സാംസ്‌കാരിക നായകർ വില്പനയ്ക്ക് ; വാരവിശേഷം വായിക്കാം

പി സജിത്ത്കുമാർ

സാംസ്‌കാരിക പരിപാടിയിൽ പ്രഭാഷണം നടത്തിയാൽ ഒരാൾ സംസ്‌കാരസമ്പന്നനാകണമെന്നില്ല. അത്തരത്തിലായിരുന്നുവെങ്കിൽ ഇടതുപക്ഷത്തെ പല സാംസ്‌കാരികനായകരും പിണറായി വിജയന്റെ ആസുരഭരണകാലത്ത് മൗനത്തിന്റെ വാല്മീകത്തിൽ ഒതുങ്ങിക്കൂടുമായിരുന്നില്ല.

ചില മൗനങ്ങൾ നമ്മെ വല്ലാതെ ഭയപ്പെടുത്തും. സൈബറിടങ്ങളിൽ ഇടതു പ്രൊഫൈലുകളിൽ നിന്ന് പൊതുപ്രവർത്തകരായ സ്ത്രീകൾക്കെതിരേ നടത്തുന്ന ക്രൂരമായ അധിക്ഷേപങ്ങൾ സംസ്‌കാരത്തിന്റെ സകല സീമകളും ലംഘിക്കുമ്പോൾ അതിനെ മൗനികളായി കാണുന്നവരുടെ സംസ്‌കാരത്തെ നമ്മളെങ്ങനെയാണ് അളക്കേണ്ടത്..?

പുരോഗമനം, നവോത്ഥാനം, സ്ത്രീപക്ഷം, ലിംഗസമത്വം എന്നൊക്കെ പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. പക്ഷേ കരുത്തോടെ ഒരു നിലപാടെടുക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ട്. പുരോഗമന പ്ലാറ്റ്‌ഫോറങ്ങളിൽ ഞെളിഞ്ഞിരുന്ന് പ്രസംഗിക്കും. സംഘാടകർ കൊടുക്കുന്ന കവറും വാങ്ങി പോക്കറ്റിലിട്ട് വീട്ടിലേക്ക് മടങ്ങുന്ന വിവേചനബുദ്ധിയും സ്വതന്ത്രചിന്തയുമൊക്കെ ഏതെങ്കിലും ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ പണയപ്പെടുത്തിയിട്ടുള്ള സാംസ്‌കാരികജീവികളാണ് പെരുകുന്നത്. അക്കാദമികളും അവാർഡുകളും സാംസ്‌കാരികസ്ഥാപനങ്ങളുമുള്ളിടത്തോളം ഭരണകൂടത്തിന് ഇത്തരത്തിൽ കുറേ ആസ്ഥാനവിദ്വാന്മാരെ കിട്ടും.

സ്വന്തം കുഞ്ഞിനു വേണ്ടി, ഒരു യുവതി ശിശുക്ഷേമസമിതിയടക്കമുള്ള സ്ഥാപനങ്ങൾ കയറിയിറങ്ങിയപ്പോൾ, പൊരിവെയിലത്തും മഴയത്തുമൊക്കെ സമരത്തിലേർപ്പെട്ടപ്പോൾ അതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒരു പാടു പേരെത്തി. അത്തരത്തിലുള്ള ആളുകളെ വ്യക്തിഹത്യ ചെയ്യാൻ ഇടതുസൈബറിടങ്ങൾ ഒരുമ്പെട്ടു.

അനുപമയെന്ന യുവതി അവർക്കു മുന്നിൽ അപരാധിയായി. കെ കെ രമയടക്കമുള്ള വനിതാ ജനപ്രതിനിധികൾ അനുപമയെ ചേർത്തു പിടിച്ചപ്പോൾ അവരും ആക്ഷേപിക്കപ്പെട്ടു. സ്ത്രീകളെന്നാൽ പുരുഷന് ഭോഗിക്കാനുള്ള ഉപകരണങ്ങൾ മാത്രമാണെന്ന കാഴ്ചപ്പാട് വെച്ചു പുലർത്തുന്നവരാണ് സൈബറിടങ്ങളിൽ ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്നത്. എം സ്വരാജിനെ പോലുള്ള ഒരു ഇടതുപക്ഷ യുവനേതാവിന്റെ ആരാധകരത്രേ ഈവിധം സ്ത്രീകൾക്കു മേൽ അവഹേളനം ചൊരിയുന്നത്. ഇത്തരക്കാർ എന്റെ ആരാധകരായി വേണ്ടെന്നു പറയാനുള്ള ത്രാണി സ്വരാജിനില്ലാതെ പോകുന്നു. ഇടതുപക്ഷദുരന്തം എന്നല്ലാതെന്തു പറയാൻ. പീഡനത്തിന്റെ തീവ്രത അളന്ന് പാർട്ടി നടപടി തീരുമാനിക്കുന്നവരിൽ നിന്ന് എന്ത് മാന്യതയാണ് കേരളസമൂഹം പ്രതീക്ഷിക്കേണ്ടത്.

അനുപമ എസ്എഫ്‌ഐക്കാരിയായിരുന്നു. കെ കെ രമ എസ്എഫ്‌ഐയുടെ നേതാവായിരുന്നു. അനുപമയുടേയും രമയുടേയും ചിത്രത്തിന് സൈബർ സഖാക്കൾ നൽകിയ വിശേഷണത്തോട് പ്രതികരിക്കേണ്ടത് എസ്എഫ്‌ഐയിലേയും ഡിവൈഎഫ്‌ഐയിലേയും വനിതകളാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകരാണ്. നിങ്ങളെ നിങ്ങളുടെ പാർട്ടിയിൽ പെട്ടവർ എങ്ങനെ വിലയിരുത്തുന്നുവെന്ന ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. ഇതാണ് നിങ്ങളുടെ പാർട്ടിയുടെ സംസ്‌കാരം. നിങ്ങളുടെ പാർട്ടി നേതാക്കളെ താങ്ങി നടന്ന് കാര്യങ്ങൾ സാധിച്ചെടുക്കുന്ന അടിമക്കൂട്ടങ്ങളുടെ പ്രഭാഷണം കേൾക്കുന്നതിനപ്പുറം സാംസ്‌കാരികമായ തിരിച്ചറിവ് വേണ്ടത് അണികൾക്കാണ്. അല്ലാത്ത പക്ഷം നാളെ നിങ്ങൾക്കും ചാർത്തിത്തരും ചില വിളിപ്പേരുകൾ.

Related posts

Leave a Comment