പാമ്പ് പിന്മാറിയ ക്രൂരതയ്ക്ക് തിങ്കളാഴ്ച വിധി, അപൂര്‍വങ്ങളില്‍ അത്യപൂര്‍വം

കൊല്ലം: കേരളത്തിന്‍റെ മനഃസാക്ഷിയെ പിടിച്ചുലച്ച ഉത്ര വധക്കേസിലെ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഉത്രയുടെ കുടുംബവും നാടും. സ്ത്രീധനത്തിന്‍റെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിഷപ്പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ചരിത്രത്തിലാദ്യം. ജീവിത പങ്കാളിയെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ച് സുഖിച്ചു ജീവിക്കാമെന്നു സ്വപ്നം കണ്ട ഒരു പമ്പര വിഡ്ഢിയുടെ ദുര്‍വിധിയാണ് തിങ്കളാഴ്ച വരാനിരിക്കുന്നത്. അഞ്ചല്‍ ഏറം വിഷു വീട്ടില്‍ വിജയസേനന്‍റെ മകള്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ അടൂര്‍ പറക്കോട് ശ്രീ സൂര്യയില്‍ സൂരജ് ആണു കേസിലെ ഒന്നാം പ്രതി. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്നു പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ പ്രതിക്കു പരമാവധി ശിക്ഷ വിധിക്കണമെന്നാണ് ഉത്രയുടെ മാതാപിതാക്കളുടെയും ആവശ്യം. കൊല്ലം സെഷന്‍സ് കോടതി ആറ് ജഡ്ജി എം. മനോജ് തിങ്കളാഴ്ച വിധി പറയാനിരിക്കെ, അതിന്‍റെ ആഴം കാത്തിരിക്കുകയാണ് കൊല്ലം ജില്ല അപ്പാടെ.

  • 98 പവന്‍, അഞ്ച് ലക്ഷം രൂപ, മാരുതി ബെലേനോ കാര്‍,
  • എന്നിട്ടും സൂരജ് പറഞ്ഞു, ഇനിയും വേണം സ്ത്രീധനം

2018 മാര്‍ച്ച് 25 നായിരുന്നു സൂരജിന്‍റെയും ഉത്രയുടയും വിവാഹം. വിവാഹത്തിന് 98 പവന്‍, അഞ്ച് ലക്ഷം രൂപ, മാരുതി ബെലേനോ കാര്‍ എന്നിവ സ്ത്രീധനമായി നല്‍കിയെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നു. വിവാഹം കഴിഞ്ഞ ആറു മാസം വരെ വലിയ കുഴപ്പങ്ങളില്ലായിരുന്നു. എന്നാല്‍ ആറു മാസങ്ങള്‍ കഴിഞ്ഞതോടെ സൂരജ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ തുടങ്ങി. ക്രമേണ ഉത്രയെ മര്‍ദിക്കുന്നതടക്കമുള്ള പീഡനങ്ങള്‍ക്കും ഇരയാക്കി. ക്രൂരമായ പീഡനം സഹിക്കേണ്ടി വന്നപ്പോഴും ഉത്ര മാതാപിതാക്കളെ സമീപിച്ച് കൂടുതല്‍ സഹായം വാങ്ങി സൂരജിനെ ഏല്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പെന്ന നിലയില്‍ പ്രതിമാസം 8000 രൂപ വീതം സൂരജിനു ഉത്രയുടെ മാതാപിതാക്കള്‍ കൃത്യമായി നല്‍കി.

ഇതിനു പുറമേ പല ആവശ്യങ്ങള്‍ പറഞ്ഞ് 15 ലക്ഷം രൂപ കൂടി ഇയാള്‍ തന്നില്‍ നിന്ന് ഈടാക്കിയതായി വിജയ സേനന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പക്ഷേ, അതിലൊന്നും സൂരജ് തൃപ്തനായിരുന്നില്ല. വീണ്ടും വീണ്ടും സ്ത്രീധനമാവശ്യപ്പെട്ട് കലഹം തുടര്‍ന്നുകൊണ്ടേയിരുന്നു. ശല്യം സഹിക്ക വയ്യാതായപ്പോള്‍ മകളെ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോന്നതായി വിജയസേനന്‍ പറഞ്ഞു.

  • ഉത്രയെ ഒഴിവാക്കാന്‍ ശ്രമം, സഹായത്തിന് അമ്മയും സഹോദരിയും

വീട്ടിലെത്തിയ ശേഷം സൂരജ് പല പ്രാവശ്യം ഉത്രയെ തിരക്കി വന്നു. ഭര്‍ത്താവിനൊപ്പം പോകാന്‍ ഉത്രയും തീരുമാനിച്ചു‌. എന്നാല്‍ ഇതൊരു കെണിയാണെന്ന് വിജയസേനനോ മകളോ കരുതിയില്ല. ഉത്രയെ പറക്കോട്ടുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമ്പോള്‍ സൂരജിന്‍റെ മനസില്‍ മറ്റു ചില കണക്കുകൂട്ടലുകളായിരുന്നു. ഏതു വിധേനയും ഉത്രയെ വകവരുത്തുക. കോടികള്‍ വിലമതിക്കുന്ന അവളുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്തുക. 2020 ജനുവരി മുതല്‍ സൂരജ് അതിനുള്ള കരുക്കള്‍ നീക്കി. സൂരജിന്‍റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും അതിന് ഒത്താശ ചെയ്തുകൊടുത്തു. എന്നാല്‍ കേരളത്തിന്‍റെ കുറ്റകൃത്യ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ പാമ്പോനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുക എന്ന ഭീകര ദൗത്യം തന്‍റെ കിടക്ക പങ്കിടുന്ന ഭാര്യയുടെ മേല്‍ത്തന്നെ പ്രയോഗിക്കാന്‍ സൂരജ് തീരുമാനിച്ചു.

  • ആദ്യം തേടിയത് പാമ്പുപിടിത്തക്കാരെ

പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താം എന്ന തീരുമാനത്തിനു പിന്നില്‍ ആസുരബുദ്ധിയാണ് സൂരജ് പ്രയോഗിച്ചത്. ഒന്ന് കൊലപാതകമാണു നടന്നതെന്ന് ആരും സംശയിക്കില്ല. രണ്ട് ആരും തന്നെ സംശയിക്കില്ല. മൂന്ന് പിടിക്കപ്പെട്ടാലും വലിയ പരുക്കില്ലാതെ രക്ഷപ്പെടാം. പക്ഷേ, സൂര്യക്ക് പിഴച്ചത് അവിടെയാണ്. എല്ലാം കണക്കുകൂട്ടിയിടത്തു തന്നെ ആദ്യം വന്നെങ്കിലും പിന്നീടുള്ള പെരുമാറ്റത്തില്‍ അയാളെ പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു.

പദ്ധതി നടപ്പാക്കാന്‍ പാമ്പുപിടിത്തക്കാരെയാണ് ആദ്യം സൂരജ് അന്വേഷിച്ചത്. പല കേന്ദ്രങ്ങളിലും ഈ അന്വേഷണം നടത്തിയിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചു. ഒടുവിലാണ് പരിചയക്കാര്‍ മുഖേന ചാത്തന്നൂര്‍ ചാവരുകാവ് സ്വദേശി സുരേഷ് എന്ന പാമ്പാട്ടിയിലേക്ക് അന്വേഷണമെത്തിയത്. കളവുകള്‍ പറഞ്ഞ് ആദ്യം സൂരജ് ഒരു അണലിയെ വിലകൊടുത്തു വാങ്ങി. കുപ്പിയില്‍ പറക്കോട്ടുള്ള വീട്ടില്‍ പാമ്പിനെ എത്തിക്കുകയായിരുന്നു. രാത്രി ഉത്ര ഉറങ്ങിയപ്പോള്‍ സൂരജ് എഴുന്നേറ്റ് കുപ്പിയില്‍ നിന്നു അണലിയെ അവളുടെ കാലിലേക്ക് ഇറക്കിവിട്ടു. ഇഴഞ്ഞുമാറുന്നതിനു മുന്‍പ് പാമ്പിനെ പ്രകോപിപ്പിച്ചു കടിപ്പിക്കുകയും ചെയ്തു.

കടിയേറ്റ് ഉറക്കമുണര്‍ന്ന ഉത്ര വേദന കൊണ്ടു പുളഞ്ഞെങ്കിലും ആദ്യം സൂരജ് കാര്യമാക്കിയില്ല. വിഷം ശരീരത്തില്‍ വ്യാപിച്ചു എന്നുറപ്പാക്കിയ ശേഷം വീട്ടുകാരെ വിളിച്ചുണര്‍ത്തി ഉത്രക്ക് പാമ്പ്കടിയേറ്റ വിവരം അറിയിച്ചു. അവരുടെ സഹായത്തോടെ ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്ഡകി. ചെലവെല്ലാം ഉത്രയുടെ വീട്ടുകാരാണ് വഹിച്ചത്. ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷം ഉത്ര ജീവിതത്തിലേക്കു തിരികെയെത്തി. സൂരജിന് അതു വലിയ ഷോക്കായിരുന്നു. പക്ഷേ, മനഃസാക്ഷി മരവിച്ചുതന്നെ കിടന്നു. ഇനിയെന്ത് എന്നായിരുന്നു പിന്നീടുള്ള ആലോചന.

  • രണ്ടാമത്തെ ശ്രമം ഫലിച്ചു, പാമ്പ് പോലും പേടിച്ചു

ഉത്ര മരിച്ചില്ല എന്നത് സൂരജില്‍ വലിയ പ്രശ്നങ്ങളാണുണ്ടാക്കിയത്. പക കൂടി. അത് അയാളെ കൊണ്ടെത്തിച്ചത് വീണ്ടും സുരേഷിന്‍റെ പക്കല്‍ത്തന്നെയായിരുന്നു. ഇത്തവണ ആവശ്യപ്പെട്ടത് മൂര്‍ഖനെ ആയിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും ഉഗ്ര വിഷമുള്ള കരിമൂര്‍ഖനെത്തന്നെ പിന്നീട് അയാള്‍ സൂരജിനു കൈമാറി. ഈ പാമ്പിനെ വാങ്ങുമ്പോള്‍ ഉത്ര അവളുടെ അഞ്ചലിലെ വീട്ടിലായിരുന്നു. വീട്ടിലെല്ലാവര്‍ക്കും ഐസ് ക്രീമും മറ്റ് പലഹാരങ്ങളുമായെത്തിയ സൂരജിന്‍റെ ബാഗില്‍ കരിമൂര്‍ഖനുമുണ്ടെന്ന് ആരും അറിഞ്ഞതേയില്ല. രാത്രി അത്താഴം കഴിച്ച്, സൂരജ് നല്‍കിയ ഐസ്ക്രീമും കഴിച്ച് എല്ലാവരും ഉറങ്ങാന്‍ കിടന്നു. അര്‍ധരാത്രിയോടെ സൂരജിലെ വിഷപ്പാമ്പും പത്തി വിടര്‍ത്തി. ബാഗില്‍ സൂക്ഷിച്ചിരുന്ന കുപ്പിയില്‍ നിന്ന് അയാള്‍ കരിമൂര്‍ഖനം പഴയതു പോലെ ഉത്രയുടെ ശരീരത്തിലേക്കു കടത്തി വിട്ടു. പക്ഷേ, ദയ തോന്നിയ പമ്പ് അവളെ കടിക്കാതെ നിലത്തേക്കിഴഞ്ഞു. അതിനെ തിരികെ ഉത്രയുടെ ദേഹത്തേക്കു തന്നെ തിരികെക്കയറ്റി, പ്രകോപിപ്പിച്ചു കടിപ്പിച്ചു. എന്നിട്ടു പാമ്പിനെ നിലത്തെത്തിച്ച് സൂരജും കട്ടിലി‍ല്‍ കിടന്നു.

അടുത്ത ദിവസം രാവിലെ ഉത്ര ഉണരാന്‍ വൈകിയപ്പോളാണ് അമ്മ തിരക്കിയെത്തിയത്. അപ്പോഴേക്കും ശരീരമാകെ വിഷം കയറി നി നിറമായിരുന്നു. പക്ഷേ അപ്പോഴും അവള്‍ക്കു ജീവനുണ്ടായിരുന്നു. ഉത്രയെ വീണ്ടും പാമ്പ് കടിച്ചെന്ന് സൂരജ് തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. അലമാരയുടെ കീഴില്‍ നിന്ന് പാമ്പിനെ കണ്ടെത്തയതും അയാള്‍ തന്നെയായിരുന്നു. രണ്ടാമതും സര്‍പ്പദംശമേറ്റത് ദുര്‍വിധിയാണെന്നു കരുതിയ ഉത്രയുടെ മാതാപിതാക്കള്‍ക്ക് സൂരജിന്‍റെ തുടര്‍ന്നുള്ള പെരുമാറ്റത്തില്‍ സംശയം തോന്നി. അതു ക്രമേണ വളര്‍ന്നു പൊലീസ് കേസായി. ചോദ്യം ചെയ്യലില്‍ സൂരജ് തുറന്നു സമ്മതിച്ചു, “അതു ഞാനാണ് ചെയ്തത്. രണ്ടു തവണ പാമ്പ്നെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതു താന്‍ മാത്രമാണ്.”

പ്രതിയുടെ കുറ്റസമ്മതം, സാക്ഷികള്‍, രേഖകള്‍,പാമ്പിന്‍റെ ജഡമടക്കം തൊണ്ടിസാധനങ്ങള്‍. ഉത്ര വധക്കേസിന്‍റെ അസാധാരണത്വം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് ഇത്രയും തെളിവുകള്‍. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാല്‍ സൂരജിനെ കാത്തിരിക്കുന്നത് വധ ശിക്ഷ വരെ. സൂരജിന്‍റെ അമ്മ രേണുക, അച്ഛന്‍ സുരേന്ദ്രന്‍, സഹോദരി സൂര്യ, എന്നിവരും പ്രതികളാണ്. അവരുടെ ശിക്ഷയും തിങ്കളാഴ്ച അറിയാം.രണ്ടാം പ്രതി പാമ്പ്പിടിത്തക്കാരന്‍ സുരേഷ് കേസിലെ മാപ്പ് സാക്ഷിയാണ്.

Related posts

Leave a Comment