സംഘപരിവാറിന് വടി കൊടുക്കുന്ന കേരള പൊലീസ് ;വർഗീയ അജണ്ടയുണ്ടാക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ വർഗീയ അജണ്ട ഉണ്ടാക്കാൻ വേണ്ടി പേരിന്റെ അടിസ്ഥാനത്തിൽ തീവ്രവാദ ബന്ധം ചാർത്തിയ കേരള പൊലീസ് സംഘപരിവാറിന് വടി കൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആലുവയിൽ സമരം ചെയ്ത കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേരള പൊലീസ് തീവ്രവാദ ബന്ധം ചുമത്തിയ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് പറയുന്നത്. എം.പിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിലുള്ള സമരത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാൻ കൂട്ടുനിന്നത് കേരള പൊലീസിലെ സംഘപരിവാർ സാന്നിധ്യമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ തീവ്രവാദ ബന്ധം ചുമത്താൻ സംഘപരിവാർ ശക്തികൾക്ക് കേരളത്തിലെ പൊലീസ് അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇല്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഒരു വീഴ്ചയ്ക്ക് ഒരു സമൂഹത്തിൽപ്പെട്ട മുഴുവൻ പേരും അപമാനിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്കു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment