എഐഎസ്‌എഫ് വനിതാ നേതാവിനെ കടന്ന് പിടിച്ച കെ.എം അരുൺ പഴ്‌സണൽ സ്റ്റാഫിലില്ലെന്നു വി.ശിവൻകുട്ടി ; പറഞ്ഞത് പച്ചക്കള്ളം ; പഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്ത്

കോട്ടയം: എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ,എഐഎസ്‌എഫ് വനിതാ നേതാവിനെ കടന്ന് പിടിച്ച്‌ ആക്രമിച്ചവരിൽ പെട്ട കെ.എം.അരുൺ തന്റെ പഴ്‌സണൽ സ്റ്റാഫിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത് പച്ചക്കള്ളം. കെ.എം.അരുണിനെ അദ്ദേഹത്തിന്റെ പഴ്‌സനൽ സ്റ്റാഫിൽ നിയമിച്ചു കൊണ്ടുള്ള സെപ്റ്റംബർ 9 ലെ ഉത്തരവ് പുറത്തുവന്നു.

സെനറ്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ അരുൺ അടക്കമുള്ളവർ ചേർന്ന് ആക്രമിച്ചു, കടന്നുപിടിച്ചു, ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നാണ് എഐഎസ്‌എഫിന്റെ വനിതാ നേതാവ് പരാതി നൽകിയത്. കെ.എം.അരുൺ സ്റ്റാഫ് അംഗമാണോ എന്ന ചോദ്യത്തിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. കെ.എം. അരുണിനെതിരെ പരാതി നൽകിയെങ്കിലും മൊഴി നൽകിയില്ലെന്ന പേരിൽ കേസെടുത്തില്ല. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരാതി കോട്ടയം ഡിവൈഎസ്‌പി അന്വേഷിക്കും.

സംഭവത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോ, കോട്ടയം ജില്ലാ പ്രസിഡന്റ് ദീപക്, നേതാക്കളായ ടോണി കുര്യാക്കോസ്, പ്രജിത്ത് ബാബു, ഷിയാസ് ഇസ്മയിൽ, സുധിൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് കേസ്.

Related posts

Leave a Comment