‘ഉസ്താദ്’ – ഷബീബ്. പി. കെ ; ചെറുകഥ വായിക്കാം

എഴുത്തുകാരനെ പരിചയപ്പെടാം

ഷബീബ്. പി. കെ
ഡോക്ടർ , എഴുത്തുകാരൻ

ഉസ്താദ്

ഇശ ജമാഅത്ത് കഴിഞ്ഞ് ഇറങ്ങിയ ഉടനെ ഉസ്താദ് അയമ്മുവിന്റെ പലചരക്കു കടയിലേക്ക് ധൃതിയിൽ നടന്നു

“നാളത്തെ ബാങ്ക് ഒന്ന് വിളിക്കണം. ഞാൻ മോളെ കൊണ്ടൊരാൻ പോവാ “

“ഉച്ച കഴിഞ്ഞാൽ കടയിൽ തിരക്കാവും. പിന്നെ എങ്ങനാ”

“പറ്റൂലാന്ന് പറയരുത്. സുഖല്ലാത്ത കുട്ടിയല്ലേ. അതിനൊറ്റക്ക് ബസ് കയറി ഇറങ്ങാൻ കഴിയൂല്ല. ഇപ്പൊ തന്നെ ആറു മാസമായി പോയിട്ട്. വീട്ടിലെല്ലാർക്കും അവളെ കാണാൻ പൂതിയായിക്കണ്.”

“എന്നാൽ ഞാൻ ഏൽക്കാം. പിന്നെ മോള് ഡോക്ടറായി വരുമ്പോ ഞമ്മക്ക് മരുന്ന് വെറുതെ തരണം. “

“ഒക്കെ ഉണ്ടാകും അയമ്മു.”

ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് നിറയെ പിറ്റേന്നത്തെ യാത്രയേ കുറിച്ചുള്ള കാര്യങ്ങളായിരുന്നു.

“പാത്തു.. മദ്രസയിൽ നിന്ന് ഒരു ദിവസത്തെ ലീവ് കിട്ടിക്കണ്. ബാങ്ക് വിളിക്കാന്ന് അയമ്മു ഏറ്റക്ക്ണ്.”

“അൽഹംദുലില്ലാഹ്.. ആ ആടിനിത്തിരി വെള്ളം കാട്ടിട്ട് വേഗം ചോറ് വെയിച്ചോളി. നേരത്തെ കിടക്കാം. രാവിലെ പോകേണ്ടതല്ലേ “

അയാളെ മുട്ടിയിരുമ്മി ആട്ടിൻ കുട്ടി സ്നേഹം കാണിച്ചു.
“വല്യ മാഞ്ഞാളം ഒന്നും വേണ്ട. അധികം കളിച്ചാൽ നിന്റെ നെഞ്ചത്തും വെക്കും ഓള് കൊഴല്.”

“സുബ്ഹി നിസ്കാരം കഴിഞ്ഞ ഉടനെ ഇറങ്ങിക്കോളി… ഈ കറാമ്പൂവിന്റെ കവറെടുത്ത് വെച്ചോളി… ബസില് കുറേ പോരുമ്പോൾ ഓൾക്ക് തലവേദന വരും. അപ്പൊ ഇത് വായിലിട്ടാമതി.”

ജീവിതവും മരണവും മുഖാമുഖം കാണുന്ന
മെഡിക്കൽ കോളേജ് ജംഗ്ഷൻ.
സലാം ചൊല്ലിയവരോട് പ്രത്യഭിവാദ്യം ചെയ്ത് കൊണ്ട് അയാൾ തിരക്കിലൂടെ മുന്നോട്ടു നടന്നു.ഇരു ഭാഗത്തും വരിയൊപ്പിച്ചു നിൽക്കുന്ന വാക മരങ്ങൾ. നീണ്ടു കിടക്കുന്ന പാത.. അങ്ങേയറ്റത്ത് ഹോസ്റ്റൽ കെട്ടിടം. പുതിയ പെയിന്റൊക്കെ അടിച്ചു ഭംഗിയാക്കിയിരിക്കുന്നു.
മോൾടെ കല്യാണം ആകുമ്പോഴേക്ക് തന്റെ വീടും പെയിന്റ് അടിച്ചു പുത്തനാക്കണം. അയാൾ മനസ്സിൽ കണക്ക് കൂട്ടി. കൂട്ടാൻ വരുന്ന ദിവസം മോൾ ക്ലാസ്സിൽ പോകാറില്ല. മുകളിലെത്തെ റൂമിലെ അറ്റത്തെ ജനവാതിലും തുറന്ന് താൻ വരുന്നതും നോക്കിയിരിക്കും അവൾ…

ഹോസ്റ്റൽ വളപ്പിലേക്ക് കിടന്നപ്പോൾ തന്നെ ആ ജനൽ അടഞ്ഞു കിടക്കുന്നത് അയാൾ ശ്രദ്ധിച്ചു…
മുകളിലേക്ക് കയറി.. റൂംനമ്പർ.144….പൂട്ടി കിടക്കുന്നു….’റബ്ബേ.. എന്റെ കുട്ടിക്കിതെന്ത് പറ്റി… വരുമെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ ഫോണിൽ നിന്നും ഹോസ്റ്റലിലേക്ക് വിളിച്ചു പറഞ്ഞതാണല്ലോ…’

ഇവിടെ എവിടെങ്കിലും ഉണ്ടാകും. ഇത്തിരി കാക്കാം..
വിഷണ്ണനായി അയാൾ കോറിഡോറിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എല്ലാരും ക്ലാസ്സിൽ പോയതോണ്ടാവും റൂമുകളൊക്കെ അടഞ്ഞു കിടക്കുന്നു.. ആരോടാ ഒന്ന് ചോദിക്കാ.. അയാൾ പുറത്തേക്ക് നടന്നു..
ഉച്ച ഭക്ഷണ സമയമാകുമ്പോഴേക്കും ആരെങ്കിലും വരാതിരിക്കില്ല..
വഴിയരികിലുള്ള ചെറിയ ചായക്കടയുടെ മുന്നിലുള്ള ബെഞ്ചിൽ മേൽ അയാളിരുന്നു…
“ഒരു ചായ..”
ചായ കൊണ്ട് വെക്കുമ്പോൾ പണിക്കാരൻ ആരോടെന്നില്ലാതെ ഇങ്ങനെ പറഞ്ഞു… ” ഇപ്പോഴത്തെ പെൺകുട്ട്യാളെ ഓരോ കാര്യെ… എംബിബിസ് പഠിക്കാൻ വന്ന കുട്ടിയല്ലേ ഹോസ്റ്റൽ പെയിന്റ് അടിക്കാൻ വന്ന ആളുടെ കൂടെ ഒളിച്ചോടിയത്… അതും കാലിന് സുഖമില്ലാത്ത കുട്ടി.. “
അയാളുടെ കണ്ണിൽ ഇരുട്ട് കയറി….പിന്നെയും അവർ എന്തൊക്കെയോ പറഞ്ഞെങ്കിലും ഒന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല…
ബെൽറ്റിനടിയിൽ തിരുകി വെച്ചിരുന്ന കറാമ്പൂവിന്റെ കവറെടുത്തു അയാൾ ബെഞ്ചിന്റെ സൈഡിൽ വെച്ചു. കാശ് കൊടുത്ത് വേഗം ഇറങ്ങി നടന്നു…
അപ്പോൾ ളുഹർ ബാങ്കിന്റെ ശബ്ദം അന്തരീക്ഷത്തിൽ ഒഴുകി… അള്ളാഹു അക്ബർ… അള്ളാഹു അക്ബർ… അശ്ഹദു അല്ലാഇലാഹ ഇല്ലള്ളാ…..

Related posts

Leave a Comment