നോക്കുകൂലി; മന്ത്രിയുടെ മറുപടിയിൽ വൈരുധ്യം; നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വിമർശനം


തിരുവനന്തപുരം: നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നൽകിയ ഉത്തരങ്ങളിൽ വൈരുധ്യം. നോക്കുകൂലി നിരോധിച്ച ഹൈക്കോടതി വിധി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ആദ്യ ചോദ്യത്തിൽ മന്ത്രി പറയുമ്പോൾത്തന്നെ വിധിയുമായി ബന്ധപ്പെട്ട കോടതി വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് രണ്ടാം ചോദ്യത്തിന് മറുപടി. ഇത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സഭാ സമ്മേളന കാലയളവിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ മറുപടിയിൽ തെറ്റായ ഉത്തരം നൽകിയ ഉദ്യോഗസ്ഥർക്കെതിരേ വനം മന്ത്രി നടപടി സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന്റെ ചൂടാറും മുമ്പാണ് തൊഴിൽ മന്ത്രിയുടെ ഉത്തരങ്ങളിലും വൈരുധ്യങ്ങൾ നിറയുന്നത്. തുടർച്ചയായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.ചെയ്യാത്ത ജോലികൾക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിരോധിച്ച് 2018ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി മറ്റു ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയിച്ചിട്ടുണ്ട്. നോക്കുകൂലി വാങ്ങുന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ ചുമട്ടുതൊഴിലാളി രജിസ്ട്രേഷൻ കാർഡ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും റോജി എം. ജോൺ, അൻവർ സാദത്ത്, എ.സി ബാലകൃഷ്ണൻ, സി.ആർ മഹേഷ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

Related posts

Leave a Comment