യു.പിയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശും

ന്യൂ ഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്. സഖ്യത്തിനില്ലെന്ന് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തനിച്ച് മത്സരിച്ച് പാർട്ടി അധികാരത്തിലെത്തുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ്കുമാർ ലല്ലു പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ മേൽനോട്ടത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. അവരുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും. യു.പി ഗവൺമെന്റിന്റെ പ്രധാന എതിരാളി കോൺഗ്രസാണെന്നും മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കാൻ കഴിഞ്ഞെന്നും ലല്ലു അവകാശപ്പെട്ടു.

സംസ്ഥാനത്ത് മാറ്റത്തിന്റെ ചിറകടികൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. യു.പിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശും. അതിന്റെ പേര് പ്രിയങ്ക ഗാന്ധിയെന്നാണെന്നും ലല്ലു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണ് എന്നത് പാർട്ടി ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. യു.പി ജനത പ്രതീക്ഷയോടെയാണ് കോൺഗ്രസിനെ കാണുന്നത്. പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തൃപ്തരാണ്. യു.പിയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അജയ്കുമാർ ലല്ലു പറഞ്ഞു.

Related posts

Leave a Comment