സർവകലാശാലകളിലെ അഴിമതി: ​ഗവർണർ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വിസി നിയമനങ്ങളിലടക്കം വൻ അഴിമതിയെന്ന ആരോപണത്തിൽ ഇടപെട്ട് ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. അഴിമതി തുടർന്നാൽ ചാൻസിലർ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് ​ഗവർണർ മുഖ്യമന്ത്രിക്കു രേഖാമൂലം കത്ത് നൽകി. സർവകലാശാലകളിൽ നടത്തുന്ന രാഷ്‌ട്രീയ അഴിമതികളുടെ പേരിൽ ഒരു ​ഗവർണർ ചാൻസിലർ സ്ഥാനത്തു നിന്നു രാജി സന്നദ്ധത അറിയിക്കുന്നത് രാജ്യത്ത് തന്നെ അത്യപൂർവമാണ്. കേരളത്തിൽ ഇതാദ്യവും.
സർവകലാശാലകളിൽ സർക്കാർ നടത്തുന്ന ഇടപെടലുകളിൽ ​ഗവർണർ കടുത്ത എതിർപ്പ് അറിയിച്ചു. കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയ ഗവർണറുടെ നടപടി സർക്കാരിനെയും വെട്ടിലാക്കി. അതേ സമയം, പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ ഉയർന്ന തസ്തികകളിൽ നിയമനങ്ങൾ നൽകിയും അർഹതയുള്ളവരെ തഴഞ്ഞും സിപിഎം നടത്തുന്ന ഭരണ ഭീകരതയ്ക്കെതിരേ ഇടതു മുന്നണിയിലും മുറുമുറുപ്പ്. സിപിഐ പ്രാദേശിക ഘടകങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
സർവകലാശാലകളിലെ അഴിമതികൾക്കെതിരേ ​ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. അഴിമതി തുടർന്നാൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി രാജി വയ്ക്കമാമെന്ന് ​ഗവർണർ മുന്നറിയിപ്പു നൽകി. സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തിൽ ഗവർണർ പറയുന്നു. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
ഗവർണർ ആദ്യം എതിർപ്പ് അറിയിച്ച് കത്ത് നൽകിയത് നാല് ദിവസം മുമ്പാണ്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ സർക്കാരിൻറെ അനുനയശ്രമമായിട്ടുള്ള ഈ മറുപടി തള്ളി രണ്ടാം കത്ത് ഗവർണർ ഇന്നലെ നൽകി. ഇതേത്തുർന്ന്, ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിൽ എത്തി. അനുനയത്തിന് സകലശ്രമവും നടത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല. ഇതോടെ, സർക്കാരും ഗവർണറും തമ്മിലുടലെടുത്ത അസാധാരണപ്രതിസന്ധി തുടരുകയാണ്.
ഇതോടൊപ്പം കാലടി സംസ്കൃതസർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും ഗവർണറുടെ പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.
വൈസ് ചാൻസലറും, പ്രോ വൈസ് ചാൻസലറും ഒരേസമയം വിരമിക്കുന്നത് കാലടി സംസ്കൃത സർവകലാശാലയിൽ ഇതാദ്യമാണ്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജിനാണ് സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുടെ അധികചുമതല.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് അതേസർവകലാശാലയിൽ കാലാവധി നീട്ടി പുനർനിയമനം നൽകുന്നത്. കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനർനിയമനം നൽകി കത്ത് നൽകിയത്.

Related posts

Leave a Comment