പ്രണയരാവുകൾ-ജ്യോതിശ്രീ. പി ; കവിത വായിക്കാം

പ്രണയരാവുകൾജ്യോതിശ്രീ. പി

എന്റെ തൂലിക പോലും നിന്നെ പ്രണയിക്കുമ്പോൾ എങ്ങനെ നീ എന്റെ കവിതകളിൽ നിറയാതിരിക്കും…!!!!
നമ്മുടെ പ്രണയം പെയ്യുന്ന താളുകളിൽ കൊഴിയാൻ വാക്കുകൾ തിടുക്കം കാട്ടുന്നു..
അകലങ്ങൾക്ക് അടുപ്പമേറുന്നു..
മൗനം വറ്റിയ നാമിടങ്ങളിൽ പുഞ്ചിരിയുടെ ഉറവ ഒഴുകുന്നു..
വിരഹം എന്ന് എഴുതിച്ചേർത്ത ചുവരുകളിൽ പ്രണയത്തിന്റെ പൂക്കാലം നിറയുന്നു…
ഉറക്കത്തെ വകഞ്ഞു മാറ്റി നിലാവ് എനിക്കു കാവൽ നിൽക്കുന്നു…
നിന്നോടാണ് എനിക്കിഷ്ടമെന്ന് മിന്നാമിനുങ്ങുകൾ പരിഭവം പറയുന്നു..
നിന്റെ കൊലുസിന്റെ നാദമെന്ന് ചൊല്ലി ജനൽച്ചില്ലകളിൽ മഴത്തുള്ളികൾ കുണുങ്ങിച്ചിരിക്കുന്നു..
നമുക്കായ് തീർത്ത താജ്മഹലിൽ നക്ഷത്രങ്ങൾ കൂട്ടിരിക്കുന്നു..
നീ തഴുകിയയച്ച നിശാശലഭങ്ങൾ
എന്റെ വിരലുകളെ ചുംബിക്കുന്നു…
ഞാൻ നമ്മുടെ പ്രണയത്തിൽ ചാലിച്ച ലിപിയിൽ ഒരു കവിത കൂടി എഴുതിച്ചേർക്കട്ടേ…
കാലം നമുക്കായ് കരുതിയ സ്വർഗത്തെ പ്രതീക്ഷിച്ചുകൊണ്ട്…
ഈ രാത്രിമഴയെ നീയായി നിനച്ചു കൊണ്ട്…
നിന്നെ ഉള്ളാലേ പുണർന്നു കൊണ്ട്..

Related posts

Leave a Comment