വാക്സിനെടുക്കാത്ത അധ്യാപകരെ വേണ്ട; കുടുംബത്തോടെ സിനിമ കാണാൻ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വൈകുന്നേരം വരെ ക്ലാസുകൾ ആരംഭിക്കുന്നത് പരിഗണനയിലിരിക്കെ വാക്സിനെടുക്കാത്ത അധ്യാപകരെ വീട്ടിലിരുത്താനൊരുങ്ങി സർക്കാർ. വിദ്യാഭ്യാസ വകുപ്പ് പലതവണ നിർദ്ദേശം നൽകിയിട്ടും വാക്സിനെടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി നൽകാനാണ് ആലോചന. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സിൻ എടുക്കാനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാൻ കഴിയാത്തവർ അതു രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കണം. അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പെടെ 5000 പേർ വാക്സീൻ എടുത്തില്ലെന്നത് ഗൗരവമുള്ള വിഷയമായാണ് രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള വീടുകളിൽ മുതിർന്നവരെല്ലാം വാക്സിൻ നിർബന്ധമായി എടുക്കണമെന്ന് നിർദ്ദേശിച്ച സർക്കാർ, അധ്യാപകർ വാക്സിനെടുക്കുന്ന കാര്യത്തിൽ അലംഭാവ നിലപാട് തുടർന്നാൽ കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്നും രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നതെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും വിലയിരുത്തൽ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.  അതേസമയം, സിനിമാ തിയേറ്ററുകളിൽ പരമാവധി ആളെ പ്രവേശിപ്പിക്കുന്നതിനും കുടുംബത്തോടൊപ്പമെത്തുന്നവർക്ക് ഹോട്ടലുകളിൽ ഇളവുകൾ അനുവദിക്കുന്നതിനും ആലോചനയുണ്ട്.

Related posts

Leave a Comment