വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്: തെറ്റ് തിരുത്താൻ അവസരം

തിരുവനന്തപുരം: പല കാരണങ്ങൾ കൊണ്ട്  കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയവർക്ക് തെറ്റ് തിരുത്താൻ വെബ് സൈറ്റിൽ അവസരം. നേരത്തെ, സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങൾ കാരണം വിദേശത്ത് പോകുന്നവർ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടിയിരുന്നു.പാസ്‌പോർട്ട് നമ്പർ ചേർക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും ഇനി സാധിക്കും. സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവർ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കണം. ഇനിയും തെറ്റുപറ്റിയാൽ വീണ്ടും അവസരം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തുന്നത് ഇങ്ങനെ: ആദ്യമായി കോവിൻ വെബ്‌സൈറ്റിലെ ലിങ്കിലെത്തണം  (https://selfregistration.cowin.gov.in). വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി. നമ്പർ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വരും. സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർ വലതുവശത്ത് മുകളിൽ കാണുന്ന റെയ്‌സ് ആൻ ഇഷ്യുവിൽ  (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ്, റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ ഉണ്ടാവും.
സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ എന്നിവ തിരുത്താൻ കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യണം. മതിയായ തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാം. രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റിനായി മെർജ് മൈ മൾട്ടിപ്പിൾ ഡോസിൽ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യണം. പാസ്‌പോർട്ട് നമ്പർ ചേർക്കാൻ ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ചേർക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും സർട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് വിശദാംശത്തിൽ കാണിച്ചാൽ റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാം.
വാക്‌സിൻ നൽകിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൻ വെബ്‌സൈറ്റിലെ  (https://selfregistration.cowin.gov.in) ലിങ്കിൽ പോയി ഒ.ടി.പി. നമ്പർ നൽകി വെബ് സൈറ്റിൽ കയറുക. അപ്പോൾ അക്കൗണ്ട് ഡീറ്റൈൽസിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല.
ഒരു മൊബൈൽ നമ്പരിൽ നിന്നും നാല് പേരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതിനാൽ നാലു പേരുടേയും വിവരങ്ങൾ ഇതുപോലെ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Related posts

Leave a Comment