ഉത്രാ കൊലപാതകം: കേസില്‍ വിധി തിങ്കളാഴ്ച

കൊല്ലം: ഉത്രാ കൊലപാതക കേസിൽ വിധി നാളെ. അഞ്ചൽ സ്വദേശിനി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറയുക. ഉത്ര മരിച്ച് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്.

സ്ത്രീധനമായി ലഭിച്ച സ്വർണാഭരണങ്ങളും കാറും പണവും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സൂരജ് ഭാര്യയായിരുന്ന ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. കേസിൽ റെക്കോർഡ് വേഗത്തിലാണ് കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടത്തിയത്. അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്രയുടെ മാതാപിതാക്കൾ പ്രതികരിച്ചു. 2020 മെയ് ഏഴിന് പുലർച്ചെ അഞ്ചലിലെ വീട്ടിൽ കിടപ്പുമുറിയിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭർതൃവീട്ടിൽ വച്ച് മാർച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു. തുടർച്ചയായി രണ്ടുതവണ പാമ്പുകടിച്ചതിലും എസി മുറിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയതിലും സംശയം തോന്നിയതോടെ ഉത്രയുടെ കുടുംബം പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പു സാക്ഷിയാണ്.

Related posts

Leave a Comment