ഉത്രാടക്കിഴി നാളെ, ഒരു രൂപ തമ്പുരാട്ടിക്ക്, ബാക്കി ദുരിതാശ്വാസത്തിന്

കോട്ടയംഃ തിരുക്കൊച്ചി രാജഭരണത്തിന്‍റെ അവശേഷിപ്പുകളില്‍ അവസാനത്തേതെന്നു കരുതുന്ന ഉത്രാടക്കിഴി സമര്‍പ്പണം നാളെ. രാജവംശത്തിലെ സ്ത്രീകള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ഓണക്കോടി വാങ്ങാന്‍ അനുവദിക്കുന്ന പണമാണ് ഉത്രാടക്കിഴി. രാജഭരണം നാടു നീങ്ങിയിട്ടും നാട്ടുനന്മയുടെ പച്ചപ്പായി ഈ ആചാരം ഇന്നും നിലനില്‍ക്കുന്നു.

വയസ്കരക്കുന്ന – രാജ് ഭവൻ കോവിലകത്ത് നടക്കുന്ന ചടങ്ങിൽ സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പങ്കെടുക്കും. രാവിലെ പത്തിനാണ് കിഴി സമർപ്പണം. സൗമ്യവതി തമ്പുരാട്ടിക്കാണ് ആചാരപ്രകാരം റവന്യൂ ഉദ്യോഗസ്ഥർ കിഴി കൈമാറുക.
തൃശൂർ കലക്‌ടറേറ്റിൽ നിന്നുള്ള പ്രത്യേക പ്രതിനിധി ഓരോ വർഷവും തുക കോട്ടയം താലൂക്ക് ഓഫിസിൽ നേരിട്ട് എത്തിക്കുകയാണ് പതിവ്. തൃശൂർ ട്രഷറി യിൽ നിന്നു 14 രൂപയാണ് ഇതിനായി നേരത്തെ നൽകിയിരുന്നത്. പിന്നീട് കിഴിയുടെ തുക 1001 രൂപയാക്കി ഉയർത്തി. ഉത്രാടക്കിഴി കൈപ്പറ്റുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്നു താലൂക്ക് ഓഫിസിൽ നിന്നു നേരത്തെ വീട്ടിലെത്തി പരിശോധന നടത്തി കോട്ടയം കലക്ടർക്കു റിപ്പോർട്ടു നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ കലക്ടറേറ്റിൽ നിന്നു തുക അനുവദിക്കുന്നത്.

വയസ്‌കര രാജഭവനിൽ എ.ആർ. രാജരാജവർമയുടെ ഭാര്യയാണ് സൗമ്യവതിത്തമ്പുരാട്ടി. കൊച്ചി രാജവംശത്തിന്റെ പിൻമുറക്കാരിയെന്ന നിലയ്‌ക്കാണു ഉത്രാടക്കിഴി തമ്പുരാട്ടിക്കു ലഭിക്കുന്നത്. രാജഭരണക്കാലത്ത് രാജകുടുംബാംഗങ്ങളിലെ സ്‌ത്രീകൾക്ക് ഓണത്തിനു പുതുവസ്‌ത്രം വാങ്ങാൻ നൽകി വന്നതാണ് ഉത്രാടക്കിഴി. തിരു- കൊച്ചി സംയോജനത്തോടെ കിഴി നൽകുന്ന ചുമതല സർക്കാരിനായി. കൊച്ചി രാജവംശത്തിൽപ്പെട്ട ഇളങ്കുന്നപ്പുഴ നടയ്‌ക്കൽ കോവിലകത്തെ അംഗമാണു സൗമ്യവതി. കിഴക്കുംഭാഗത്തു മനയ്‌ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെയും മകളാണ്.

മുന്‍ വര്‍ഷങ്ങളില്‍ ഉത്രാടക്കിഴിയില്‍ നിന്ന് ഒരു രൂപ തമ്പുരാട്ടി എടുക്കുകയായിരുന്നു പതിവ്. ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ഈ വര്‍ഷവും പതിവ് തെറ്റിക്കില്ലെന്നു തമ്പുരാട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

Related posts

Leave a Comment