അതിർത്തിക്കപ്പുറം വടയും ചട്ണിയും ‘കേരള സർക്കാരിന്റെ ഒന്നാം ക്ലാസ് പാത്രത്തിൽ’ ; ദുരൂഹത

കൊല്ലം : ആര്യങ്കാവ് ചുരമിറങ്ങി അതിർത്തിക്കപ്പുറം കേരളത്തിലെ പാഠപുസ്തകത്തിന്റെ പുറംചട്ടയിൽ നിർമിച്ച പേപ്പർ പ്ലേറ്റിൽ ചായക്കൊപ്പം വടയും ചട്ണിയും കഴിക്കും. സംസ്ഥാന സർക്കാരിന്റെ മുദ്ര പതിച്ചതും വിദ്യാഭ്യാസ വകുപ്പ് എന്നെഴുതിയതുമായ പാത്രത്തിലാണ് തെങ്കാശി ജില്ലയിലെ ചെങ്കോട്ട അതിർത്തിയിലെ ഒരു ടീ സ്റ്റാളിൽ വടയും ബജ്ജിയുമെല്ലാം വിളമ്പുന്നത്.

ഒരു ക്ലാസിലെ മാത്രം പുസ്തകത്തിന്റെ പുറംചട്ടയല്ല, ഒട്ടുമിക്ക ക്ലാസുകളിലേയും ഉണ്ട്. സംസ്ഥാന സർക്കാരിന്റെ മുദ്രയുള്ള പാത്രത്തിനൊപ്പം ‘State Council of Educational Ressearch & Training(SCERT), Vidhyabhavan, Poojappura, Thiruvanthapuram’ എന്ന വിലാസമുള്ള പാത്രവും ഇക്കൂട്ടത്തിലുണ്ട്. മാർക്കറ്റിലെ കടയിൽ നിന്നാണെന്നാണ് ഈ പാത്രങ്ങൾ ലഭിച്ചതെന്ന് കടയുടമ പറയുന്നു. ഇതു മാത്രമല്ല സംസ്ഥാന സർക്കാരിന്റെ മുദ്ര പതിച്ചതും അല്ലാത്തതുമായ എല്ലാം ഇവിടെ പാത്രമായിട്ട് എത്താറുണ്ടെന്നും കടയുടമ കൂട്ടിച്ചേർത്തു.
പല മത്സര പരീക്ഷകളുടേയും ചോദ്യപേപ്പർ തമിഴ്നാട് ശിവകാശിയിലാണ് നേരത്തെയൊക്കെ അച്ചടിച്ചിരുന്നത്. പാഠപുസ്തകങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രസിലാണ് അച്ചടിക്കുന്നത്. പിന്നെ ഇത്രയും പുസ്തകങ്ങളുടെ പുറംചട്ട തമിഴ്നാട്ടിലെ പേപ്പർ പ്ലേറ്റ് നിർമാണ യൂണിറ്റിൽ എങ്ങനെയെത്തിയെന്ന കാര്യം ദുരൂഹമാണ്.

Related posts

Leave a Comment