അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി

പെരിന്തല്‍മണ്ണ:കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന നെന്‍മിനിയിലെ സ്വകാര്യ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി.അഡ്വക്കറ്റ് യു.എ.ലത്തീഫ് എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു.
25 വര്‍ഷത്തോളമായി നെന്‍ മിനിയിലെ യങ്ങ് ഇന്ത്യാ എസ്‌റ്റേറ്റില്‍ കളനാശിനി പ്രയോഗം നടന്നു വരികയാണ്. ഇടയ്ക്കിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാറാണ് പതിവ്. റബ്ബറിന്റെ അടിക്കാടുകള്‍ നശിപ്പിക്കാനായി ഇപ്പോള്‍ സീ പവര്‍ എന്ന പേരിലുള്ള കളനാശിനിയാണ് ഉപയോഗിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ഒരു മാസം മുന്‍പാണ് കളനാശിനി പ്രയോഗം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.എസ്‌റ്റേറ്റിന്റെ ബാലനൂര്‍, ഭദ്ര ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മരുന്ന് പ്രയോഗമെന്നും നാട്ടുകാര്‍ പറഞ്ഞു.ഈ മലമുകളില്‍ നിന്നും ഉല്‍ഭവിക്കുന്ന 20 ലേറെ ചോലകളാണ് ജനവാസ മേഖലയിലൂടെ ഒഴുകുന്നത്. മരുന്ന് പ്രയോഗത്തിലൂടെ ജല സ്രോതസ്സുകളില്‍ വിഷം കലര്‍ന്ന് മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.ഇതേ തുടര്‍ന്നാണ് സംയുക്ത സമരസമിതിക്ക് രൂപം നല്‍കി അനിശ്ചിതകാല ഉപരോധ സമരത്തിന് തുടക്കം കുറിച്ചത്. വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണും വരെ സമരം തുടരാനാണ് തീരുമാനം.
ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ച് നാട്ടുകാരുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത അഡ്വക്കറ്റ് യു.എ.ലത്തീഫ് എംഎല്‍എ പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയ തൊടി അധ്യക്ഷത വഹിച്ചു.അംഗങ്ങളായ ടി.പി.രജീഷ്, ഷിഹാബ് വയങ്കര, ജമീല ചോലക്കല്‍, കണ്‍വീനര്‍ എന്‍.ജെ.ബാബു, കെ.ടി.മാനു, പി.രാധാകൃഷ്ണന്‍, എ.പി.സിദ്ധീഖ്, സി.ബാലകൃഷ്ണന്‍, പി.അയ്യൂബ്, ഒ.ബിജു, പി.ഹനീഫ, ഇബ്രാഹീം ഒറക്കോട്ടില്‍, അഷ്‌റഫ് പുളിക്കാത്തൊടി, ഉമ്മര്‍ ഹത്താബ് ചോലക്കല്‍, ഗോപിനാഥന്‍ കാരപ്പള്ളി, വി.ഹംസ, അസീസ് തെക്കോടന്‍, കെ. നിസാര്‍ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

Related posts

Leave a Comment