വാക്സിന്‍ ക്ഷാമം അതിരൂക്ഷം, നാല് ജില്ലകളില്‍ ഒരു ഡോസുമില്ല

കൊച്ചിഃ സംസ്ഥാനത്തു കോവിഡ് പ്രതിരോധം പാളി. രാജ്യത്തെ മൊത്തം കോവിഡ് രോഗികളില്‍ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. സര്‍ക്കാരിന്‍റെ പിടിപ്പുകേടും പ്രതിരോധ വാക്സിന്‍റെ അഭാവവുമാണ് രോഗികളുടെ എണ്ണം കുറയാതെ നില്‍ക്കുന്നതിനു കാരണമെന്നാണു വിദഗ്ധര്‍ പറയുന്നത്. സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഇ.പി. ജോയിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. അടിയന്തിരമായി 80 ലക്ഷം ഡോസ് വാക്സിന്‍ കേരളത്തിന് എത്തിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെടും.

കഴിഞ്ഞ പതിനേഴിനാണ് കേരളത്തില്‍ അവസാനമായി വാക്സിന്‍ എത്തിയത്. അതിന്‍റെ വിതരണം ഏറെക്കുറെ പൂര്‍ണമായി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ കോവിഷീല്‍ഡിന്‍റെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇവിടെ കോവാക്സിനും ഇന്നു മുതല്‍ വിതരണത്തിനില്ല. ഈ സാഹചര്യത്തില്‍ ഈ ജില്ലകളിലെ വാക്സിനേഷന്‍ പൂര്‍ണമായും നിലച്ചു. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഇന്നലെ ഏതാനും കേന്ദ്രങ്ങളില്‍ കോവാക്സിന്‍ സ്റ്റോക്കുണ്ട്. ഇന്നുച്ചവരെ അതു വിതരണം ചെയ്യാനാണു നീക്കം. അതുകൂടി കഴിഞ്ഞാല്‍ ഇവിടങ്ങളിലും വാക്സിന്‍ പൂര്‍ണമായും തീരും. ഇതിനകം സ്ലോട്ട് കിട്ടയവര്‍ പോലും പുതിയ സ്റ്റോക്ക് എത്തിക്കുന്നതു വരെ കാത്തിരിക്കേണ്ടിവരും. മിക്കവാറും ഇരുപത്തൊന്‍പതിനു മാത്രമേ ഇനി വാക്സിന്‍ എത്താന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ഇന്നത്തെ ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ കേന്ദ്രം കനിയണം.

കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കു വാക്സിന്‍ നല്‍കിയത്. 4,53,339 പേര്‍ക്ക് അന്നു വാക്സിന്‍ നല്‍കി. പതിനെട്ടിനും നാല്പത്തിനാലിനുമിടയില്‍ പ്രായമുള്ള 1.48 കോടി പേര്‍ക്ക് ഒരു ഡോസ് പോലും കിട്ടിയില്ല. 45 വയസിനു മുകളില്‍ പ്രായമുള്ള 25 ലക്ഷം പേര്‍ ആദ്യത്തെ ഡോസിനു കാത്തിരിക്കുന്നു. മുന്‍ഗണനാ ക്രമത്തിലുള്ളവരില്‍ പകുതിയും ഒരു ഡോസ് പോലും കിട്ടാത്തവരാണ്.

Related posts

Leave a Comment