ഉത്രവധക്കേസ് വിധി നാളെ, വീർപ്പടക്കി നാടും വീടും, പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ മാതാപിതാക്കൾ

കൊല്ലം: കേരളത്തിൻറെ മനഃസാക്ഷിയെ പിടിച്ചുലച്ച ഉത്ര വധക്കേസിലെ വിധി നാളെ വരാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഉത്രയുടെ കുടുംബവും നാടും. സ്ത്രീധനത്തിൻറെ പേരിൽ നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും വിഷപ്പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ചരിത്രത്തിലാദ്യം. അതു തന്നെയാണ് ഈ കേസിന്റെ പ്രത്യേകതയും. ഭാര്യയെ കൊലപ്പെടുത്താൻ ഒരു ഭർത്താവും ഇത്രയധികം ക്രൂരത കാണിച്ചിട്ടില്ല. തങ്ങളുടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുമെന്ന് ഉത്രയുടെ മാതാപിതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജീവിത പങ്കാളിയെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ച് സുഖിച്ചു ജീവിക്കാമെന്നായിരുന്നു പ്രതി സൂരജിന്റെ ചിന്ത. അതിനാണ് നാളെ വിധി വരുന്നത്. അഞ്ചൽ ഏറം വിഷു വീട്ടിൽ വിജയസേനൻറെയും മണിമേഖലയുടെയും മകൾ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ആണു കേസിലെ ഒന്നാം പ്രതി. ഇയാളുടെ അച്ഛൻ സുരേന്ദ്ര പണിക്കർ അമ്മ രേണുക, സഹോദരി സൂര്യ, എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പാമ്പ് പിടിത്തക്കാരൻ സന്തോഷ് എന്നയാൾ രണ്ടാം പ്രതി ആയിരുന്നെങ്കിലും ഇയാളെ പിന്നീടു കോടതി മാപ്പ് സാക്ഷിയാക്കി.
അപൂർവങ്ങളിൽ അത്യപൂർവമെന്നു പ്രോസിക്യൂഷൻ വാദിച്ച കേസിൽ പ്രതിക്കു പരമാവധി ശിക്ഷ വിധിക്കണമെന്നാണ് ഉത്രയുടെ മാതാപിതാക്കളുടെയും ആവശ്യം. കൊല്ലം സെഷൻസ് കോടതി ആറ് ജഡ്ജി എം. മനോജ് വിധി പറയാനിരിക്കെ, അതിൻറെ ആഴം കാത്തിരിക്കുകയാണ് കൊല്ലം ജില്ല അപ്പാടെ.

98 പവൻ, അഞ്ച് ലക്ഷം രൂപ, മാരുതി ബെലേനോ കാർ,
എന്നിട്ടും സൂരജ് പറഞ്ഞു, ഇനിയും വേണം സ്ത്രീധനം

2018 മാർച്ച് 25 നായിരുന്നു സൂരജിൻറെയും ഉത്രയുടയും വിവാഹം. വിവാഹത്തിന് 98 പവൻ, അഞ്ച് ലക്ഷം രൂപ, മാരുതി ബെലേനോ കാർ എന്നിവ സ്ത്രീധനമായി നൽകിയെന്ന് ഉത്രയുടെ മാതാപിതാക്കൾ പറയുന്നു. വിവാഹം കഴിഞ്ഞ ആറു മാസം വരെ വലിയ കുഴപ്പങ്ങളില്ലായിരുന്നു. എന്നാൽ ആറു മാസങ്ങൾ കഴിഞ്ഞതോടെ സൂരജ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ക്രമേണ ഉത്രയെ മർദിക്കുന്നതടക്കമുള്ള പീഡനങ്ങൾക്കും ഇരയാക്കി. ക്രൂരമായ പീഡനം സഹിക്കേണ്ടി വന്നപ്പോഴും ഉത്ര മാതാപിതാക്കളെ സമീപിച്ച് കൂടുതൽ സഹായം വാങ്ങി സൂരജിനെ ഏല്പിക്കുകയായിരുന്നു. തുടർന്ന് ഒത്തുതീർപ്പെന്ന നിലയിൽ പ്രതിമാസം 8000 രൂപ വീതം സൂരജിനു ഉത്രയുടെ മാതാപിതാക്കൾ കൃത്യമായി നൽകി.

ഇതിനു പുറമേ പല ആവശ്യങ്ങൾ പറഞ്ഞ് 15 ലക്ഷം രൂപ കൂടി ഇയാൾ തന്നിൽ നിന്ന് ഈടാക്കിയതായി വിജയ സേനൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പക്ഷേ, അതിലൊന്നും സൂരജ് തൃപ്തനായിരുന്നില്ല. വീണ്ടും വീണ്ടും സ്ത്രീധനമാവശ്യപ്പെട്ട് കലഹം തുടർന്നുകൊണ്ടേയിരുന്നു. ശല്യം സഹിക്ക വയ്യാതായപ്പോൾ മകളെ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോന്നതായി വിജയസേനൻ പറഞ്ഞു.


* ഉത്രയെ ഒഴിവാക്കാൻ ശ്രമം, സഹായത്തിന് അമ്മയും സഹോദരിയും


വീട്ടിലെത്തിയ ശേഷം സൂരജ് പല പ്രാവശ്യം ഉത്രയെ തിരക്കി വന്നു. ഭർത്താവിനൊപ്പം പോകാൻ ഉത്രയും തീരുമാനിച്ചു‌. എന്നാൽ ഇതൊരു കെണിയാണെന്ന് വിജയസേനനോ മകളോ കരുതിയില്ല. ഉത്രയെ പറക്കോട്ടുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമ്പോൾ സൂരജിൻറെ മനസിൽ മറ്റു ചില കണക്കുകൂട്ടലുകളായിരുന്നു. ഏതു വിധേനയും ഉത്രയെ വകവരുത്തുക. കോടികൾ വിലമതിക്കുന്ന അവളുടെ സ്വത്തുവകകൾ കൈവശപ്പെടുത്തുക. 2020 ജനുവരി മുതൽ സൂരജ് അതിനുള്ള കരുക്കൾ നീക്കി. സൂരജിൻറെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും അതിന് ഒത്താശ ചെയ്തുകൊടുത്തു. എന്നാൽ കേരളത്തിൻറെ കുറ്റകൃത്യ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ പാമ്പോനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുക എന്ന ഭീകര ദൗത്യം തൻറെ കിടക്ക പങ്കിടുന്ന ഭാര്യയുടെ മേൽത്തന്നെ പ്രയോഗിക്കാൻ സൂരജ് തീരുമാനിച്ചു.


തീരുമാനത്തിനു പിന്നിൽ ആസുരബുദ്ധി

പദ്ധതി നടപ്പാക്കാൻ പാമ്പുപിടിത്തക്കാരെയാണ് ആദ്യം സൂരജ് അന്വേഷിച്ചത്. പല കേന്ദ്രങ്ങളിലും ഈ അന്വേഷണം നടത്തിയിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചു. ഒടുവിലാണ് പരിചയക്കാർ മുഖേന ചാത്തന്നൂർ ചാവരുകാവ് സ്വദേശി സുരേഷ് എന്ന പാമ്പാട്ടിയിലേക്ക് അന്വേഷണമെത്തിയത്. കളവുകൾ പറഞ്ഞ് ആദ്യം സൂരജ് ഒരു അണലിയെ വിലകൊടുത്തു വാങ്ങി. കുപ്പിയിൽ പറക്കോട്ടുള്ള വീട്ടിൽ പാമ്പിനെ എത്തിക്കുകയായിരുന്നു. രാത്രി ഉത്ര ഉറങ്ങിയപ്പോൾ സൂരജ് എഴുന്നേറ്റ് കുപ്പിയിൽ നിന്നു അണലിയെ അവളുടെ കാലിലേക്ക് ഇറക്കിവിട്ടു. ഇഴഞ്ഞുമാറുന്നതിനു മുൻപ് പാമ്പിനെ പ്രകോപിപ്പിച്ചു കടിപ്പിക്കുകയും ചെയ്തു.


പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താം എന്ന തീരുമാനത്തിനു പിന്നിൽ ആസുരബുദ്ധിയാണ് സൂരജ് പ്രയോഗിച്ചത്. ഒന്ന് കൊലപാതകമാണു നടന്നതെന്ന് ആരും സംശയിക്കില്ല. രണ്ട് ആരും തന്നെ സംശയിക്കില്ല. മൂന്ന് പിടിക്കപ്പെട്ടാലും വലിയ പരുക്കില്ലാതെ രക്ഷപ്പെടാം. പക്ഷേ, സൂര്യക്ക് പിഴച്ചത് അവിടെയാണ്. എല്ലാം കണക്കുകൂട്ടിയിടത്തു തന്നെ ആദ്യം വന്നെങ്കിലും പിന്നീടുള്ള പെരുമാറ്റത്തിൽ അയാളെ പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു.

കടിയേറ്റ് ഉറക്കമുണർന്ന ഉത്ര വേദന കൊണ്ടു പുളഞ്ഞെങ്കിലും ആദ്യം സൂരജ് കാര്യമാക്കിയില്ല. വിഷം ശരീരത്തിൽ വ്യാപിച്ചു എന്നുറപ്പാക്കിയ ശേഷം വീട്ടുകാരെ വിളിച്ചുണർത്തി ഉത്രക്ക് പാമ്പ്കടിയേറ്റ വിവരം അറിയിച്ചു. അവരുടെ സഹായത്തോടെ ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്ഡകി. ചെലവെല്ലാം ഉത്രയുടെ വീട്ടുകാരാണ് വഹിച്ചത്. ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷം ഉത്ര ജീവിതത്തിലേക്കു തിരികെയെത്തി. സൂരജിന് അതു വലിയ ഷോക്കായിരുന്നു. പക്ഷേ, മനഃസാക്ഷി മരവിച്ചുതന്നെ കിടന്നു. ഇനിയെന്ത് എന്നായിരുന്നു പിന്നീടുള്ള ആലോചന.


രണ്ടാമത്തെ ശ്രമം ഫലിച്ചു, പാമ്പ് പോലും പേടിച്ചു


ഉത്ര മരിച്ചില്ല എന്നത് സൂരജിൽ വലിയ പ്രശ്നങ്ങളാണുണ്ടാക്കിയത്. പക കൂടി. അത് അയാളെ കൊണ്ടെത്തിച്ചത് വീണ്ടും സുരേഷിൻറെ പക്കൽത്തന്നെയായിരുന്നു. ഇത്തവണ ആവശ്യപ്പെട്ടത് മൂർഖനെ ആയിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും ഉഗ്ര വിഷമുള്ള കരിമൂർഖനെത്തന്നെ പിന്നീട് അയാൾ സൂരജിനു കൈമാറി. ഈ പാമ്പിനെ വാങ്ങുമ്പോൾ ഉത്ര അവളുടെ അഞ്ചലിലെ വീട്ടിലായിരുന്നു. വീട്ടിലെല്ലാവർക്കും ഐസ് ക്രീമും മറ്റ് പലഹാരങ്ങളുമായെത്തിയ സൂരജിൻറെ ബാഗിൽ കരിമൂർഖനുമുണ്ടെന്ന് ആരും അറിഞ്ഞതേയില്ല. രാത്രി അത്താഴം കഴിച്ച്, സൂരജ് നൽകിയ ഐസ്ക്രീമും കഴിച്ച് എല്ലാവരും ഉറങ്ങാൻ കിടന്നു. അർധരാത്രിയോടെ സൂരജിലെ വിഷപ്പാമ്പും പത്തി വിടർത്തി. ബാഗിൽ സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്ന് അയാൾ കരിമൂർഖനം പഴയതു പോലെ ഉത്രയുടെ ശരീരത്തിലേക്കു കടത്തി വിട്ടു. പക്ഷേ, ദയ തോന്നിയ പമ്പ് അവളെ കടിക്കാതെ നിലത്തേക്കിഴഞ്ഞു. അതിനെ തിരികെ ഉത്രയുടെ ദേഹത്തേക്കു തന്നെ തിരികെക്കയറ്റി, പ്രകോപിപ്പിച്ചു കടിപ്പിച്ചു. എന്നിട്ടു പാമ്പിനെ നിലത്തെത്തിച്ച് സൂരജും കട്ടിലി‍ൽ കിടന്നു.

അടുത്ത ദിവസം രാവിലെ ഉത്ര ഉണരാൻ വൈകിയപ്പോളാണ് അമ്മ തിരക്കിയെത്തിയത്. അപ്പോഴേക്കും ശരീരമാകെ വിഷം കയറി നി നിറമായിരുന്നു. പക്ഷേ അപ്പോഴും അവൾക്കു ജീവനുണ്ടായിരുന്നു. ഉത്രയെ വീണ്ടും പാമ്പ് കടിച്ചെന്ന് സൂരജ് തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. അലമാരയുടെ കീഴിൽ നിന്ന് പാമ്പിനെ കണ്ടെത്തയതും അയാൾ തന്നെയായിരുന്നു. രണ്ടാമതും സർപ്പദംശമേറ്റത് ദുർവിധിയാണെന്നു കരുതിയ ഉത്രയുടെ മാതാപിതാക്കൾക്ക് സൂരജിൻറെ തുടർന്നുള്ള പെരുമാറ്റത്തിൽ സംശയം തോന്നി. അതു ക്രമേണ വളർന്നു പൊലീസ് കേസായി. ചോദ്യം ചെയ്യലിൽ സൂരജ് തുറന്നു സമ്മതിച്ചു, “അതു ഞാനാണ് ചെയ്തത്. രണ്ടു തവണ പാമ്പ്നെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതു താൻ മാത്രമാണ്.”

പ്രതിയുടെ കുറ്റസമ്മതം, സാക്ഷികൾ, രേഖകൾ,പാമ്പിൻറെ ജഡമടക്കം തൊണ്ടിസാധനങ്ങൾ. ഉത്ര വധക്കേസിൻറെ അസാധാരണത്വം തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയത് ഇത്രയും തെളിവുകൾ. അപൂർവങ്ങളിൽ അത്യപൂർവമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചാൽ സൂരജിനെ കാത്തിരിക്കുന്നത് വധ ശിക്ഷ വരെ. സൂരജിൻറെ അമ്മ രേണുക, അച്ഛൻ സുരേന്ദ്രൻ, സഹോദരി സൂര്യ, എന്നിവരും പ്രതികളാണ്. അവരുടെ ശിക്ഷയും തിങ്കളാഴ്ച അറിയാം.രണ്ടാം പ്രതി പാമ്പ്പിടിത്തക്കാരൻ സുരേഷ് കേസിലെ മാപ്പ് സാക്ഷിയാണ്.

Related posts

Leave a Comment