ഗുജറാത്ത് സന്ദർശനം സംഘപരിവാറുമായി പിണറായി നടത്തിയ ഗൂഡാലോചന; സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ച് ധവളപത്രം ഇറക്കണം

പി.സി ജോർജിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണം

തിരുവല്ല: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തിന് ദേശീയതലത്തിൽ മാന്യത നൽകുന്നതിന് വേണ്ടി ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദർശിച്ചlതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2013-ൽ മന്ത്രിയായിരുന്ന ഷിബു ബേബി ജോൺ ഗുജറാത്ത് സന്ദർശിച്ചതിനെ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ രൂക്ഷമായാണ് വിമർശിച്ചത്. വർഗീയ ശക്തികൾ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് കേരളത്തിലെ ഒരു മന്ത്രി പോയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുമതിയോടെയാണെന്നും ബി.ജെ.പിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്നുമാണ് പിണറായി പറഞ്ഞത്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുൻപായി കേരളത്തിലെ ചീഫ് സെക്രട്ടറി ​ഗുജറാത്തിൽ പോകാൻ തീരുമാനിക്കുകയും ഗുജറാത്ത് മോഡലിനെ കുറിച്ച് പ്രകീർത്തിക്കുകയും ചെയ്തത് ദുരൂഹമാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമായിരുന്നു യാത്ര. ഇതുവരെ കേരള മോഡലിൽ അഭിമാനിച്ചിരുന്ന സി.പി.എം നേതാക്കാൾ ഇപ്പോൾ ഗുജറാത്ത് മോഡലിൽ അഭിമാനിക്കുന്നത് വളരെ വിചിത്രമാണെന്നും സതീശൻ.
സി.പി.എം- സംഘപരിവാർ അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ പോലും ഗുജറാത്തിലെ ബി.ജെ.പി സർക്കാരിനെ വാഴ്ത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുക എന്ന ദുഷ്ടലക്ഷ്യമാണ് കേരളത്തിലെ സി.പി.എമ്മിന്. പാർട്ടി കോൺഗ്രസിലെ സ്വാഗത പ്രസംഗത്തിൽ പോലും മോദിക്കോ ബി.ജെ.പിക്കോ സംഘപരിവാറിനോ എതിരെ ശബ്ദിക്കാതിരുന്ന പിണറായി വിജയൻ സംഘപരിവാറുമായി ഉണ്ടാക്കിയിരിക്കുന്ന ബാന്ധവത്തിന്റെ ഉദാഹരണമാണ് ഗുജറാത്ത് സന്ദർശനം.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർന്ന് തരിപ്പണമായിരിക്കുന്ന സാഹചര്യത്തിലും സിൽവർ ലൈനുമായി പോകുന്നതിനെ യു.ഡി.എഫ് ശക്തിയായി എതിർക്കുക തന്നെ ചെയ്യും. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക നില വ്യക്തമാക്കുന്നതിന് ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണം.

വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് പി.സി ജോർജ് പറഞ്ഞത്. ആരെ സന്തോഷിപ്പിക്കാനാണ് ഇത് പറഞ്ഞതെന്ന് വ്യക്തമല്ല. കരുതലോടെ മുൻകൂട്ടി നടത്തിയ പ്രസംഗമാണിത്. അതിനെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയാറാകണം.

സിനിമാ മേഖലയിൽ നിന്നും നിരന്തരമായി പരാതികൾ ഉയരുകയാണ്. അതിനെ ഗൗരവത്തോട് കൂടിയാണ് നോക്കിക്കാണേണ്ടത്. സർക്കാർ എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുന്നത്? റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയാറാകണം. അത് നിയമസഭയ്ക്ക് അകത്തും പുറത്തും ചർച്ച ചെയ്യണം. സിനിമാ മേഖലയിൽ ഇത്തരം അനാശാസ്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി ഈ റിപ്പോർട്ട് പുറത്ത് വരേണ്ടതുണ്ട്. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയാറാകണം.

സി.പി.ഐയുടെ പല പ്രവർത്തകരും കെ റെയിൽ കുറ്റി ഊരി എറിയാൻ യു.ഡി.എഫിനൊപ്പമുണ്ട്. കെ- റെയിൽ കുറ്റികൾക്ക് കാവൽ നിൽക്കുമെന്ന് പറയുന്ന കാനം രാജേന്ദ്രൻ ആദ്യം സ്വന്തം പാർട്ടി പ്രവർത്തകരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു.

Related posts

Leave a Comment