വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ; ധീര ജവാന് നാട് വിടനല്‍കി

തിരുവനന്തപുരം: ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്‌. വൈശാഖിന് ജന്മനാടിന്റെ വിട. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത് ആയിരങ്ങളാണ്. സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ നടന്നു. സമ്ബൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

നേരത്തെ, വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ എന്‍ ബാലഗോപാല്‍ റീത്ത് സമര്‍പ്പിച്ചു.

ജില്ലാ കളക്ടര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്ബില്‍ എത്തിച്ചിരുന്നു.

കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്. പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ചു ഭീകരരെ വധിച്ചു. 2017ല്‍ 19-ാം വയസ്സിലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വൈശാഖ് ഇക്കഴിഞ്ഞ ഓണത്തിനാണ് നാട്ടില്‍ അവസാനമായി വന്നത്.

Related posts

Leave a Comment