വായിക്കപ്പെടാത്ത വരികള്‍-അലി പൊന്നാനി ; കവിതവായിക്കാം

വായിക്കപ്പെടാത്ത വരികള്‍അലി പൊന്നാനി

ദാഹത്തെ കുറിച്ചെഴുതുമ്പോള്‍ അകാലത്തില്‍
മൃതിയടഞ്ഞ ഒരു പുഴയുടെ ആത്മാവെന്നെ നോക്കി
നെടുവീര്‍പ്പിടുന്നു.

അവസാന തുള്ളിയും അപ്രത്യക്ഷമാകെ
ഭൂമിയുടെ മാറില്‍ വിധിയെന്നെഴുതി
നിത്യതയിലാണ്ടുപോയ ഒരു പേരില്ലാപ്പുഴ…!!

ദാഹത്തെ കുറിച്ചെഴുതുമ്പോള്‍ വസന്തത്തെ ഗര്‍ഭം ധരിച്ച്
നിറയെ പൂക്കളെ പെറ്റ ഒരു മരം ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍
വിതുമ്പുന്നു.

ഒരു തുള്ളി നീരിനായ്‌ മാനത്തേയ്ക്ക്
വേരുകളുയര്‍ത്തിക്കരഞ്ഞ ജീവന്‍റെ അവസാന ചിത്രം…!!

ദാഹത്തെ കുറിച്ചെഴുതുമ്പോള്‍
തണല്‍ നഷ്ട്ടപ്പെട്ട ഒരുകൂട്ടം മണ്ണിന്‍റെ മക്കളുടെ
നിലവിളികളെന്നെ അസ്വസ്ഥനാക്കുന്നു.

വൈക്കോല്‍ പുതച്ചുറങ്ങുന്ന വിണ്ടുകീറിയ
വയലുകളില്‍ നാല്‍ക്കാലികളുടെ അസ്ഥിപഞ്ചരങ്ങള്‍ക്ക്
കാവലിരിക്കുന്ന കറുത്ത പേക്കോലങ്ങള്‍…!!

ദാഹത്തെ കുറിച്ചെഴുതുമ്പോള്‍ ഒരമ്മയുടെ
തോരാത്ത കണ്ണുകളിലെ തീജ്ജ്വാലകളെന്നെ ഭയപ്പെടുത്തുന്നു.
വെറിപൂണ്ട ചെന്നായ്ക്കള്‍ കടിച്ചു തുപ്പിയ
കുരുന്നു പെണ്ണുടലില്‍ ജീവന്‍ തിരയുന്ന
പെറ്റവയറിന്‍റെ വിലാപം…!!!

ദാഹത്തെ കുറിച്ചെഴുതുമ്പോള്‍
കൂരിരുളിലെ കനല്‍ക്കെടാത്ത
ഒരു ചിതയെന്‍റെ ചിന്തകളില്‍
ഭീതി നിറയ്ക്കുന്നു.
കൂട്ടാളികളാല്‍ വീതിച്ചെടുക്കപ്പെട്ട
ചാരിത്ര്യത്തിന്‍റെ ചോരപടര്‍ന്ന ഒരു ഭൂപടം…!!

Related posts

Leave a Comment