വീടിനുള്ളില്‍ നിന്നും അസാധാരണ ശബ്ദം : ഭൂമി കുലുക്കമെന്ന ഭീതിയില്‍ വീട്ടുകാര്‍

കോഴിക്കോട് : വീടിനുള്ളില്‍ നിന്നും ഇടിവെട്ടു പോലെ അസാധാരണ ശബ്ദമുണ്ടാകുന്നതിന്റെ ഭീതിയില്‍ കുടുംബാംഗങ്ങള്‍.പറമ്പില്‍ ബസാര്‍ പോലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം തെക്കേ മാരാത്ത് ബിജുവിന്റെ വീട്ടിനുള്ളില്‍ നിന്നാണ് ഇടവിട്ട് ഭൂമിയില്‍ നിന്നും മുഴക്കം പോലെയുള്ള ശബ്ദം ഉണ്ടാകുന്നത്.കഴിഞ്ഞ രണ്ടാഴ്ച കാലമായി രാത്രിയും പകലും ഇടവിട്ട് ഭൂമിയില്‍ നിന്നും മുഴക്കം ഉണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ബിജുവും കുടുംബവും ഭീതിയിലായി. തുടര്‍ന്ന് സംഭവം വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീടും പരിസരവും പരിശോധിക്കുകയും ശബ്ദം അനുഭവിച്ചറിഞ്ഞതോടെ ജിയോളജി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.ഒന്നിടവിട്ട് ശബ്ദം ഉണ്ടാകുമ്പോള്‍ വീടിനുള്ളില്‍ പാത്രങ്ങളില്‍ സൂക്ഷിക്കുന്ന വെള്ളം വരെ തുളുമ്പുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട് നിര്‍മ്മിച്ച് അഞ്ച് വര്‍ഷമായി ഇവിടെ താമസിച്ചു വരുന്നുണ്ട്. മുകള്‍ നിലയിലേക്കുള്ള പ്രവൃത്തി അടുത്താണ് പൂര്‍ത്തീകരിച്ചത്. എന്നാല്‍ അഞ്ചു വര്‍ഷ കാലയളവില്‍ ഇത്തരം ശബ്ദമോ മറ്റും ഉണ്ടായിട്ടില്ലെന്നാണ് ബിജു പറയുന്നത്. സമീപത്തുള്ള തറവാട് വീട്ടിലേക്കും ഈ ശബ്ദം കേള്‍ക്കുന്നുണ്ട്. എന്നാല്‍ ശബ്ദത്തിന്റെ ഉറവിടം കൃത്യമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്നാണ് ഫയര്‍ഫോഴ്‌സും മറ്റു അധികൃതരും വ്യക്തമാക്കുന്നത്. അതേ സമയം ഇവരുടെ വീടിന് മുകളിലായുള്ള സ്ഥലത്ത് ഭൂമി ജെ സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയിട്ടുണ്ട്.രണ്ടാഴ്ചയായി ഇവിടെ മണ്ണിടിച്ച് നിരത്തുന്ന പ്രവൃത്തി തുടരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രതിഭാസമാണോയെന്നും അധികൃതര്‍ പരിശോധിച്ച് വരുകയാണ്. ഈ പ്രദേശത്തിന്റെ സമീപത്ത് തന്നെ ആഞ്ഞിലോറയെന്ന കുന്നും സ്ഥിതി ചെയ്യുന്നുണ്ട്. ബിജുവും ഭാര്യയും മാതാവും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. സ്ഥലത്ത് കുരുവട്ടൂര്‍ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

Related posts

Leave a Comment