വഖഫ് ബോർഡ് നിയമനം ; മുഖ്യമന്ത്രിക്ക് മോദിയെ പിന്തുടരേണ്ടി വരും : കെ ബാബു

കൊച്ചി: കർഷക ദ്രോഹമായി മാറിയ കാർഷിക നിയമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിൻ‌വലിക്കേണ്ടി വന്നതു പോലെ, വഖഫ് ബോർഡ് നിയമനം പി എസ് സി വഴിയാക്കുന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയന് നാണംകെട്ട് ഉപേക്ഷിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു പറഞ്ഞു.

നിയമനങ്ങൾ പി എസ് സി ക്ക് കൈമാറുന്ന കാര്യത്തിൽ സർക്കാരിന് പ്രത്യേക പിടിവാശി ഒന്നുമില്ല എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ളയാണ്. ഈ നിയമം വിവേചനപരമാണെന്നും “ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്” പോലെ വഖഫ് ബോർഡ്‌ നിയമനത്തിന് വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണം എന്നുള്ള നിർദ്ദേശം ഈ ബിൽ, നിയമസഭയിൽ ചർച്ച‌ക്ക് വന്നപ്പോൾ പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അത് അംഗീകരിക്കില്ല എന്ന വാശിയിലായിരുന്നു വകുപ്പ് മന്ത്രിയും ഭരണകക്ഷി അംഗങ്ങളും.

നിയമം നടപ്പിലാക്കുമ്പോൾ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ഈ നിയമം വിവേചനപരമാണെന്നും ഈ ബില്ലിന്റെ മൂന്നാം വായന സമയത്ത് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഞാനും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും സ്പീക്കർക്ക് പകരം സ്പീക്കറുടെ ഡയസിൽ ഉണ്ടായിരുന്ന പാനൽ ചെയർമാൻ വഴങ്ങിയില്ല. തുടർന്ന്, ബിൽ പാസാക്കിയത് ആയി പ്രഖ്യാപിച്ച് അദ്ദേഹം സഭ പിരിച്ചുവിടുകയാണുണ്ടായത് .

പിറ്റേന്ന് പാനൽ ചെയർമാന്റെ തെറ്റായ നടപടി സംബന്ധിച്ച് ഞാൻ ക്രമപ്രശ്നം ഉന്നയിച്ചു. ഞാൻ പറഞ്ഞതിനെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതായി സ്പീക്കർ എം. ബി. രാജേഷ് സഭയിൽ അറിയിക്കുകയും ചെയ്തു.

സഭ കഴിഞ്ഞപ്പോൾ തന്നെ ഭരണകക്ഷിക്കാർ,വകുപ്പ് മന്ത്രി ഉൾപ്പെടെ ബില്ല് പാസാക്കിയത്തിന്റെ ആഹ്ലാദ സൂചകമായി നിയമസഭയിൽ ലഡു വിതരണം ചെയ്ത് ആഘോഷിച്ചതും മുഖ്യമന്ത്രി മറക്കരുത്. നിയമസഭാ സബ്‌ജൿട് കമ്മിറ്റിയിൽ ഈ ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് വിശദമായ ചർച്ച നടത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ വിചിത്രമായ നിലപാടെന്ന് ബാബു പറഞ്ഞു.

Related posts

Leave a Comment