ആയുർദൈർഘ്യം വർധിപ്പിക്കുന്ന താഴ്വര

ജനിച്ചാൽ ഒരിക്കൽ മരിക്കണം. എന്നാൽ മരണത്തെ ഭീതിയോടെ കാണുന്നവരാണ് മനുഷ്യരിലേറെയും. മരണം ഇല്ലാതാക്കാൻ പരിശ്രമിച്ച പലരുടേയും കഥ പുരാണങ്ങളിലൊക്കെ കാണാൻ കഴിയും. ആയുസ് കൂട്ടുന്നതിനുള്ള പരീക്ഷണങ്ങൾ ശാസ്ത്രവും നടത്തിവരുന്നു. എന്നാൽ ലോകത്തിലെ ഒരു താഴ്‌വരയിലെ ജീവിതം ആയുർദൈർഘ്യെം പതിറ്റാണ്ടുകൾ വർദ്ധിപ്പിക്കുമെന്നറിഞ്ഞാലോ? നുണയെന്നു പറയാൻ വരട്ടെ, പാകിസ്ഥാനിലെ വടക്ക് ഭാഗത്തുള്ള ആകർഷണീയമായ താഴ്‌വരയായ ഹൻസയിൽ ആണ് ആളുകൾക്ക് 120 വർഷം വരെ ആയുർദൈർഘ്യം ഉള്ളത്.

ഭീതിപ്പെടുത്തുന്ന തീവ്രവാദ ആക്രമണങ്ങളിൽ നിന്ന് മാറി നിൽക്കുന്ന പാകിസ്ഥാനിലെ അപൂർവ്വം പ്രദേശങ്ങളിൽ ഒന്നാണ് ഹൻസ താഴ്‌വര. മലനിരകളിൽ ഉത്ഭവിക്കുന്ന നീർച്ചാലുകളും, ഇവിടുത്തെ ജനങ്ങൾ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇവിടുത്തെ ആളുകളുടെ ആരോഗ്യരഹസ്യം. ഭൂമിയിലേറ്റവും സന്തുഷ്ടരായ ജനത എന്നാണ് ഇവർ അറിയപ്പെടുന്നത്. 1933ൽ പുറത്തിറങ്ങിയ ജെയിംസ് ഹിൽട്ടന്റെ ലോസ്റ്റ് ഹോരിസോൺ എന്ന നോവലിലെ ഷാൻഗ്രിലാ എന്ന സാങ്കൽപ്പിക താഴ്‌വര ഈ ഹൻസ താഴ്‌വരയുടെ പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ്.

പഴയ രാജഭരണപ്രദേശമായ ഹൻസ, ഗിൽഗിറ്റ്ബാൾട്ടിസ്താൻ പ്രവിശ്യയിൽ ഉൾപ്പെട്ട മലനിരകളുടെ താഴ്‌വരയാണ്. വളരെ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഹൻസ. മഞ്ഞു മൂടിയ മലകളും, മലനിരകളിലൂടെ ഒഴുകുന്ന ഹരിതനീലിമ നിറത്തിലെ നദിയും, പിങ്കും മഞ്ഞയും നിറത്തിലുള്ള പൂക്കളാൽ അലംകൃതമായ താഴ്‌വരയും ഹൻസയെ സുന്ദരിയാക്കുന്നു. ക്യാംപിങ്, സ്വിമ്മിങ്, വേട്ട, ഹൈക്കിങ്, ട്രെക്കിങ്, മൗണ്ടനെയറിങ്, മൗണ്ടൻ ബൈക്കിങ്, കുതിര സവാരി, സ്‌കൈയിങ്, ഫിഷിംങ്, സഫാരി യാത്രകൾ, ഗ്ലൈഡിങ്, പ്രകൃതി സ്‌നേഹികൾക്കായി ഇക്കോടൂറിസം ഇവയൊക്കെ ഹൻസയുടെ പ്രധാനആകർഷണങ്ങളാണ്.

അമേരിക്കൻയൂറോപ്യൻ സഞ്ചാരികളുടെ പ്രധാന ഇടമായിരുന്നു ഇവിടം. ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ റെക്കോർഡ് പ്രകാരം ഒരു വർഷം ഇപ്പോൾ 1000 വിദേശ സഞ്ചാരികൾ മാത്രമേ ഹൻസ സന്ദർശിക്കാറുള്ളൂ.

ബുരുഷോയന്നോ എന്നാണ് ഇവിടുത്തെ ആളുകൾ അറിയപ്പെടുന്നത്. കഴിക്കുന്നതെന്താണോ അതാണ് നിങ്ങളുടെ ആരോഗ്യം എന്ന് വ്യക്തമാക്കുന്നതാണ് ഹൻസ് നിവാസികളുടെ ജീവിതം. കാൻസർ വിമുക്ത സമൂഹമായ ഇവരെ പറ്റി വൈദ്യശാസ്ത്ര വിദഗ്ദർ പതിറ്റാണ്ടുകളായി പഠനം നടത്തിവരികയാണ്. സ്വയം കൃഷി ചെയ്ത് വളർത്തിയ ആപ്രിക്കോട്ടാണ് ഇവിടുള്ളവരുടെ ഇഷ്ടഭക്ഷണം. ക്യാൻസർ വരാത്തതിന് കാരണം ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്ന അമിഡാലിൻ വൈറ്റമിൻ ബി17 ആണെന്നാണ് ഗവേഷകരുടെ നിഗമനം. അവരുടെ സ്ഥിരമായ ഭക്ഷണരീതിയിൽ നിന്ന് മാറി രണ്ട് മുതൽ നാല് മാസം വരെ ഉണങ്ങിയ ആപ്രിക്കോട്ട് ജ്യൂസുകൾ മാത്രം കഴിക്കുന്ന രീതിയും ഉണ്ട്. ആപ്രിക്കോട്ടുകൾ വിളയുന്നതിന് മുൻപ് ഇവർ പാരമ്പര്യമായിട്ട് തുടർന്നു വരുന്നൊരു രീതിയാണിത്.

നമ്മുടെ ജീവിതരീതിയും ആയുസ്സും ആരോഗ്യവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്റെ തെളിവായി മാറുകയാണ് ഹൻസ താഴ്‌വര.

Related posts

Leave a Comment