നടപടി ഇത് രണ്ടാം തവണ ; രോഷം തീര്‍ത്തത് മാധ്യമ പ്രവര്‍ത്തകരോട് ; ഒന്നും പറയാനില്ലെന്ന് സുധാകരൻ

തിരുവനന്തപുരം:ഇത് രണ്ടാം തവണയാണ് ജി. സുധാകരന്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നത്.2002ല്‍ ആലപ്പുഴ ജില്ലകമ്മറ്റിയിലേക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സുധാകരനെതിരെ സി.പി.എം നടപടിയെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇത്തവണ നടപടി നേരിട്ട ഏറ്റവും മുതിര്‍ന്ന നേതാവാണ് സുധാകരന്‍.ഇന്നലത്തെ യോഗത്തില്‍ പൂര്‍ണമായും പങ്കെടുത്ത സുധാകരന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളില്‍ വിശദീകരണം നല്‍കി. ഇതിന് ശേഷമാണ് നടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. നിലവില്‍ 73കാരനായ പാര്‍ട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരന്‍. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയില്‍ തുടരാനാകൂ. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ചര്‍ച്ച പൂര്‍ത്തിയാക്കി സംസ്ഥാന സമിതി യോഗം സമാപിച്ചു.

എകെജി സെന്ററിലെ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരന്‍ തന്റെ രോഷം തീര്‍ത്തത് മാധ്യമ പ്രവര്‍ത്തകരോട്.ജി സുധാകരന്റെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരുടെ പക്കലുള്ള മൈക്ക് തട്ടിമാറ്റിയാണ് സുധാകരന്‍ കാറിലേക്ക് കയറിയത്.തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്‌റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു’ ഗസ്റ്റ്ഹൗസിലെത്തിയ മാധ്യമങ്ങളോട് ജി. സുധാകരന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി. സുധാകരന്‍ നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ജി. സുധാകരന്‍ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.
ഇന്നലെ രാവിലെയും ഇദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

Related posts

Leave a Comment