സിഎജിയുടെ കണ്ടെത്തലുകൾ യുഡിഎഫ് ആരോപണങ്ങൾ ശരിവെയ്ക്കുന്നത്: വി.ഡി സതീശൻ

തിരുവനന്തപുരം: 2018ലെ മഹാ പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന സിഎജിയുടെ കണ്ടെത്തൽ പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡാം മാനേജ്മെന്റിൽ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്. സി.എ.ജി യുടെ ചോദ്യങ്ങൾക്ക് സർക്കാർ കൊടുത്ത മറുപടിയിൽ ഡാം മാനേജ്മെന്റിൽ പരാജയം ഉണ്ടായെന്ന്  സമ്മതിച്ചിരിക്കുകയാണ്.  ഡാം മാനേജ്മെന്റിൽ കുഴപ്പമില്ലെന്ന്  മുഖ്യമന്തി നിയമസഭയിലും പറഞ്ഞത് വിരോധാഭാസമാണ്. ഡാം മാനേജ്മെന്റിന്റെ എബിസിഡി അറിയാത്തവരാണ് സാഹചര്യം വഷളാക്കിയത്. എന്നിട്ടും അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറായില്ല. കുറ്റക്കാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. കടമെടുത്ത് കൂട്ടുന്നതിലെ അപകടവും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു. 2020 ൽ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് സി.എ.ജി റിപ്പോർട്ടിലും പറയുന്നത്. ഇത്രയും വലിയ കടക്കെണിയിൽ സംസ്ഥാനം നിൽക്കുമ്പോഴാണ് 1.24 ലക്ഷം കോടി ചിലവാക്കി സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ വാശി പിടിക്കുന്നത്. ഇത്രയും പണം എവിടെ നിന്ന് കണ്ടെത്തും. 1.24 ലക്ഷം കോടിയുടെ ബാധ്യത സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീചമായ ശ്രമമാണ് സർക്കാർ നടത്തുന്നത്. സംഘപരിവാർ സർക്കാരിനെപ്പോലെ ആസൂത്രണത്തെ പിന്തള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന തീവ്ര വലതുപക്ഷ നിലപാടാണ് സർക്കാരിന്റേത്. ഇടതുപക്ഷത്തു നിന്നുള്ള  നയവ്യതിയാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment