കരുണാകരൻ മതേതരത്വം ഉയർത്തിപ്പിടിച്ച നേതാവ് : വി.ഡി.സതീശൻ

തിരുവനന്തപുരം: കരുണാകരനെപ്പോലെ മതേതരത്വം ഉയർത്തിപ്പിടിച്ചൊരു നേതാവ് കേരളത്തിലുണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരുണാകരനൊപ്പം 36വർഷം പ്രവർത്തിച്ച് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.എസ്. പ്രേമചന്ദ്രക്കുറിപ്പ് രചിച്ച ‘ലീഡർക്കൊപ്പം മൂന്നരപതിറ്റാണ്ട്’ സർവീസ് സ്റ്റോറി പ്രകാശനം ചെയ്യുകയായിരുന്നു വി.ഡി.സതീശൻ. എല്ലാ മതങ്ങളെയും അദ്ദേഹം ഒരുപോലെ സ്‌നേഹിച്ചു. തികഞ്ഞ ദേശീയവാദിയായ കെ.കരുണാകരൻ അപാര നർമ്മബോധത്തിന് ഉടമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാമോലിൻ ഇടപാടിൽ സംസ്ഥാനത്തിന് നേട്ടമാണുണ്ടായത്. അതാരും മനസിലാക്കിയില്ലെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. കെ.മുരളീധരൻ എം.പി പുസ്തകം സ്വീകരിച്ചു. കരുണാകരന്റെ ജീവിതം വേട്ടയാടലുകളുടേതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1960 ൽ തൃശ്ശൂരിൽ സീറ്റ് നിഷേധിച്ചപ്പോൾ മുതൽ അത് തുടങ്ങിയിരുന്നു. രാജൻ മരിച്ചെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. താൻ രാജിവച്ചാൽ രാജൻ പുറത്തുവരുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാൻ അദ്ദേഹം തയാറായിരുന്നില്ല. ഉദ്യോഗസ്ഥർക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതായിരുന്നു കാരണം. അദ്ദേഹത്തിന്റെ വികസന േനട്ടത്തിന് കൊച്ചി വിമാനത്താവളം മാത്രം പരിഗണിച്ചാൽ മതിയാകും. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് മുന്നണി ഭരത്തിലുണ്ടായിരുന്നിട്ടും വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകാൻ കഴിയാത്തത് സ്വകാര്യദുഖമായി നിൽക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഡി.ഐ.ജിയായിരുന്ന ജയറാം പടിക്കലിനെ വിശ്വസിച്ചതാണ് രാജൻ കേസിൽ കെ.കരുണാകരന് വിനയായതെന്നാണ് കെ.എസ്.പ്രേമചന്ദ്രക്കുറിപ്പ് പുസ്തകത്തിലൂടെ തുറന്ന് കാട്ടുന്നത്. രാജൻ കേസ് വിവാദമായപ്പോഴാണ് മുഖ്യമന്ത്രിയായ കരുണാകരന്റെ ശ്രദ്ധയിൽപെട്ടത്. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന വിവരമാണ് പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് നൽകിയത്. കരുണാകരൻ അതുവിശ്വസിക്കുകയും ചെയ്‌തെന്നും പ്രേമചന്ദ്രക്കുറുപ്പ് പറയുന്നു. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, ഭാരത് വിദ്യാഭവൻ ഉപാധ്യക്ഷൻ ഡോ. വി. ഉണ്ണികൃഷ്ണൻനായർ, സി.ഉണ്ണികൃഷ്ണൻ, അജിത്ത് വെണ്ണിയൂർ, ഗ്രന്ഥകർത്താവ് കെ.എസ്.പ്രേമചന്ദ്രക്കുറിപ്പ് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment