വീണ്ടും വിവാദ നിയമനം ;ചട്ടങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് കേരള സർവകലാശാലയിൽ നിയമനം .

തിരുവനന്തപുരം:ചട്ടങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സർവകലാശാലയുടെ മലയാള മഹാനിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ചത് വിവാദമാകുന്നു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സർവകലാശാല അനധികൃത നിയമനം നടത്തിയതെന്നും ആക്ഷേപം.

മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു (ലെക്സിക്കൺ) എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ. മോഹനൻറെ ഭാര്യ ഡോ: പൂർണിമ മോഹനെയാണ് ഈ തസ്തികയിൽ നിയമിച്ചത്.

കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ പൂർണിമ മോഹന് മലയാളഭാഷയിൽ പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോയില്ല എന്ന് ബോധ്യപ്പെട്ടുതന്നെയാണ് ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങി ചട്ടങ്ങൾ പാലിക്കാതെ സർവകലാശാല ഈ അനധികൃത നിയമനം നടത്തിയതെന്ന പരാതിയുമുയർന്നിട്ടുണ്ട്. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസറെ ചുമതലയിൽ നിന്ന് നീക്കിയാണ് വിവാദനിയമനം നടത്തിയിട്ടുള്ളത്.

കേരള സർവകലാശാലയിലെ മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കി മലയാള ഭാഷയിൽ യാതൊരു പരിജ്ഞാനവുമില്ലാത്ത ഒരു സംസ്കൃത അധ്യാപികയെ മലയാള നിഘണ്ടു എഡിറ്ററുടെ ഉന്നത തസ്തികയിൽ നിയമിച്ചതിൽ മലയാളം പ്രൊഫസർമാർക്ക് അമർഷമുണ്ട് .സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൻഷൻ പരിഷ്കരണം പോലും സർവകലാശാല നിർത്തിവച്ചിരിക്കുമ്പോഴാണ് പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവിൽ നിയമനം നടത്തിയതെന്നും ശ്രദ്ധേയമാണ്.

സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി മലയാള ഭാഷയിൽ യാതൊരു പ്രാവീണ്യമില്ലാത്ത ഒരു സംസ്കൃത അധ്യാപികയെ മലയാള മഹാനിഘണ്ടുവിൻറെ മേധാവിയായി നിയമിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയും ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.

Related posts

Leave a Comment