍ വീണ്ടും കോടതിയെ സമീപിച്ച സാഹതര്യത്തിലാണ് തടസവാദവുമായി രമേശ് ചെന്നിത്തല രംഗത്തു വന്നത്.

അന്നത്തെ പ്രതിപക്ഷ എംഎല്‍എ മാരായിരുന്ന വി. ശിവന്‍ കുട്ടി,‌ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്, സി.കെ. സദാശിവന്‍ എന്നിവരാണു കേസിലെ പ്രതികള്‍. കേരള അഭിഭാഷക പരിഷത്ത് സമര്‍പ്പിച്ച തടസ ഹര്‍ജിയും ഇന്നു കോടതി പരിഗണിക്കും.

Related posts

Leave a Comment