ആറന്മുള വള്ളസദ്യക്ക് ബുക്കിം​ഗ് തുടങ്ങി

പത്തനംതിട്ട: കോവിഡ് മഹാമാരി മൂലം നിർത്തിവച്ച ആറന്മുള വള്ളസദ്യക്കു വീണ്ടും തുടക്കം. ആറന്മുള പള്ളിയോടങ്ങൾക്കായി നടത്തുന്ന വള്ളസദ്യ വഴിപാടിനായി പള്ളിയോട സേവാസംഘം ബുക്കിങ്ങ് പുനരാരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വള്ളസദ്യക്ക് അരങ്ങൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷവും ചടങ്ങ് മാത്രമായി വള്ളസദ്യ ചുരുങ്ങി.
സന്താന സൗഭാ​ഗ്യത്തിനും അഭീഷ്ട കാര്യ സിദ്ധിക്കും മറ്റുമായി നടത്തുന്ന വഴിപാടിനായി കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം ഭക്തരാണ് എത്തുന്നത്. വിവാഹ സത്കാരങ്ങൾക്ക് ഉൾപ്പെടെ ഇളവ് ലഭിച്ചു തുടങ്ങിയതും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് കൂടുതൽ ഇളവ് ലഭിച്ചതും കണക്കിലെടുത്താണ് അടുത്ത വർഷത്തേക്കുള്ള വള്ളസദ്യ വഴിപാടിനായി ബുക്കിങ്ങ് ആരംഭിച്ചത്. നൂറോളം പേരുടെ വള്ളസദ്യ ബുക്കിങ് ഇതിനകം പൂർത്തിയായി.
2022 ഓ​ഗസ്റ്റ് ആദ്യവാരം മുതൽ ഒക്ടോബർ ആദ്യവാരം വരെ വള്ളസദ്യ വഴിപാടുകൾ നടത്താമെന്നാണ് പ്രതീക്ഷ.
വള്ളസദ്യ വഴിപാട് ബുക്ക് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ പള്ളിയോട സേവാസംഘം ഓഫിസുമായി ബന്ധപ്പെടണം. 8281113010, 04682313010.

Related posts

Leave a Comment